കണ്ണൂർ മാർക്കറ്റിൽ വഴിയോര കച്ചവടക്കാരോട് പൊലീസിന്റെയും കോർപ്പറേഷന്റെയും ക്രൂരത; മുന്നറിയിപ്പില്ലാതെ ഒഴിപ്പിച്ചു

കണ്ണൂർ: കണ്ണൂർ സെൻട്രൽ മാർക്കറ്റിൽ വർഷങ്ങളായി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന പാവപ്പെട്ട വഴിയോര കച്ചവടക്കാരോട് പൊലീസിന്റെയും കോർപ്പറേഷൻ അധികൃതരുടെയും ക്രൂരത. യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ പൊലീസിനെ കൂട്ടുപിടിച്ച് കച്ചവടക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. വർഷങ്ങളായി ഇവിടെ വ്യാപാരം നടത്തുന്നവർക്ക് യാതൊരുവിധ മുന്നറിയിപ്പും നൽകാതെയായിരുന്നു അതിക്രമം.
കച്ചവടം മാറ്റാൻ തങ്ങൾക്ക് ഒരു മുൻകൂർ ഓർഡറോ അറിയിപ്പോ നൽകിയിരുന്നില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. കടം വാങ്ങിയും മറ്റും വില്പനയ്ക്കായി എത്തിച്ച സാധനങ്ങൾ ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവർ. "എല്ലാം എടുത്തുകളയേണ്ടി വരും, അല്ലാതെ ഇനിയിപ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?" എന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്. സാധനങ്ങൾ മാറ്റാൻ അല്പം സാവകാശം വേണമെന്ന കച്ചവടക്കാരുടെ അഭ്യർത്ഥനകൾ പോലും മാനിക്കാതെയായിരുന്നു പൊലീസിന്റെ നടപടി.
എന്നാൽ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് കച്ചവടക്കാരെ മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തിയ ഈ നടപടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വ്യാപാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.










0 comments