ad
Deshabhimani

print edition യുഎസ്‌ മുട്ടുകുത്തി; 108–ാം ദിവസം സമാധാനക്കരാർ

trump Khamene
വെബ് ഡെസ്ക്

Published on Jun 16, 2026, 02:24 AM | 1 min read

വാഷിങ്‌ടൺ/തെഹ്‌റാൻ: പൊരുതിവീണാലും പരമാധികാരം അടിയറവയ്‌ക്കില്ലെന്നു പ്രഖ്യാപിച്ച ഇറാന്റെ ധീരതയ്‌ക്കുമുന്നിൽ അമേരിക്കൻ സാമ്രാജ്യത്വം മുട്ടുമടക്കി. ഇസ്രയേലിനെ കൂട്ടുപിടിച്ച്‌ പശ്ചിമേഷ്യയിൽ തീക്കളിക്കിറങ്ങി വെട്ടിലായ യുഎസ്‌ 108 ദിവസം നീണ്ട സംഘർഷത്തിനൊടുവിൽ -ഇറാനുമായി സമാധാനക്കരാറിന്‌ ധാരണയായി. യുദ്ധം അവസാനിപ്പിക്കാൻ വൈറ്റ്ഹൗസും ഇറാൻ സർക്കാരും തയ്യാറായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ ഉപ വിദേശമന്ത്രി കാസെം ഗരീബാബാദിയും സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ധാരണപത്രം വെള്ളിയാഴ്‌ച സ്വിറ്റ്‌സർലൻഡിൽ ഒപ്പിടുമെന്നാണ്‌ റിപ്പോർട്ട്‌.


ലെബനൻ ഉൾപ്പെടെ എല്ലാ മേഖലയിലെയും സംഘർഷം അവസാനിപ്പിക്കണമെന്ന ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതോടെയാണ്‌ കരാർ യാഥാർഥ്യമായത്‌. ഇറാനുമേലുള്ള നാവിക ഉപരോധം നീക്കും. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തെത്തുടർന്ന് അടച്ചുപൂട്ടിയ ലോകത്തെ തന്ത്രപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് ഇറാന്റെ മേൽനോട്ടത്തിൽ 30 ദിവസത്തിനകം പൂർണമായി തുറക്കും. കപ്പലുകൾക്ക് ടോളില്ലാതെ കടന്നുപോകാൻ അനുമതി നൽകും. അമേരിക്ക മരവിപ്പിച്ച ഇറാന്റെ 1200 കോടി ഡോളറിന്റെ ആസ്‌തി വിട്ടുകൊടുക്കാൻ യുഎസ് നിർബന്ധിതരായി. ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണ പദ്ധതി എത്ര വർഷത്തേക്ക് നിർത്തിവയ്‌ക്കണം എന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തും. ഇത് വർഷങ്ങൾ നീണ്ടുപോയേക്കാം.


അമേരിക്കയെ മുൻനിർത്തി പശ്ചിമേഷ്യയിൽ അധിനിവേശം വ്യാപിപ്പിക്കാൻ ശ്രമിച്ച ഇസ്രയേലിന് സമാധാനനീക്കം കനത്ത തിരിച്ചടിയാകും. ഇറാന്റെ സൈനിക പ്രതിരോധ ശേഷിയെയും ആത്മവീര്യത്തെയും തകർക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അമേരിക്ക ഗത്യന്തരമില്ലാതെ കരാറിലേക്ക് നീങ്ങിയത്. ഇത്‌ തടയാൻ ഇസ്രയേൽ പ്രകോപനപരമായി ഇടപെട്ടു. ട്രംപിന്റെ അന്ത്യശാസനം തള്ളി ലെബനനെ തുടർച്ചയായി ആക്രമിച്ചു. സമാധാനനീക്കത്തോട് പരുഷമായി പ്രതികരിച്ച ഇസ്രയേലിനെ പൂർണമായി തള്ളിയാണ്‌ അമേരിക്ക കരാറൊപ്പുവയ്‌ക്കുന്നത്‌. വാർത്ത പുറത്തുവന്നതോടെ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ആഗോള ഓഹരിവിപണിയിൽ വൻ മുന്നേറ്റമുണ്ടായി. കരാറിനെ ലോകനേതാക്കൾ സ്വാഗതംചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home