വിഷൻ 2031 ; നവകേരളത്തിലേക്ക് ദിശാസൂചിക

ലോകത്തെ അതിശയിപ്പിക്കുന്ന ജനപക്ഷ വികസനബദലുകൾ കാഴ്‌ചവച്ച കേരളം, രൂപീകരണത്തിന്റെ 75–ാംവാർഷികത്തിൽ എങ്ങനെയൊക്കെ മാറണം. നവകേരളത്തിന്റെ അടുത്തഘട്ടം വികസനകാഴ്‌ചപ്പാടിന് രൂപംനൽകാനുള്ള വിഷൻ 2031 അന്താരാഷ്‌ട്ര സമ്മേളനം ഇൗ വഴിക്കുള്ള ദിശാസൂചികയാണ്.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031–വികസനവും ജനാധിപത്യവും’ വിഷയത്തിൽ മൂന്നുദിവസമായി തലസ്ഥാന നഗരിയിൽ നടന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നായി രാഷ്‌ട്രീയ, സാമൂഹ്യ നേതാക്കളും വിദഗ്‌ധരും ഉൾപ്പെടെ നാലായിരത്തോളംപേർ പങ്കെടുത്തു. ജില്ലാതല സെമിനാറുകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ ക്രോഡീകരണത്തിനൊപ്പം സംസ്ഥാനതലത്തിൽ 18 വിഷയങ്ങളിലായി സെമിനാറുകളും നടന്നു.
അതത് കാലത്തെ വെല്ലുവിളികൾ അതിജീവിച്ച്, അതിശയപ്പെടുത്തിയ നേട്ടങ്ങൾ കേരളം എങ്ങനെ കൈവരിച്ചു എന്ന വിലയിരുത്തൽ അടുത്തഘട്ടം വളർച്ചയ്‌ക്ക് വേഗംപകരാനുള്ള നിർദേശങ്ങളിലേക്ക് വഴിതുറന്നു. സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും അധിഷ്‌ഠിതമായ സുസ്ഥിരവികസനം കേരളം എങ്ങനെ കൈവരിച്ചു എന്ന് അതത് മേഖലയിലെ വിദഗ്‌ധർ വിലയിരുത്തിയത് ശ്രദ്ധേയമായി. അധികാരവികേന്ദ്രീകരണം തദ്ദേശഭരണ സ്ഥാപനങ്ങളെ സ്വയംപര്യാപ്‌തമാക്കുകമാത്രമല്ല, ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കിയതും ചർച്ചയായി. ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യമികവ്, സാമൂഹികസുരക്ഷ, വികേന്ദ്രീകൃതാസൂത്രണം തുടങ്ങിയ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറിയാണ് കേരളം സുസ്ഥിരവികസന സൂചികയിൽ ഒന്നാമതായത്.
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ച കേരളം, അടുത്തഘട്ടത്തിൽ ദരിദ്രരില്ലാത്ത സംസ്ഥാനമാകാനുള്ള ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും സമ്മേളനം ചർച്ച ചെയ്‌തു. ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തൊഴിൽ, ഐടി എന്നീ മേഖലകളിലെ അടുത്തഘട്ടം എങ്ങനെയാകണമെന്നും സമ്മേളനം ചർച്ച ചെയ്‌തു.
രാജ്യത്തെ ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസുരക്ഷ എന്നീ മേഖലകളിൽ കൈവരിച്ച അതിശയിപ്പിക്കുന്ന നേട്ടം വികസനകാഴ്‌ചപ്പാടിന്റെ വിജയമാണെന്നും വിഖ്യാത സാന്പത്തികശാസ്‌ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ പറഞ്ഞത് പ്രസക്തമാണ്. സാമൂഹ്യനീതിയിൽ അടിസ്ഥാനമായ സാന്പത്തികവികസനമാണ് ഇവിടെ നടക്കുന്നതെന്നും ഏതു മാനദണ്ഡംവച്ച് നോക്കിയാലും കേരളത്തിന്റേത് മികച്ച ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അതു തുടരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യരും പറഞ്ഞു. ചരിത്രകാരി റൊമില ഥാപ്പർ, പോഷകാഹാര വിദഗ്‌ധ ഡോ. ശകുന്തള തിൽസ്‌റ്റെഡ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള തുടങ്ങിയവരും കേരള വികസന മാതൃകയുടെ സവിശേഷതകൾ എടുത്തുപറഞ്ഞു. മതനിരപേക്ഷതയും സാമൂഹിക ഐക്യവും കേരളത്തിന്റെ സുസ്ഥിരവികസനത്തിന്റെ അടിത്തറയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചു.
സാന്പത്തികസ്രോതസ്സുകൾ പരിമിതപ്പെടുത്തുന്ന കേന്ദ്രനയങ്ങൾക്കിടയിലും കേരളം കൈവരിച്ച നേട്ടങ്ങൾ വിദഗ്‌ധർ എടുത്തുപറയുന്പോൾ, ഭൂപരിഷ്‌കരണം ഉൾപ്പെടെ ജനപക്ഷനയങ്ങൾക്ക് രൂപംനൽകിയ ആദ്യ സംസ്ഥാന സർക്കാരിന്റെ സംഭാവനയും സ്‌മരണീയമാണ്. അധികാരവികേന്ദ്രീകരണത്തിൽ ഉൾപ്പെടെ മാർഗനിർദേശകമായി മാറിയ, അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസുകളുടെ നിർദേശങ്ങളും എടുത്തുപറയേണ്ടതാണ്.
ഏതൊരു വികസന നയരൂപീകരണചർച്ചകളും ഫലപ്രാപ്‌തിയിൽ എത്തണമെങ്കിൽ അതു നടപ്പാക്കാനുള്ള തുടർസംവിധാനങ്ങൾ വേണം. വിഷൻ 2031ലെ നിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾക്ക് രൂപംനൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നവകേരളത്തിന്റെ അടുത്തഘട്ട വികസനം ഉറപ്പുതരുന്നു. യോഗ്യമായ ആശയങ്ങളെ പ്രോജക്ടുകളാക്കി നടപ്പാക്കും. നിയമനിർമാണം ആവശ്യമായ കാര്യങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കും. പഠനവും ഗവേഷണവും ആവശ്യമായ നിർദേശങ്ങളിൽ വിശദ റിപ്പോർട്ട് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനും സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ തുടർവികസനത്തിനും ക്ഷേമത്തിനും വിഷൻ 2031 നിർദേശങ്ങൾ സഹായകമാകുമെന്ന് ഉറപ്പാണ്.










0 comments