ഓച്ചിറ പടനിലത്ത് ഓച്ചിറക്കളി തുടങ്ങി

സ്വന്തം ലേഖകന്‍
Published on Jun 16, 2026, 02:29 AM | 1 min read
ഓച്ചിറ
യുദ്ധസ്മരണകൾ ഉണർത്തുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. മാർത്താണ്ഡവര്‍മയുടെയും കായംകുളം രാജാവിന്റെയും പടയാളികള്‍ പടവെട്ടിയ ഓച്ചിറ പടനിലത്ത് യോദ്ധാക്കൾ ആയോധന മുറകൾ കാഴ്ചവയ്‌ക്കുന്ന ഓച്ചിറക്കളി കാണാൻ നിരവധി പേരാണ് ഞായറാഴ്ച ഓച്ചിറ പടനിലത്ത് എത്തിയത്. കരകളിലെ കളരികളിൽ ഒരു മാസമായി അഭ്യസിച്ച ആയോധന മുറകൾ പുറത്തെടുത്തപ്പോൾ കാണികൾക്കും ആവേശക്കാഴ്ചയായി. മഴയൊന്നും ആവേശത്തെ തെല്ലും ബാധിച്ചില്ല. പഞ്ചാരിമേളവും പഞ്ചവാദ്യവും അകമ്പടിയേകിയപ്പോള്‍ പോരാളികള്‍ക്കും ആവേശം പകർന്നു. തിങ്കള്‍ പുലര്‍ച്ചെ കളരികളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. യോദ്ധാക്കള്‍ രാവിലെതന്നെ ഭരണസമിതി നൽകിയ വേഷവിധാനങ്ങളോടെ പടനിലത്തേക്ക് എത്തി. പടയാളികള്‍ പരബ്രഹ്മത്തെ വണങ്ങി അനുഗ്രഹം വാങ്ങിയശേഷം പടനിലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടി കരക്കളി ആരംഭിച്ചു. പ്രദര്‍ശന കളിയില്‍ പെൺകുട്ടികള്‍ മുതല്‍ വയോധികര്‍ വരെ പങ്കെടുത്തു. പകൽ 12ന് പടനിലം കാണികളെക്കൊണ്ട് നിറഞ്ഞു. തുടര്‍ന്ന് എല്ലാവരും ഭരണസമിതി ഓഫീസിനു മുന്നില്‍ ഒത്തുകൂടി ഘോഷയാത്രയ്ക്ക് സജ്ജരായി. ക്ഷേത്രത്തില്‍നിന്ന് ശംഖനാദം മുഴങ്ങിയതോടെ ഘോഷയാത്ര ആരംഭിച്ചു. ആൽത്തറയ്ക്കു മുന്നിൽ രണ്ടായിപിരിഞ്ഞ് എട്ടുകണ്ടത്തിന് സമീപമെത്തി കരകളിയും നടത്തി എട്ടുകണ്ടത്തിലും തകിടകണ്ടത്തിലുമിറങ്ങി അങ്കം കുറിച്ചു യോദ്ധാക്കൾ മടങ്ങി. ‘തീ തീ തിത്തിതൈ’ എന്നു തുടങ്ങുന്ന പ്രത്യേക വായ്ത്താരി ഉരുവിട്ടുകൊണ്ടാണ് പടയാളികൾ ഏറ്റുമുട്ടിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽനിന്നുള്ള കളിസംഘങ്ങളാണ് പങ്കെടുത്തത്. ചൊവ്വാഴ്ച രാവിലെയും ഓച്ചിറക്കളി തുടരും. തുടർന്ന് ഓണാട്ടുകരയുടെ കാർഷിക സമൃദ്ധി പ്രകടമാകുന്ന കാർഷിക വിപണിയും കാലി പ്രദർശനവും പടനിലത്തു നടക്കും. ചരിത്രപ്രസിദ്ധമായ കായംകുളം, വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷം തോറും മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ഓച്ചിറക്കളി നടത്തുന്നത്.










0 comments