ചാലിയാര്‍ വനത്തിലെ ഉന്നതികൾ സന്ദർശിച്ച് ഭക്ഷ്യ കമീഷൻ

ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി ഉന്നതി സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം വി രമേശൻ സന്ദർശിക്കുന്നു
എടക്കര
ചാലിയാര്‍ പഞ്ചായത്തിലെ ഉൾവനത്തിൽ കഴിയുന്ന ആദിവാസി ഉന്നതികളിൽ ഭക്ഷ്യ കമീഷന്‍ സന്ദര്‍ശനം നടത്തി. ആദിവാസി ഉന്നതികളിലെ ഭക്ഷ്യ വിതരണം വിലയിരുത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുമാണ് സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം വി രമേശന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. ചാലിയാര്‍ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി ഉന്നതിയിലെത്തിയ കമീഷൻ ഊര് മൂപ്പന്‍ വലിയ വെളുക്കനുമായും മുതിര്‍ന്ന വനിത നീലി, മറ്റു ഉന്നതി നിവാസികള്‍ എന്നിവരുമായും സംസാരിച്ചു. തുടർന്ന് പാലക്കയം അങ്കണവാടിയും ആദിവാസി കുട്ടികൾ പഠിക്കുന്ന ഇടിവണ്ണ ഗവ. എല്‍പി സ്‌കൂളും സന്ദര്‍ശിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം പരിശോധിച്ച കമീഷൻ ഷിഗല്ലപോലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഭക്ഷണ വിതരണത്തിലും പരിസര ശുചിത്വത്തിലും കര്‍ശന ശ്രദ്ധപുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി. ആദിവാസികൾ വനത്തിനുള്ളിൽ നേരിടുന്ന പ്രശ്നങ്ങൾ കമീഷൻ നേരിട്ട് മനസ്സിലാക്കിയാണ് മടങ്ങിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ എ എസ് ബീന, താലൂക്ക് സപ്ലൈ ഓഫീസര്‍ ബാലകൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് ഷാജിമോന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ മജീദ്, വിനീത, ഡിഡിപിഒ ഷാഹിന, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു, എം എസ് ദിനേശ് കുമാര്‍, പി എ സജി, പഞ്ചായത്ത് അംഗം സഹിൽ അകമ്പാടം എന്നിവരും കമീഷനൊപ്പമുണ്ടായി.









0 comments