മൂവാറ്റുപുഴ നഗരസഭ ഡമ്പിങ് യാർഡ്
ബയോ മൈനിങ് നിലച്ചത് ഭരണസമിതിയുടെ പിടിപ്പുകേട്

മൂവാറ്റുപുഴ നഗരസഭയുടെ കടാതി വളക്കുഴിയിലെ ഡമ്പിങ് യാർഡ് എൽഡിഎഫ് കൗൺസിലർമാർ സന്ദർശിക്കുന്നു
മൂവാറ്റുപുഴ
നഗരസഭയുടെ മാലിന്യസംഭരണകേന്ദ്രമായ കടാതി വളക്കുഴിയിലെ ഡമ്പിങ് യാർഡിൽ മാസങ്ങളായി ബയോ മൈനിങ് നടക്കാത്തത് ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. പ്രവർത്തനം നിലച്ച ഡമ്പിങ് യാർഡ് എൽഡിഎഫ് കൗൺസിലർമാർ സന്ദർശിച്ചു.
മൂന്നുമാസമായി യാർഡിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തരംതിരിച്ച് നീക്കുന്നില്ല. ബയോമൈനിങ്ങിന് കരാർ എടുത്ത കമ്പനിയുമായുള്ള യുഡിഎഫ് കൗൺസിലിന്റെ ഒത്തുകളിയാണ് കാരണം. കഴിഞ്ഞ ഓണത്തിന് ഡമ്പിങ് യാർഡിലെ മാലിന്യക്കൂമ്പാരം മറച്ചുകെട്ടി തൽക്കാല പൂന്തോട്ടം തയ്യാറാക്കി കരാർ കമ്പനിയും യുഡിഎഫ് ഭരണസമിതിയും ചേർന്ന് ഓണാഘോഷവും ഓണസദ്യയും നടത്തി. തുടർന്ന് ഇടവിട്ട് നടത്തിയ ബയോമൈനിങ് പൂർണമായി നിലച്ചു. പ്രദേശത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്.
സമീപവാസികളുടെ വീടുകളിലെ കിണറുകളിലും മറ്റും മാലിന്യം ഒഴുകിയെത്തുന്നു. പ്രദേശത്ത് ദുർഗന്ധവുമുണ്ട്. പകർച്ചവ്യാധികൾ ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥിതിയാണ്. ബയോമൈനിങ്ങിനുള്ള യന്ത്രസാമഗ്രികൾ തുരുമ്പെടുത്തു നശിക്കുന്നു. നടപടിയെടുക്കാൻ നഗരസഭ തയ്യാറാകുന്നില്ല.
ബയോമൈനിങ് നടത്തുന്നതിനും മാലിന്യനീക്കം ഉറപ്പുവരുത്താനും നഗരസഭ ഭരണസമിതി തയ്യാറാകണമെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി മജീദ് മങ്ങാടൻ, കൗൺസിലർമാരായ എൻ എം കിഷോർ, ടി എ സജി, റബിൻസ് ടി അലിയാർ, അമ്പിളി ബിജു, ജയ സുകു, രജനി സജീവ് എന്നിവർ ഡമ്പിങ് യാർഡ് സന്ദർശിച്ചു.










0 comments