കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രതിസന്ധി രൂക്ഷം
ഡോക്‌ടറെ കാണണോ; മണിക്കൂറുകൾ കാത്തിരിക്കണം

അത്യാഹിത വിഭാഗത്തിൽ ചികിത്സയ്‍ക്കായി എത്തിയ രോഗികളുടെ തിരക്ക്
സ്വന്തംലേഖകൻ
കായംകുളം
വയറിളക്കവും പനിയും വ്യാപകമായതോടെ നൂറുകണക്കിന് രോഗികളാണ് താലൂക്ക് ആശുപത്രിയിലെത്തുന്നത്. ഇവർക്ക് ഡോക്‌ടറെ കാണണമെങ്കിൽ കാത്തിരിക്കേണ്ടത് മണിക്കൂറുകൾ. അത്യാഹിതവിഭാഗത്തിൽ ഒരു ഡോക്‌ടറുടെ സേവനം മാത്രം. പകർച്ചവ്യാധി വ്യാപകമായിട്ടും ഡോക്‌ടറുടെ കുറവ് നികത്താൻ നഗരസഭയും അധികാരികളും തയ്യാറാകാത്തതിനാൽ സംഘർഷമുണ്ടാകുന്നത് പതിവായി. ദേശീയപാതയിലും കെ പി റോഡിലും അപകടങ്ങൾ വർധിച്ചതോടെ പരിക്കേറ്റ് എത്തുന്നവർ നിരവധിയാണ്. ഇവരും ചികിത്സയ്‌ക്കായി വലയുന്നു. ആവശ്യമായ മരുന്ന് ലഭിക്കാത്തതും കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ആറാട്ടുപുഴ ഉൾപ്പെടെ തീരമേഖലകളിൽനിന്ന് നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്‌ടർമാരുടെ കുറവ് നികത്താൻ മുൻ നഗരസഭാ ഭരണനേതൃത്വം ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് ഭരണനേതൃത്വത്തിന്റെ അനാസ്ഥകാരണം ആശുപത്രി പ്രവർത്തനം തകിടംമറിഞ്ഞു. കൂടുതൽ ഡോക്‌ടർമാരെ നിയമിച്ചില്ലെങ്കിൽ അത്യാഹിതവിഭാഗം പ്രവർത്തനം താറുമാറാകും. ഡോക്‌ടർമാരുടെ ഒഴിവ് നികത്താത്തതും സ്ഥിതി ഗുരുതരമാക്കുന്നു. ആശുപത്രി സൂപ്രണ്ട് തസ്‌തികയിൽ വരവും പോക്കുമാണ്. വിരമിച്ചയാൾക്കുശേഷം ചുമതലയേറ്റയാളെ ദിവസങ്ങൾക്കുള്ളിൽ മാറ്റി. പകരം വന്നയാളെയും തെറിപ്പിക്കാനുള്ള നീക്കമാണ് അണിയറയിൽ. തങ്ങൾ നിർദേശിക്കുന്ന സൂപ്രണ്ട് മതിയെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. പല തസ്‌തികകളും നികത്താൻ ശ്രമമില്ല. പാമ്പുകടിയേറ്റ് വന്ന യുവതി ആവശ്യമായചികിത്സ ലഭിക്കാതെ മരിച്ചതിൽ കടുത്ത രോഷമാണ് ഉണ്ടായത്. എന്നിട്ടും ആവശ്യമായ ഡോക്‌ടർമാരെ നിയമിക്കാത്ത അനാസ്ഥയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.









0 comments