പ്ലസ് വൺ പ്രവേശനം കാത്ത് 82,753 വിദ്യാര്‍ഥികള്‍
ഒന്നാം അലോട്ട്മെന്റില്‍ 40,554 പേർ 16,853 അപേക്ഷകർ പുറത്താകും

മലപ്പുറം
പ്ലസ് വൺ പ്രവേശന നടപടിക്രമങ്ങളുടെ ഭാഗമായുള്ള ആദ്യ അലോട്ട്മെന്റിൽ ജില്ലയിൽ പ്രവേശനം നേടിയത് 40,554 പേർ. ബാക്കിയുള്ള 17,301 സീറ്റുകളിൽകൂടി അപേക്ഷകർക്ക് പ്രവേശനം നേടാനാകും. ഡിഫറന്റ്‌ലി ഏബിൾഡ് വിഭാഗത്തിനുള്ള അധിക സീറ്റുൾപ്പെടെ ജില്ലയിലാകെ 57,855 സീറ്റുകളാണ് സർക്കാർ, എയ്‌ഡഡ് മേഖലയിലുള്ളത്. ഇതിലേക്ക് 82,753 പേരാണ് അപേക്ഷ നൽകിയത്. 8213 പേർ മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകരാണ്. മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകരെ മാറ്റിനിർത്തിയാൽപോലും 16,853 പേർക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കില്ല. ജനറൽ വിഭാഗത്തിൽ ആകെയുള്ള 26,844 സീറ്റുകളിൽ മുഴുവൻ പേരും പ്രവേശനം നേടി. ഇടിബി (ഇൗഴവ, തിയ്യ, ബില്ലവ) വിഭാഗത്തിൽ ആകെയുള്ള 3294 സീറ്റിൽ 3253 പേർ പ്രേവേശനം നേടി. 41 സീറ്റുകൾ ബാക്കിയുണ്ട്. മുസ്ലിം വിഭാഗങ്ങൾക്കായുള്ള 2999 സീറ്റിൽ മുഴുവൻ പേരും പ്രവേശനം നേടിയിട്ടുണ്ട്. എൽഎസ്‌എ (എൽസി, എസ്‌ഐയുസി, ആംഗ്ലോ ഇന്ത്യൻ) വിഭാഗത്തിനുള്ള 1288 സീറ്റിൽ 47 പേർമാത്രമാണ് പ്രവേശനം നേടിയത്. 1241 സീറ്റുകൾ ബാക്കിയുണ്ട്. ഒബിസി (ക്രിസ്‌ത്യൻ) വിഭാഗത്തിനുള്ള 439 സീറ്റിൽ 39 പേർ പ്രവേശനം നേടി. ഒബിസി (ഹിന്ദു) വിഭാഗത്തിനുള്ള 1288 സീറ്റിൽ 580 പേർ പ്രവേശനം നേടി. ബാക്കിയുള്ളത് 708 സീറ്റ്. എസ്‌സി വിഭാഗത്തിനുള്ള 8127 സീറ്റിൽ 4485 പേരും പ്രവേശനം നേടി. 3642 സീറ്റുകൾ ബാക്കിയുണ്ട്. എസ്‌ടി വിഭാഗത്തിനുള്ള 5357 സീറ്റിൽ 204 പേർമാത്രമാണ് പ്രവേശനം നേടിയത്. 5153 സീറ്റുകൾ ബാക്കിയുണ്ട്. ഡിഫ്രന്റ്ലി ഏബിൾഡ് വിഭാഗത്തിനുള്ള 1075 സീറ്റിൽ 622 പേരും ബ്ലൈൻഡ് വിഭാഗത്തിനുള്ള 281 സീറ്റിൽ 24 പേരും പ്രവേശനം നേടി. ജില്ലയിൽ പ്ലസ് വൺ പ്രവേശത്തിനുള്ള അപേക്ഷകരിലും അനുവദിക്കപ്പെട്ടിരുന്ന സീറ്റുകളിലും അന്തരമുണ്ടായപ്പോൾ കഴിഞ്ഞ എൽഡിഎഫ് സർക്കാർ മാർജിനൽ സീറ്റിൽ 30 ശതമാനം വർധന വരുത്തി കൂടുതൽ പേർക്ക് പ്രവേശനം നേടാൻ അവസരമൊരുക്കിയിരുന്നു. ഇതിനുപുറമെ മറ്റ് ജില്ലകളിലുണ്ടായിരുന്ന അധിക ബാച്ചുകൾ ജില്ലയിലേക്ക് അനുവദിച്ചും പ്രശ്‌നത്തിന് പരിഹാരംകണ്ടിരുന്നു. എന്നാൽ പുതിയ യുഡിഎഫ് സർക്കാർ പ്ലസ്‌വണ്ണിന് ജില്ലയിൽ കൂടുതൽ പേർക്ക് പ്രവേശനം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടപെട്ടിട്ടില്ല. എൽഡിഎഫ് സർക്കാർ സ്വീകരിച്ച മാർജിനൽ സീറ്റിലെ 30 ശതമാനം വർധനമാത്രമാണ് ഇപ്പോഴും പ്രഖ്യാപിച്ചിട്ടുള്ളത്.









0 comments