ഗുരുവായൂർ ദർശനം
വെർച്വൽ ക്യൂ സംവിധാനം വേഗത്തില്‍ നടപ്പാക്കും

..
ഗുരുവായൂര്‍
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് തിരക്ക് ഒഴിവാക്കാൻ വെർച്വൽ ക്യൂ സംവിധാനം വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനം. ദേവസ്വം മന്ത്രി കെ മുരളീധരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവോലകന യോഗത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി നാല് മാസം മുമ്പ് തീരുമാനിച്ചിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലമേറ്റെടുക്കൽ 9 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ഏറ്റെടുക്കല്‍ നടപടിയാണ് 9 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. യോഗത്തിന് ശേഷം മന്ത്രി കെ മുരളീധരനും ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥുമാണ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ച് പിടിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുക. ശബരിമലയിൽ നടപ്പാക്കിയ വെര്‍ച്വല്‍ ക്യൂ സംവിധാനം വിജയകരമാണ്. ക്ഷേത്ര വികസനത്തിന് ആവശ്യമായ മാസ്റ്റർ പ്ലാൻ പൂര്‍ത്തിയാക്കും. ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിൽ തടസ്സങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്ര വികസനം പ്രായാഗിക രൂപത്തിലാക്കുമെന്നും ഇരുവരും പറഞ്ഞു. വിദഗ്ധ സമിതിക്ക് രൂപം നൽകി വെങ്ങാട് ഗോശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കും. ആനക്കോട്ടയിലെ പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും. ആനക്കോട്ടയിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ആനകളുടെ പാദരോഗം ചികിത്സയിലൂടെ മാറ്റാൻ വിദഗ്ധരുടെ സേവനം തേടുമെന്നും - മന്ത്രി അറിയിച്ചു. റവന്യൂ ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ, എം യു ഷിനിജ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ, റവന്യൂ, ദേവസ്വം ഉദ്യാഗസ്ഥർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.









0 comments