പണിമുടക്കി പ്രിയദർശിനി സൗജന്യയാത്ര


സ്വന്തം ലേഖകൻ
Published on Jun 16, 2026, 02:31 AM | 2 min read
കൊല്ലം
കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്ര തുടക്കത്തിൽതന്നെ പാളി . ജില്ലാ ഉദ്ഘാടനം കഴിഞ്ഞ് യാത്രക്കാരുമായി പോയ ബസ് കലക്ടറേറ്റിന് സമീപം രാമേശ്വരത്ത് എത്തിയപ്പോൾ പണിമുടക്കി. തിങ്കൾ രാവിലെ 9.45നായിരുന്നു സംഭവം. കുണ്ടറയിൽനിന്ന് കൊല്ലം ഡിപ്പോയിലെത്തിയ ആർഎഎ 958 നമ്പർ ബസ് കായംകുളത്തേക്ക് പോകുംവഴിയാണ് കട്ടപ്പുറത്തായത്. എയർലീക്കിനെ തുടർന്നാണ് സർവീസ് തടസ്സപ്പെട്ടതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. പ്രിയദർശിനി സൗജന്യയാത്ര എന്ന സ്റ്റിക്കറിന് പുറമെ മുഖ്യമന്ത്രി വി ഡി സതീശന്റെയും മന്ത്രി സി പി ജോണിന്റെയും ചിത്രം ഉൾപ്പെടെയുള്ള ഫ്ലക്‌സ് പതിച്ച ബസിൽ മുപ്പതിലേറെ യാത്രക്കാരുണ്ടായിരുന്നു. തിരക്കുള്ള സമയം ഇടുങ്ങിയ രാമേശ്വരം ക്ഷേത്ര റോഡിൽ ബസ് പണിമുടക്കിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് കൊല്ലം ഡിപ്പോയിൽനിന്ന് മറ്റൊരു ഓർഡിനറി ബസ് എത്തിച്ച് യാത്രക്കാരെ കയറ്റി വിടുകയായിരുന്നു. സൗജന്യയാത്ര പദ്ധതിക്ക് അനുവദിച്ച ഓർഡിനറി ബസുകളുടെ കാര്യക്ഷമത പരിശോധിക്കാതെയാണ് സർവീസ് നടത്താൻ അനുവദിച്ചതെന്ന ആക്ഷേപമുണ്ട്. കൊല്ലം ഗ്യാരേജിൽനിന്ന് മെക്കാനിക്ക് എത്തി തകരാർ പരിഹരിച്ച ശേഷമാണ് പണിമുടക്കിയ ബസ് രാമേശ്വരത്തുനിന്ന് ഡിപ്പോയിലേക്ക് മാറ്റാനായത്. രാവിലെ ഒന്പതിന് കൊല്ലം ഡിപ്പോയിൽ മന്ത്രി ബിന്ദു കൃഷ്ണയാണ് ജില്ലാ ഉദ്ഘാടനനടത്തിയത്. തുടര്‍ന്ന് കരിക്കോട്, -കുണ്ടറ,- കൊട്ടാരക്കര റൂട്ടിലെ ഓര്‍ഡിനറി ബസില്‍ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒന്നിച്ച് സഞ്ചരിച്ചു. ചടങ്ങില്‍ മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. വിഷ്ണു മോഹന്‍ എംഎല്‍എ, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, കൗണ്‍സിലര്‍ കുരുവിള ജോസഫ്, കൊല്ലം എടിഒ അജിത്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രയോജനം ലഭിക്കാതെ നിരവധി സ്‌ത്രീകൾ
‘കൊല്ലം പ്രിയദര്‍ശിനി' പദ്ധതി ആരംഭിച്ചെങ്കിലും സൗജന്യയാത്രയുടെ ഒരു ഗുണവും ജില്ലയുടെ വിവിധഭാഗങ്ങളിലുള്ള സ്‌ത്രീകൾക്ക് ലഭിച്ചില്ല. മയ്യനാട്, കുരീപ്പുഴ, ഇരവിപുരം, പ്രാക്കുളം, വെള്ളിമൺ, വെളിയം, മൺറോതുരുത്ത് എന്നിവിടങ്ങളിലുള്ളവർക്ക് ഓർഡിനറിയിലെ സൗജന്യ യാത്രയുടെ പ്രയോജനം ലഭിച്ചില്ല. ഇൗ പ്രദേശത്തുള്ളവർ അധികവും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള മിക്ക ഓർഡിനറി ബസുകളുടെയും ട്രിപ്പുകൾ രാവിലെയും വൈകിട്ടും ഓരോന്നുമാത്രമാണുള്ളത്. അതുകൊണ്ടുതന്നെ പല സ്‌ത്രീകൾക്കും ഇത് പ്രയോജനപ്പെടുന്നില്ല. ജില്ലയിലാകെ ഓർഡിനറിയിൽ 374 സർവീസാണ് ഉള്ളത്. കൊല്ലം ഡിപ്പോയിൽനിന്ന് 44 ഓർഡിനറി സർവീസാണ് തിങ്കളാഴ്ച നടന്നത്. ഇതിൽ പുരുഷ യാത്രക്കാരുടെ എണ്ണം നന്നേ കുറവായിരുന്നു. സൗജന്യ ടിക്കറ്റ് ഏർപ്പെടുത്തിയതോടെ കെഎസ്ആർടിസിക്ക് ചലോ കാർഡിലൂടെ ലഭിച്ചിരുന്ന വരുമാനത്തിലും കുറവ് വന്നു. ഓർഡിനറി യാത്രക്ക് ഉൾപ്പെടെ ചലോ കാർഡ് ഉപയോഗിച്ചിരുന്നവർ കാലാവധി തീർന്നിട്ടും പുതുക്കാത്ത സ്ഥിതിയാണ്. ഇതും കെഎസ്ആർടിസിക്ക് വരുമാന നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. പ്രിയദർശിനി ബസുകൾക്ക് സ്വീകരണം നൽകുന്നതിലും യുഡിഎഫിൽ ഭിന്നതയുണ്ടായി. ശക്തികുളങ്ങര സൗത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരുവിഭാഗവും യുഡിഎഫ് നേതൃത്വത്തിൽ മറ്റൊരു വിഭാഗവും സ്വീകരണം നൽകി. ആദ്യദിനത്തിലെ യാത്രക്കാരുടെ എണ്ണവും കലക്‌ഷനും പുറത്തുവന്നാൽ മാത്രമേ പദ്ധതി എത്രത്തോളം വിജയമായി എന്ന് പറയാനാകു.










0 comments