പ്ലസ് വൺ പ്രവേശനം ആദ്യ അലോട്ട്‌മെന്റിൽ 11,369 പേർ ഇടംനേടി

കാസർകോട് ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റുവന്നപ്പോൾ ജില്ലയിൽനിന്ന് 11,369 പേർ ഇടം നേടി. ഭിന്നശേഷി വിഭാഗക്കാർക്കുള്ള അധിക സീറ്റ് ഉൾപ്പെടെ ഏകജാലക പ്രവേശനത്തിന് 16,051 സീറ്റുകളാണുള്ളത്. 4682 സീറ്റുകളിൽ അലോട്ട്‌മെന്റ് നടന്നില്ല. പ്ലസ്‌വൺ പ്രവേശനത്തിന് 20,449 പേരാണ് അപേക്ഷിച്ചത്. ഇതിൽ 898 അപേക്ഷകൾ മറ്റു ജില്ലകളിൽ നിന്നാണ്. അലോട്ട്‌മൈന്റ് ലഭിച്ചവർ ബുധൻ വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനമാണ് നേടേണ്ടത്. മറ്റു ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ട്‌ടാനുസരണം താൽക്കാലികമോ സ്ഥിരമോ ആയി പ്രവേശനംനേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടാത്തവർ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. പ്രവേശനത്തിന് യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് സ്വഭാവ സർട്ടിഫിക്കറ്റ് ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവക്ക് അർഹർ ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഒറിജിനൽ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽനിന്നും ലഭ്യമാകാത്ത വിദ്യാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കും. വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് പ്രവേശനം നേടേണ്ടത്.









0 comments