യുദ്ധസ്മരണകളുണർത്തി ഓച്ചിറക്കളി

ഓച്ചിറ പടനിലത്ത് നടക്കുന്ന ഓച്ചിറക്കളി
കായംകുളം
യുദ്ധ സ്മരണകൾ ഉണർത്തി ഓച്ചിറക്കളിക്ക് തുടക്കം. മാർത്താണ്ഡവര്‍മയുടെയും കായംകുളം രാജാവിന്റെയും പടയാളികള്‍ പടവെട്ടിയ ഓച്ചിറ പടനിലത്താണ് ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി നടക്കുന്നത്. കരകളിലെ കളരികളിൽ അഭ്യസിച്ച ആയോധന മുറകൾ പുറത്തെടുത്തപ്പോൾ കാണികൾക്ക് ആവേശം. പഞ്ചാരിമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിപൊലിമ കൂട്ടി. യോദ്ധാക്കള്‍ തിങ്കള്‍ രാവിലെ വേഷവിധാനങ്ങളോടെ പടനിലത്തേക്ക് എത്തി വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടി കരക്കളി ആരംഭിച്ചു. പകൽ 12 ഓടെ കാണികളെക്കൊണ്ട് പടനിലം നിറഞ്ഞു. പ്രദര്‍ശനകളിയില്‍ പെൺകുട്ടികള്‍ മുതല്‍ വയോധികര്‍ വരെ പങ്കെടുത്തു. തുടര്‍ന്ന് ഘോഷയാത്ര. ആൽത്തറയ്ക്കു മുന്നിൽ ഘോഷയാത്ര രണ്ടായിപിരിഞ്ഞ് എട്ടുകണ്ടത്തിന് സമീപമെത്തി കരകളിയും നടത്തി. എട്ടുകണ്ടത്തിലും തകിടകണ്ടത്തിലുമിറങ്ങി അങ്കം കുറിച്ചു യോദ്ധാക്കൾ മടങ്ങി. ‘തീ തീ തിത്തിതൈ’ എന്നു തുടങ്ങുന്ന പ്രത്യേക വായ്ത്താരി ഉരുവിട്ടാണ് പടയാളികൾ ഏറ്റുമുട്ടിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ കളിസംഘങ്ങളാണ് പങ്കെടുത്തത്. ചൊവ്വാഴ്ച രാവിലെ ഓച്ചിറക്കളി തുടരും. തുടർന്ന് ഓണാട്ടുകരയുടെ കാർഷിക സമൃദ്ധി പ്രകടമാകുന്ന കാർഷിക വിപണിയും കാലി പ്രദർശനവും. ചരിത്രപ്രസിദ്ധമായ കായംകുളം, വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷം തോറും മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ഓച്ചിറക്കളി നടത്തുന്നത്.









0 comments