print edition സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ 30 വരെ

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ജനസംഖ്യാ വിവരശേഖരണത്തിന്റെ ആദ്യഘട്ടത്തിന് മുന്നോടിയായി ചൊവ്വാഴ്‌ച രാവിലെ ആറുമുതൽ ആളുകൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താം. സെൽഫ് എന്യൂമറേഷൻ 30 വരെയാണ്.
രണ്ട് ഘട്ടങ്ങളായാണ് സെൻസസ് പ്രവർത്തനം. ഒന്നാംഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ്. വീടുകളുടെ അവസ്ഥ, കുടുംബത്തിലെ അടിസ്ഥാന സൗകര്യം, ആസ്‌തി എന്നിവയുടെ വിവരങ്ങൾ എന്യൂമറേറ്റമാർ വീടുകളിലെത്തി ശേഖരിക്കും. ജൂലൈ ഒന്നുമുതൽ 30 വരെയാണ് ഒന്നാംഘട്ടം. ആകെ 33 ചോദ്യങ്ങളുണ്ടാകും. സെൽഫ് എന്യൂമറേഷൻ നടത്തിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് സ്ഥിരീകരിക്കും.
2027 ഫെബ്രുവരിയിൽ രണ്ടാംഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ്. ഫീൽഡുതല വിവരശേഖരണത്തിന് സംസ്ഥാനത്ത് 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നന്പർ: 1855.
എളുപ്പമാക്കാൻ സെൽഫ് എന്യൂമറേഷൻ
എന്യൂമറേറ്റമാർ വീടുകളിലെത്തി ശേഖരിക്കേണ്ട വിവരങ്ങൾ വ്യക്തിൾക്ക് സ്വയം പോർട്ടലിൽ ഉൾപ്പെടുത്താനാണ് സെൽഫ് എന്യൂമറേഷൻ. ഇത് വിവരശേഖരണം വേഗത്തിലാക്കാനും പിശകുകൾ ഒഴിവാക്കാനും സഹായിക്കും. https://se.census.gov.in പോർട്ടലിൽ ചൊവ്വാഴ്‌ച മുതൽ വിവരങ്ങൾ ഉൾപ്പെടുത്താം.
വ്യക്തികൾ ചെയ്യേണ്ടത്
സെൽഫ് എന്യൂമറേഷനുവേണ്ടി പോർട്ടലിൽ കയറി സംസ്ഥാനം തെരഞ്ഞെടുക്കണം
കുടുംബനാഥന്റെ/കുടുംബനാഥയുടെ പേര് രജിസ്‌റ്റർ ചെയ്യണം (ഇതിനായി മൊബൈൽ നമ്പർ നിർബന്ധം, ഇ–മെയിൽ ഐഡിയും ഉൾപ്പെടുത്താം. രജിസ്‌റ്റർ ചെയ്യുന്ന പേര് തിരുത്താനാകില്ല. ഇൗ മൊബൈൽ നന്പർ ഉപയോഗിച്ച് ഒരു കുടുംബത്തിന്റെ വിവരം മാത്രമേ നൽകാനാവു)
ഭാഷ തെരഞ്ഞെടുക്കണം
(മൊബൈൽ നന്പറിലേക്ക് എത്തുന്ന ഒടിപി ഉപയോഗിച്ച് രജിസ്‌റ്റർ ചെയ്യണം. പിന്നീട് ഭാഷ മാറ്റാനാകില്ല)
ജില്ല, പിൻകോഡ്, ഗ്രാമം, നഗരം തുടങ്ങിയ വിവരങ്ങൾ നൽകി പ്രദേശം രേഖപ്പെടുത്തണം
മാപ്പിൽ വീടിന്റെ കൃത്യസ്ഥാനം അടയാളപ്പെടുത്തണം
33 ചോദ്യങ്ങൾക്ക് മറുപടി രേഖപ്പെടുത്തണം. (സംശയങ്ങൾ ദുരീകരിക്കാൻ ആവശ്യമായ സഹായ വിവരങ്ങൾ പോർട്ടലിൽ ഉണ്ട്)
നൽകിയ മറുപടികൾ പരിശോധിച്ച് തിരുത്തലുകളുണ്ടെങ്കിൽ വരുത്താം. ഡ്രാഫ്‌റ്റിൽ സൂക്ഷിച്ച് ബാക്കി പീന്നീട് ചെയ്യാനുമാകും
പൂർണമായും വിവരങ്ങൾ സ്ഥിരീകരിച്ചശേഷം ‘ ഫൈനൽ സബ്‌മിറ്റ്’ നൽകാം (പിന്നീട് തിരുത്താനാകില്ല)
തുടർന്ന് ലഭിക്കുന്ന 11 അക്ക സെൽഫ് എന്യൂമറേഷൻ ഐഡി (എസ്‌ഇ ഐഡി) രേഖപ്പെടുത്തി വയ്‌ക്കണം
വീട്ടിലെത്തുന്ന എന്യൂമറേറ്റർക്ക് എസ്‌ഇ ഐഡി കൈമാറണം (അവർ പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിക്കും.
മാറ്റങ്ങളുണ്ടെങ്കിൽ എന്യൂമറേറ്റർ രേഖപ്പെടുത്തും.
സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്തവരുടെ വിവരങ്ങളും എന്യൂമറേറ്റർ ശേഖരിക്കും)










0 comments