ad
Deshabhimani

print edition ഇല്ലാതാക്കുന്നത് 3720 കോടിയുടെ സ്ത്രീസുരക്ഷ

womens safety project
വെബ് ഡെസ്ക്

Published on Jun 16, 2026, 02:38 AM | 2 min read

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച സ്‌ത്രീസുരക്ഷാ പദ്ധതി ഉപേക്ഷിക്കുമ്പോൾ 31 ലക്ഷത്തിലധികം സ്‌ത്രീകൾക്ക്‌ 3,720 കോടിയുടെ സാന്പത്തികസഹായം ഇല്ലാതാകും. കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ പരിമിതപ്പെടുത്തിയ സ‍ൗജന്യയാത്രയ്‌ക്ക് 840 കോടി കണ്ടെത്താനാണ്‌ സ്‌ത്രീകൾക്ക്‌ കരുത്തേകുന്ന ക്ഷേമപദ്ധതി ഉപേക്ഷിക്കുന്നത്‌. സാമൂഹ്യ സുരക്ഷാ പെൻഷൻ വലയത്തിന് പുറത്തുള്ള നിർധന കുടുംബങ്ങളിലെ സ്‌ത്രീകൾക്കും ട്രാൻസ്‌ സ്‌ത്രീകൾക്കും മാസം ആയിരം രൂപ നൽകുന്ന പദ്ധതിയാണ്‌ യുഡിഎഫ്‌ സർക്കാർ ഇല്ലാതാക്കുന്നത്‌.


സ‍ൗജന്യയാത്രാ പദ്ധതിക്ക്‌ ഫണ്ട്‌ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയായിരുന്നു യുഡിഎഫ്‌ സർക്കാർ. ഒടുവിൽ എൽഡിഎഫ്‌ സർക്കാർ സ്‌ത്രീസുരക്ഷാ പദ്ധതിക്ക് ബജറ്റിൽ നീക്കിവച്ച 3,720 കോടി യാത്രാ പദ്ധതിക്ക് മാറ്റി.


സ്‌ത്രീസുരക്ഷാ പദ്ധതിയിൽ മാർച്ചുവരെ മാസം ആയിരം രൂപവീതം നൽകിയിരുന്നു. 3,720 രൂപ നീക്കിവച്ചത്‌ ഏപ്രിൽ മുതൽ ചെലവഴിക്കാനാണ്.

യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഏപ്രിൽ, മെയ്‌ മാസങ്ങളിലെ തുക വിതരണംചെയ്യാനുള്ള ഫയൽ തടഞ്ഞുവച്ചു. പുതുതായി ലഭിച്ച അഞ്ചുലക്ഷത്തിലേറെ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതും മരവിപ്പിച്ചു. സംസ്ഥാന ചരിത്രത്തിലെ വലിയ സ്‌ത്രീസുരക്ഷാ പദ്ധതി തടസ്സപ്പെടുത്തരുതെന്ന്‌ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. തുക അടിയന്തരമായി വിതരണം ചെയ്യണം.


കെഎസ്ആർടിസിയിലെ സൗജന്യയാത്രാ പദ്ധതിയുടെ അഞ്ചിരട്ടിയിലധികം തുക സംസ്ഥാനത്തെ 31 ലക്ഷം സ്‌ത്രീകളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്. 35നും 60നും ഇടയിൽ പ്രായമുള്ള 16 ലക്ഷത്തിലേറെ പേർക്ക്‌ മാസം ആയിരം രൂപവീതം ലഭിക്കുന്നു. രണ്ടുമാസമായി ഇ‍ൗ ധനസഹായം നൽകാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന്‌ ബാലഗോപാൽ സമൂഹമാധ്യമത്തിൽ ചൂണ്ടിക്കാട്ടി.


പദ്ധതി തകർക്കരുത്‌


തിരുവനന്തപുരം: സ്‌ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കംവയ്‌ക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് തിരുത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ആവശ്യപ്പെട്ടു. 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതിയാണ്‌ സ്‌ത്രീപക്ഷ സർക്കാരെന്ന് ഊറ്റം കൊള്ളുന്നവര്‍ മുടക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ പദ്ധതിവിഹിതം നൽകാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് പിടിച്ചുവച്ചിരിക്കുകയാണ്‌.


ഗൃഹജോലികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ രാഷ്‌ട്രശിൽപ്പികളാണെന്നും അവരുടെ അധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ നിരീക്ഷിച്ചത് ജൂൺ 11-നാണ്. അതിനുംമുമ്പ്‌ 2025 ഒക്‌ടോബറിലാണ് എൽഡിഎഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സുവരെയുള്ള സ്‌ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ സഹായമുറപ്പാക്കുന്ന സ്‌ത്രീസുരക്ഷാ പദ്ധതി കൊണ്ടുവന്നത്‌.


ആകെ 31.34 ലക്ഷം പേരെയാണ് ഗുണഭോക്താക്കളായി കണക്കാക്കിയത്. വീട്ടകങ്ങളിലെ സ്‌ത്രീകളുടെ ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചാണ്‌ പദ്ധതിക്ക്‌ രൂപം നൽകിയത്‌. പദ്ധതിയെ തുടക്കം മുതൽ അപഹസിച്ച യുഡിഎഫ് ഇപ്പോൾ പദ്ധതിയെ തകർക്കാനുള്ള രാഷ്‌ട്രീയതീരുമാനം അണിയറയിൽ തയ്യാറാക്കുന്നു. രണ്ടു മാസത്തെ പെൻഷൻ നൽകാത്തതിനുപുറമെ, പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയുമാണ്‌ –പിണറായി സമൂഹമാധ്യമത്തിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home