print edition ഇത്തവണ വനം, ആഭ്യന്തര വകുപ്പുകളിൽ വീണ്ടും നിയമന വിവാദം

തിരുവനന്തപുരം: സ്റ്റാഫിനെ നിയമിച്ച് വെട്ടിലായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വനംമന്ത്രി ഷിബു ബേബിജോണും. സമൂഹമാധ്യമങ്ങളിൽ ബിജെപി അനുകൂല കുറിപ്പെഴുതുന്ന ഏഷ്യാനെറ്റ് ലേഖകൻ കെ സി ബിപിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും പത്തനംതിട്ട സ്വദേശിയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നഹാസിനെ പേഴ്‌സണൽ അസിസ്റ്റന്റായും നിയമിച്ചതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസുകാരിൽനിന്ന് തന്നെ രോഷമുയർന്നു.
‘ആർഎസ്‌എസ് എന്നാൽ കേവലമൊരു ചിന്താധാരയല്ല, മറിച്ച് ജീവിത പദ്ധതിയാണ്’ എന്ന് സമൂഹമാധ്യമത്തിൽ കുറിച്ച ബിപിൻ, ബിജെപി മുൻ പ്രസിഡന്റ് കെ സുരേന്ദ്രനെ പുകഴ്‌ത്തിയും കുറിപ്പിട്ടിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച്, ‘ഇൗ അങ്കിളിനെ കാണുമ്പോൾ എനിക്ക് വീട്ടിലെ ചത്ത പൂച്ചയെ ഓർമവരും’ എന്നാണ് അപഹസിച്ചത്. ബിപിനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചു.
പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കപ്പെട്ട നഹാസിന്റെ വീട്ടിൽനിന്ന് 2023 നവംബർ 20ന് രണ്ടരക്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സഹോദരൻ നസീബിന്റെ മുറിയിൽനിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് പിടിച്ചത്. നഹാസിന്റെ നിയമനത്തിനെതിരെ പത്തനംതിട്ട ഡിസിസി ഭാരവാഹികൾ മുഖ്യമന്ത്രിക്കും പരാതി നൽകി. ജില്ലയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുള്ള നഹാസിനെ സ്റ്റാഫിൽനിന്ന് ഒഴിവാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ലഹരി മാഫിയയെ ഒതുക്കാനുള്ള തൂഫാൻ ഓപ്പറേഷൻ പുരോഗമിക്കവെയാണ് ആഭ്യന്തരമന്ത്രിയുടെ സ്റ്റാഫിൽ നഹാസിനെ നിയമിച്ചത്.
വനംവകുപ്പിനും സർക്കാരിനുമെതിരെ നിരന്തരം പരാതി നൽകുകയും സമരം ചെയ്യുകയുംചെയ്‌ത സിജുമോൻ ഫ്രാൻസിസിനെ മന്ത്രി ഷിബു ബേബിജോൺ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിലും അസംതൃപ്‌തി പുകയുന്നു. വനംവകുപ്പിനെ പ്രതിയാക്കി ഇദ്ദേഹം നൽകിയ കേസുകൾ ഹൈക്കോടതിയിലുണ്ട്. വനാതിർത്തി നിർണയം, വന്യജീവി സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ വനംവകുപ്പിനും സർക്കാരിനുമെതിരെ ജനകീയ പ്രതിഷേധം ഉയരുന്നതിനിടെയാണ് നിയമനം.
മന്ത്രി സണ്ണി ജോസഫ് സ്റ്റാഫിലെടുത്ത അളിയൻ ബെന്നിയും മുഖ്യമന്ത്രി വി ഡി സതീശൻ മുൻകൈയെടുത്ത് പ്രത്യേക പ്ലീഡറാക്കിയ ബിജെപി അനുകൂലിയും ശബരിമല സ്വർണമോഷണ കേസിലെ പ്രതിയുടെ അഭിഭാഷകനുമായ പ്രദീപും രാജിവച്ചതിന് പിന്നാലെയാണ് പുതിയ വിവാദം.










0 comments