ad
Deshabhimani

നിറംമങ്ങി സ‍ൗജന്യയാത്ര

a
avatar
സ്വന്തം ലേഖകൻ

Published on Jun 16, 2026, 02:30 AM | 2 min read

കോഴിക്കോട്‌

സർക്കാർ കൊട്ടിഘോഷിച്ച്‌ നടത്തിയ കെഎസ്‌ആർടിസി യാത്രാസ‍ൗജന്യ പദ്ധതിക്ക്‌ നിറം മങ്ങിയ തുടക്കം. തെരഞ്ഞെടുപ്പുകാലത്ത്‌ മുഴുവൻ സ്‌ത്രീകൾക്കും സ‍ൗജന്യയാത്ര വാഗ്‌ദാനംചെയ്‌ത യുഡിഎഫ്‌ ഭരണം ലഭിച്ചപ്പോൾ പ്രഖ്യാപനത്തിൽ വെള്ളം ചേർത്തു. സൗജന്യയാത്ര ഓർഡിനറിയിൽ മാത്രമായി ചുരുക്കിയതോടെ നാമമാത്രം സ്‌ത്രീകൾക്കാണ്‌ ആനുകൂല്യം ലഭിച്ചത്‌. ജില്ലയിൽ 147 കെഎസ്‌ആർടിസി ബസുകളാണ്‌ സർവീസ്‌ നടത്തുന്നത്‌. നാലിലൊന്ന്‌ സ്ത്രീകൾക്കുപോലും സ‍ൗജന്യയാത്രയുടെ പ്രയോജനം ലഭിച്ചില്ല. ഓർഡിനറി ബസുകളിൽ സ്‌ത്രീകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. പല ബസുകളിലും ടിക്കറ്റ്‌മെഷീൻ തകരാറിലായത്‌ യാത്രക്കാരെ വലച്ചു. രാവിലെ ഒന്പതിനുശേഷമാണ്‌ സ‍ൗജന്യയാത്ര എന്നറിയാതെ കയറിയവർ ടിക്കറ്റെടുത്താണ്‌ യാത്ര തുടർന്നത്‌.

കുറ്റ്യാടി, താമരശേരി, വടകര, തിരുവന്പാടി ഭാഗങ്ങളിലേക്കാണ്‌ കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തുന്നത്‌. ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്കെല്ലാം വിരലിലെണ്ണാവുന്ന കെഎസ്‌ആർടിസി ബസുകളേ സർവീസ്‌ നടത്തുന്നുള്ളു. കോഴിക്കോട്‌ ഡിപ്പോയിൽ 30, താമരശേരി 38, തൊട്ടിൽപ്പാലം 30, തിരുവന്പാടി 28, വടകര 23 എന്നിങ്ങനെയാണ്‌ ഓർഡിനറി ബസുകൾ സർവീസ്‌ നടത്തുന്നത്‌. ഇതിൽ തന്നെ പലതും കൃത്യമായി സർവീസ് നടത്തുന്നുമില്ല.

ജില്ലയിലെ പ്രധാന റൂട്ടുകളിൽ സൂപ്പർ ഫാസ്റ്റും സൂപ്പർ ക്ലാസുകളുമാണ് സർവീസ്‌ നടത്തുന്നത്‌. ഇതിൽ സൗജന്യം ലഭ്യമല്ല.

പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കെഎസ്‌ആർടിസി ബസ്‌ടെർമിനൽ പരിസരത്ത്‌ എം കെ രാഘവൻ എംപി നിർവഹിച്ചു. കെ ജയന്ത്‌ എംഎൽഎ അധ്യക്ഷനായി. ഷാഫി പറന്പിൽ എംപി മുഖ്യാതിഥിയായി. എംഎൽമാരായ കെ പ്രവീൺകുമാർ, ഫൈസൽബാബു, വിദ്യാബാലകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മില്ലിമോഹൻ കൊട്ടാരത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


ഓർഡിനറി യാത്ര: ആദ്യ ദിവസം തർക്കവും വാക്കേറ്റവും

ഫറോക്ക്

കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്കുള്ള സൗജന്യയാത്രയുടെ ആദ്യദിവസംതന്നെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം. രാവിലെ ബസിൽ കയറിയ സ്‌ത്രീ യാത്രക്കാരോട്‌ ടിക്കറ്റ് ആവശ്യപ്പെട്ടതാണ്‌ തർക്കത്തിനിടയാക്കിയത്‌.

പ്രിയദർശിനി സ്‌റ്റിക്കർ പതിച്ച ബസിൽ സ്‌ത്രീകൾക്ക്‌ ടിക്കറ്റ്‌ സ‍ൗജന്യമാണെന്നായിരുന്നു സർക്കാർ വാഗ്‌ദാനം. എന്നാൽ, താമരശേരിയിൽനിന്ന്‌ ഗുരുവായൂരിലേക്കുള്ള ടൗൺ ടു ടൗൺ ബസിൽ യാത്രാനിരക്ക്‌ ആവശ്യപ്പെട്ടു. ചെറുവണ്ണൂർ, രാമനാട്ടുകര, യൂണിവേഴ്സിറ്റി തുടങ്ങിയ ഭാഗങ്ങളിൽനിന്ന്‌ ഒന്പതരയ്ക്ക് കയറിയ സ്‌ത്രീകളോടാണ്‌ ടിക്കറ്റ് ആവശ്യപ്പെട്ടത്‌. ബസിലെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനി(ഇടിഎം)ൽ സൗജന്യ ടിക്കറ്റിനായുള്ള ക്രമീകരണം ആയിട്ടില്ലെന്നായിരുന്നു വിശദീകരണം. ഇതോടെ യാത്രക്കാർ പ്രതിഷധിച്ചു. ചിലർ പണം നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ ബസ് പരപ്പനങ്ങാടി ചെട്ടിപ്പടിയിലെത്തിയപ്പോൾ സീറോ ടിക്കറ്റ് നൽകി. പണം നൽകിയവർക്ക്‌ തിരിച്ചുകിട്ടാത്തതും വാക്കേറ്റത്തിനിടയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home