തെരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 822 വോട്ട്
ഒറ്റരാത്രിയിൽ കുന്ദു ദമ്പതികളുടെ എൻസിപിഐ യിൽ ലയിക്കാന്‍ തൃണമൂൽ വിമതർ; ബംഗാളിൽ അപ്രതീക്ഷിത നീക്കങ്ങൾ

വിമതപക്ഷത്ത് ചേര്‍ന്ന തൃണമൂല്‍ എംപിമാര്‍ (Photo: ANI)
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിക്കെതിരെ കലാപക്കൊടി ഉയർത്തികൊണ്ട് വിമതപക്ഷത്ത് ചേർന്ന 20 തൃണമൂൽ എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) യിൽ ലയിക്കുന്നു. പശ്ചിമ ബംഗാളിൽ നിന്നുള്ള കുന്ദു ദമ്പതികൾ രൂപീകരിച്ച പാർടിയാണ് എൻസിപിഐ. പേരിന് മാത്രം സ്വാധീനമുള്ള എൻസിപിഐ ഒറ്റ രാത്രി കൊണ്ട് തൃണമൂൽ വിമത എംപിമാരുടെ പിന്തുണയോടെ രാഷ്ട്രീയത്തിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു.
തൃണമൂൽ വിമതരുടെ ലയനം നടക്കുന്നതോടെ തെരഞ്ഞെടുപ്പിൽ വെറും 822 വോട്ടുകൾ മാത്രം നേടിയ എൻസിപിഐയുടെ അംഗബലം പൂജ്യത്തിൽ നിന്ന് 20 എംപിമാരായി ഉയരും. ബിജെപി (240 എംപി), കോൺഗ്രസ് (99 എംപി), സമാജ്‌വാദി പാർട്ടി (37 എംപി), ഡിഎംകെ (22 എംപി) എന്നിവയ്ക്ക് പിന്നിൽ ലോക്‌സഭയിലെ അഞ്ചാമത്തെ വലിയ പാർടിയായി എൻസിപിഐ മാറും. എൻഡിഎ സർക്കാരിനോട് കൂറു പുലർത്തുന്നവരാണ് എൻസിപിഐ എന്നതാണ് മറ്റൊരു വസ്തുത.
തൃണമൂൽ കോൺഗ്രസിലെ പിളർപ്പിന് പിന്നിൽ ബിജെപി ഒത്തുകളിയാണെന്ന ആരോപണത്തെ ശരിവെയ്ക്കുന്നതാണ് ബംഗാളിലെ പുതിയ സംഭവ വികാസങ്ങൾ. ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബില്ലുകൾ പാസാക്കിയെടുക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങൾക്കാണ് ഇതോടെ വഴിയൊരുങ്ങുന്നത്. ലോക്‌സഭയിൽ 28 എംപിമാരുമായി നാലാമത്തെ വലിയ പ്രതിപക്ഷ പാർടിയായിരുന്ന ടിഎംസിയുടെ അംഗബലം ഇതോടെ വെറും ഒൻപതിലേക്ക് കുത്തനെ ചുരുങ്ങും.
2023 ജനുവരി 20-ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർടിയായി ഇതിനെ രജിസ്റ്റർ ചെയ്തെങ്കിലും, രൂപീകരണത്തിന് ശേഷം ഇതുവരെ ഒരൊറ്റ തെരഞ്ഞെടുപ്പിൽ മാത്രമാണ് എൻസിപിഐ പാർടി മത്സരിച്ചിട്ടുള്ളത്. 2023-ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലാണ് എൻസിപിഐ തങ്ങളുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിച്ചത്. അതിൽ ആകെ നേടിയത് 822 വോട്ടുകളാണ്. യാതൊരു ചലനവും ഉണ്ടാക്കാൻ സാധിക്കാതെ പോയ പാർടിയാണ് ഇന്ന് ലോക്‌സഭയിലെ അഞ്ചാമത്തെ വലിയ പാർടിയായി മാറാന്‍ ഒരുങ്ങുന്നത്.










0 comments