ad
Deshabhimani

print edition രാജികൊണ്ടും തീരാത്ത 
നിയമന ദുരൂഹത

editorial.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 15, 2026, 12:01 AM | 2 min read

അധികാരത്തിലേറി ഒരുമാസം തികയുന്പോൾത്തന്നെ തുടർച്ചയായ വിവാദങ്ങളിലും ഭരണവീഴ്‌ചകളിലും മുങ്ങിത്താഴുകയാണ് വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്കു മുന്നിൽ വാഗ്‌ദാനങ്ങളുടെ പെരുമഴ പെയ്യിച്ച് അധികാരത്തിലെത്തിയ സർക്കാർ, ഭരണത്തിന്റെ ആദ്യ നാളുകളിൽത്തന്നെ സ്വജനപക്ഷപാതത്തിന്റെയും ദുരൂഹ നിയമനങ്ങളുടെയും രാഷ്‌ട്രീയ ഒത്തുകളികളുടെയും പേരിൽ പ്രതിരോധത്തിലായിരിക്കുകയാണ്. സുപ്രധാന ചുമതലകളിലേക്ക് നിയമിക്കപ്പെട്ട രണ്ടുപേർ എട്ട്‌ ദിവസത്തിനിടയിൽ രാജിവയ്‌ക്കേണ്ടി വന്നത് സർക്കാരിന്റെ ഭരണപരമായ അപക്വതയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്നതാണ്. ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിക്കപ്പെട്ട കെ ബി പ്രദീപിന്റെ രാജി വ്യക്തിയുടെ പിന്മാറ്റം മാത്രമല്ല; സർക്കാരിന്റെ വീഴ്‌ചയുടെ ഉദാഹരണമാണ്‌. നിയമന ഉത്തരവിറങ്ങി 48 മണിക്കൂർ തികയുംമുമ്പ് രാജിവയ്‌ക്കേണ്ടിവന്നത്, നിയമനം എത്രത്തോളം തെറ്റായിരുന്നെന്നതിന്റെ തെളിവാണ്.


​ശബരിമല സ്വർണക്കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകനെ അതേ കേസിൽ ദേവസ്വം വകുപ്പിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട സ്ഥാനത്തേക്ക് നിയമിച്ചത് ഗുരുതര നിയമപ്രശ്നംകൂടിയാണ്‌. ഇന്ത്യൻ ബാർ കൗൺസിലിന്റെ ചട്ടങ്ങളും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഇത്തരം നിയമനങ്ങളെ വ്യക്തമായി വിലക്കിയിട്ടുണ്ട്. നിയമത്തിൽ വലിയ പ്രാവീണ്യമുണ്ടെന്ന്‌ അവകാശപ്പെടുന്ന മുഖ്യമന്ത്രി വി ഡി സതീശന് ഇത് അറിയാതിരിക്കാനാകില്ല. അതിനാൽ ഈ നിയമനം വെറും അശ്രദ്ധയോ പിഴവോ ആയി മാത്രം കാണാനാകില്ല. ദേവസ്വം പ്ലീഡറെ രാജിവയ്‌പിച്ച് കൈകഴുകുന്നതിലൂടെ ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രിക്ക്‌ രക്ഷപ്പെടാനാകില്ല. ദുരൂഹനിയമനങ്ങൾക്കു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയാണ്. ഇത്തരമൊരു നിയമനം ആരുടെ താൽപ്പര്യപ്രകാരമാണ് നടന്നത്, ഏത് നടപടിക്രമങ്ങളിലൂടെയാണ് അത് കടന്നുപോയത്, ആരൊക്കെയാണ് അതിന് ഉത്തരവാദികൾ എന്നീ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണം.


​കോൺഗ്രസിന്റെ സമുന്നത നേതാക്കളുമായി അടുത്തബന്ധമുള്ളവരാണ്‌ ശബരിമല സ്വർണക്കേസിലെ മുഖ്യപ്രതികൾ. ഇതുമായി ബന്ധപ്പെട്ട്‌ വ്യക്തമായ തെളിവുകൾ പുറത്തുവന്നിരുന്നു. കുറ്റപത്രം നൽകാനിരിക്കെ കേസിലെ മുഖ്യപ്രതികളിലൊരാളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യൽ പ്ലീഡറായി നിയമിച്ച മുഖ്യമന്ത്രിയുടെ നടപടി സംശയകരമാണ്‌. ദേവസ്വംമന്ത്രി കെ മുരളീധരന്റെ പരസ്‌പരവിരുദ്ധ പ്രതികരണങ്ങളും കൂടുതൽ സംശയം ജനിപ്പിക്കുന്നു. ആദ്യം നിയമനം മുഖ്യമന്ത്രിയുടെ തീരുമാനമാണെന്ന് പറഞ്ഞ മന്ത്രി പിന്നീട് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് പറഞ്ഞു. സ്വന്തം വകുപ്പിലെ സുപ്രധാന നിയമനം മന്ത്രി അറിയാതെയാണെങ്കിൽ അത് ഭരണഘടനാപരമായ പ്രശ്നമാണ്. അറിയാമായിരുന്നെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. ചുമതലയേറ്റതോടെ കേസുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പ്രദീപിന്‌ ലഭിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോൾ അന്വേഷിക്കപ്പെടേണ്ടത്. പ്രത്യേക അന്വേഷക സംഘത്തിന്റെ രേഖകൾ, ദേവസ്വം ബോർഡിന്റെ നിയമപരമായ നിലപാടുകൾ, കേസുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എന്നിവ അദ്ദേഹത്തിന്റെ കൈവശം എത്തിയിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. പ്രതിഭാഗവുമായി മുമ്പ് ബന്ധപ്പെട്ടിരുന്ന ഒരാൾക്ക് ഇത്തരം രേഖകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതം ഗുരുതരമാണ്‌.


​ഇതാദ്യമായല്ല യുഡിഎഫ് സർക്കാരിന് ഇത്തരമൊരു നാണക്കേട് നേരിടേണ്ടിവരുന്നത്. മന്ത്രി സണ്ണി ജോസഫിന്റെ അളിയനായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും ശക്തമായ വിമർശങ്ങൾക്കിടയാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്‌ ഒടുവിൽ ബെന്നി തോമസിന്‌ നാണംകെട്ട്‌ രാജിവയ്‌ക്കേണ്ടിവന്നു. അധികാരമേറ്റ്‌ ദിവസങ്ങൾക്കുള്ളിൽത്തന്നെ സ്വജനപക്ഷപാതവും ബന്ധുനിയമനവും സർക്കാരിന്റെ മുഖമുദ്രയായി മാറി. ജനങ്ങളോട് സുതാര്യതയും സദ്‌ഭരണവും വാഗ്‌ദാനം ചെയ്‌തവരാണ് ഇന്ന് ബന്ധുക്കൾക്കും താൽപ്പര്യക്കാർക്കും വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്നത്‌. ആർഎസ്‌എസുമായുള്ള ഒത്തുകളിമുതൽ ഭരണനടപടികളിലെ തുടർച്ചയായ പാളിച്ചകൾവരെ നിരവധി വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിലാണ്‌. ഇതിനിടെ പകർച്ചവ്യാധികൾ വ്യാപിക്കുന്നതും വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുകയാണ്. ജനങ്ങളുടെ ജീവനെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ അടിയന്തര ഇടപെടൽ നടത്തേണ്ട മന്ത്രിമാർ വിവാദങ്ങളിൽനിന്ന്‌ രക്ഷപ്പെടാനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. കെ ബി പ്രദീപിന്റെ രാജി അവസാനമല്ല, അത് പലവിധ ചോദ്യങ്ങളുടെ തുടക്കമാണ്. ആ ചോദ്യങ്ങൾക്ക് വ്യക്തവും വിശ്വാസയോഗ്യവുമായ മറുപടി നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home