print edition സ്ത്രീ സൗജന്യയാത്ര; തലസ്ഥാനത്ത് ഓർഡിനറികളെ സിറ്റി ഫാസ്റ്റാക്കി തട്ടിപ്പ്

കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന സിറ്റി ഫാസ്റ്റ് ബസ്
തിരുവനന്തപുരം: സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര ഓർഡിനറി ബസുകളിൽമാത്രമാക്കി ഒതുക്കിയപ്പോൾ ഏറ്റവും കൂടുതൽ സർവീസുകളുള്ള തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ തട്ടിപ്പ്. നിലവിൽ ഓർഡിനറിയിൽ സർവീസ് നടത്തിയിരുന്ന അമ്പതിലേറെ ബസുകൾ സിറ്റി സർവീസുകളാക്കി. ഇന്നലെവരെ ഓർഡിനറിയായി ഓടിയ പല ബസുകളിലും തിങ്കളാഴ്ച സിറ്റി ഫാസ്റ്റിന്റെ സ്റ്റിക്കർ പതിച്ചു. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസി വാങ്ങിയ ഇലക്ട്രിക് ബസുകളെപ്പോലും സിറ്റി സർവീസ് സർക്കുലറുകളാക്കി.
ഓർഡിനറി സർവീസുകളൊന്നും മാറ്റിയില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. ജില്ലയിൽ 687 ഓർഡിനറി ബസുകളുണ്ടെന്ന് കെഎസ്ആർടിസി പറയുന്നു. എന്നാൽ, വിവിധ ഡിപ്പോകളിൽനിന്നുള്ള കണക്കുപ്രകാരം 640 ഓർഡിനറി സർവീസുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. നഗരത്തിൽ നാനൂറോളം സിറ്റി ഫാസ്റ്റുകൾ സർവീസ് നടത്തി. തിരുവനന്തപുരം നഗരത്തിൽമാത്രമാണ് ഓർഡിനറി സർവീസുകൾക്കുപുറമെ സിറ്റി ഫാസ്റ്റ് സർവീസുകൾ വ്യാപകമായി ഓപ്പറേറ്റ് ചെയ്യുന്നത്. 2022 ഏപ്രിൽ 30-ലെ ഏറ്റവും പുതിയ സർക്കാർ നിരക്ക് വിജ്ഞാപനപ്രകാരം, സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ്. നിരക്കിൽമാത്രമാണ് സിറ്റി ഫാസ്റ്റും ഓർഡിനറിയും തമ്മിലുള്ള വ്യത്യാസം.
സ്‌മാർട്ട് സിറ്റി ബസുകളെയും ഫാസ്റ്റാക്കി
തലസ്ഥാന നഗരത്തിനായി സ്മാർട്ട് സിറ്റി പദ്ധതിയിൽ കോർപറേഷന്റെ സഹായത്തോടെ വാങ്ങിയ 114 ഇലക്ട്രിക് ബസുകളിൽ പല സർവീസുകളെയും യുഡിഎഫ് സർക്കാർ സിറ്റി ഫാസ്റ്റാക്കിയതിൽ പ്രതിഷേധം ഉയരുന്നുണ്ട്. നഗരത്തിലെ ഇടറോഡുകളിലടക്കം സർവീസ് നടത്തുന്ന ബസുകളാണിവ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് കിഫ്ബി സഹായത്തോടെ വാങ്ങിയ 50 ബസുകളിൽ പത്തെണ്ണംമാത്രമാണ് സിറ്റി ഫാസ്റ്റാക്കിയത്. ഈ പത്തു ബസും ലാഭകരമല്ലാത്തതിനാലാണ് അന്ന് ഏറെ തിരക്കുള്ള നെയ്യാറ്റിൻകര, വെഞ്ഞാറമൂട്, അയിരൂപ്പാറ, പോത്തൻകോട്, വെങ്ങാനൂർ എന്നിവിടങ്ങളിൽ സിറ്റി ഫാസ്റ്റായി ഓടിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്വിഫ്റ്റ് വാങ്ങിയ ഇ ബസുകൾക്ക് നഗരപരിധിക്കു പുറത്തും സർവീസ് നടത്താനാകും. ഇതിന്റെ ലാഭവിഹിതം ഉപയോഗിച്ചാണ് കിഫ്ബിക്ക് പണം തിരിച്ചടയ്ക്കേണ്ടത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ അടുത്തിടെ ലഭിച്ച ബസുകളെല്ലാം സിറ്റി സർക്കുലറായിത്തന്നെ സർവീസ് നടത്തിയിരുന്നു. എന്നാൽ, ഇതെല്ലാം അപ്പാടെ അട്ടിമറിച്ചാണ് കെഎസ്ആർടിസിയുടെ തട്ടിപ്പ്.










0 comments