ad
Deshabhimani

പനിബാധിതര്‍ കൂടുന്നു

3 പേർക്ക്‌ ഡെങ്കി; 
8 പേർക്ക്‌ രോഗലക്ഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2026, 01:35 AM | 1 min read

ആലപ്പുഴ
പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. ജൂൺ ആദ്യ 15 ദിവസങ്ങളിൽ ജില്ലയിൽ 8,190 പനിക്കേസുകളും 2,174 വയറിളക്കരോഗ കേസുകളും 24 ഡെങ്കിപ്പനി കേസുകളും 85 ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട് ചെയ്തു. മഴ ശക്തമായതോടെ പനിയും ജലജന്യ രോഗങ്ങളും വർധിച്ചു. തിങ്കളാഴ്‌ച മാത്രം 704 പേർ പനിബാധിതരായി ചികിത്സ തേടി. 162 പേർക്ക് വയറിളക്കരോഗവും ഒമ്പത് പേർക്ക് ഇൻഫ്ലുവൻസയും റിപ്പോർട്ട് ചെയ്തു. മൂന്ന് ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചപ്പോൾ എട്ട് പേരെ ഡെങ്കിപ്പനി സംശയിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചേപ്പാട്‌, കടംമ്പൂർ, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്‌. എട്ട് ചിക്കൻപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്നാണ് സൂചന. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിയാകുമ്പോൾ എണ്ണം ഇരട്ടിയാകും. ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിലും തുടർനടപടികളിലും ഏകോപനമില്ലായ്മയും തുടരുകയാണ്‌. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മാലിന്യശേഖരണ, സംസ്‌കരണ നടപടികളും പാളി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്‌. സർക്കാരിന്റെ വകുപ്പുതല ഏകോപനമില്ലായ്മയും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കടുത്ത അനാസ്ഥയും സ്ഥിതി രൂക്ഷമാക്കുകയാണ്‌. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പേരിന്‌ മാത്രമായിരുന്നു. വാർഡുതല ശുചിത്വസമിതികൾ രൂപീകരിച്ചാണ്‌ മഴക്കാലപൂർവ ശുചീകരണം നടത്താറുള്ളത്‌. എന്നാൽ, കാലവർഷമെത്തിയിട്ടും ഇത്തവണ നടപടികളുണ്ടായില്ല. പല പ്രദേശങ്ങളിലും ഓടകളിൽ മാലിന്യം തങ്ങിക്കിടക്കുകയാണ്‌. മാലിന്യം കുമിഞ്ഞുകൂടുമ്പോഴും നീക്കാൻ നടപടികളില്ല. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളും പലയിടത്തും അവതാളത്തിലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home