കോതമംഗലത്ത് ശുചീകരണവും രോഗപ്രതിരോധവും പാളി

കോതമംഗലം നഗരസഭ പൊളിച്ചിട്ട ഓടയിൽ വെള്ളംകെട്ടിക്കിടക്കുന്നു
കോതമംഗലം
നഗരസഭയുടെ ഹരിതകർമസേനയിലെ രണ്ട് അംഗങ്ങൾക്ക് എച്ച്1 എൻ1 റിപ്പോർട്ട് ചെയ്തിട്ടും നഗരത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര അലംഭാവം തുടരുന്നു.
മറ്റ് ഹരിതകർമസേനാംഗങ്ങൾക്ക് യഥാസമയം ചികിത്സയും കൈയുറയും മാസ്കുംപോലും നൽകാതെ അവഗണിക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.
കോതമംഗലം താലൂക്കിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം, എച്ച്1 എൻ1 എന്നിങ്ങനെ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും വൈറൽപ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി വകഭേദങ്ങൾ പടർന്നുപിടിക്കുന്ന സമയത്തും നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്കാശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാണ്. നഗരസഭയുടെ കീഴിലുള്ള ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിർജീവമാണ്. ശനിയാഴ്ച ഒന്പത് ഡോക്ടർമാർ കൂട്ട അവധി എടുത്തിട്ടും നഗരസഭ ചെയർപേഴ്സണോ മറ്റ് ജനപ്രതിനിധികളോ ഇടപെട്ടില്ല.
നഗരവികസനത്തിന്റെ പേരിൽ നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും മുന്നിലുള്ള
ഓട പൊളിച്ചിട്ട് ഒരുമാസം തികഞ്ഞു. ഇവിടെ വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. സ്വകാര്യ വ്യക്തി കൈയേറിയ സ്ഥലത്തെ ഓട പൊളിക്കാൻ തയ്യാറാകാത്ത നഗരസഭയുടെ നടപടിയും വിവാദമായിട്ടുണ്ട്. ഈ വ്യക്തിക്ക് കോടതിയിൽനിന്ന് സ്റ്റോപ്പ് മെമ്മോ ലഭിക്കാൻ നഗരസഭ അവസരം ഒരുക്കിക്കൊടുത്തതായി മറ്റു വ്യാപാരികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.










0 comments