നാഥനില്ലാതെ പൊതുമേഖല സ്ഥാപനങ്ങൾ
കയറിനും കെഎസ്‌ഡിപിക്കും യുഡിഎഫ് കുരുക്ക‍്


ഫെബിൻ ജോഷി
Published on Jun 16, 2026, 01:37 AM | 1 min read
ആലപ്പുഴ
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒരു മാസമാകുന്പോഴും ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും കോർപറേഷനുകളും അധ്യക്ഷന്മാരും ഭരണസമിതി അംഗങ്ങളുമില്ലാതെ അനാഥം. പലസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിലച്ചതിന് തുല്യമാണ്. ദൈനംദിന പ്രവർത്തനങ്ങൾ മാത്രമായി ചുരുങ്ങി. നിയമനങ്ങൾ വൈകിയാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനും സംവിധാനമൊരുക്കിയില്ല.
ആരോഗ്യമേഖലയുടെ നെടുംതൂണായ കെഎസ്‌ഡിപി ഇൗ അനാസ്ഥമൂലം ഗുരുതര പ്രതിസന്ധിയിലായി. പകർച്ചവ്യാധികൾ പടരുന്ന സമയത്ത് സ്ഥാപനത്തെ നോക്കുകുത്തിയാക്കി യുഡിഎഫ്. ആവശ്യമുള്ളപ്പോഴെല്ലാം ഉൽപ്പാദനം വർധിപ്പിച്ച് രോഗവ്യാപനം പ്രതിരോധിക്കാൻ കെഎസ്‌ഡിപിക്ക് കഴിഞ്ഞിരുന്നു. എൽഡിഎഫ് സർക്കാർ കെഎസ്‌ഡിപിക്ക് പാരസെറ്റാമോൾ അടക്കം നിർമിക്കാൻ ഓർഡർ നൽകി. പശ്ചിമേഷ്യയിലെ യുദ്ധം കാരണം അസംസ്‌കൃത വസ്‌തുക്കളുടെ വില മൂന്ന് ഇരട്ടിവരെ വർധിച്ചു. ഇതുമൂലം നേരത്തെ നിശ്ചയിച്ച വിലയ്‌ക്ക് മരുന്നുനൽകാൻ കെഎസ്‌ഡിപിക്ക് കഴിയാതെയായി.
സർക്കാർ ഇടപെടൽ കൂടാതെ ഇതിന് പരിഹാരം കാണാനാകില്ല. എന്നാൽ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനോ പരിഹാരം കാണാനോ ചെയർമാനോ ഡയറക്‌ടർ ബോർഡോ നിലവിലില്ല.
ജില്ലയുടെ സാമൂഹ്യ- വ്യവസായ മേഖലയിൽ നിർണായക സ്ഥാനമുള്ള കയർമേഖലയും പ്രതിസന്ധിയിലാണ്. തൊഴിലുറപ്പിന് കയർ ഭൂവസ്‌ത്രം നൽകിയ വകയിൽ 46 കോടിയോളം രൂപ കയർ കോർപറേഷന് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാനുണ്ട്. ലഭിക്കാൻ സംസ്ഥാന സർക്കാർ സമ്മർദംചെലുത്തണം. ഇതിനായി ബോർഡ് ഇടപെട്ടേ മതിയാകൂ. കയർ കോർപറേഷൻ, ഫോംമാറ്റിങ് ലയനം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാക്കാനും ബോർഡ് രൂപീകരിക്കണം.
സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭിക്കുന്നത് സൊസൈറ്റികളെയും ചെറുകിട ഉൽപ്പാദകരെയും അതിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളെയും ദുരിതത്തിലാക്കും. കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി, കോമളപുരം സ്‌പിന്നിങ് മിൽ എന്നിവയെയും പ്രതിസന്ധി ബാധിക്കും.










0 comments