ad
Deshabhimani

print edition മന്ത്രിസഭാ രൂപീകരണവും 
വാക്കുപാലിക്കാത്ത
പ്രഖ്യാപനവും

editorial.
വെബ് ഡെസ്ക്

Published on May 19, 2026, 12:00 AM | 2 min read

പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷം സംസ്ഥാനത്ത്‌ യുഡിഎഫ്‌ മന്ത്രിസഭ അധികാരമേറ്റിരിക്കുന്നു. ‘ടീം യുഡിഎഫ്‌’ എന്ന്‌ അവകാശപ്പെട്ട്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ ജയിച്ചെങ്കിലും തുടർന്ന്‌ പ്രകടമായത്‌ അനൈക്യത്തിന്റെയും ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളുടെയും തർക്കങ്ങളുടെയും പരമ്പരയാണ്‌.


മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കാൻ 14 ദിവസം നീണ്ട മാരത്തൺ ചർച്ചകൾ വേണ്ടിവന്നു. എന്നിട്ടും പൂർണതൃപ്‌തിയോടെ തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രിപ്പട്ടികയിൽ അർഹർ പലരും ഇല്ലാതെപോയെന്നും മുഖ്യമന്ത്രി വി ഡി സതീശൻ തുറന്നുപറഞ്ഞു.


അധികാരമെന്നത്‌ ആസ്വദിക്കാനും ആഘോഷിക്കാനും ജാതിമതശക്തികളെ തൃപ്‌തിപ്പെടുത്താനുമുള്ള അവസരമാണെന്ന കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും കാഴ്‌ചപ്പാടിന്‌ വലതുപക്ഷ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുകയാണ്‌.


​കണക്കുതീർക്കലിന്റെയും ഗ്രൂപ്പ്‌ ശക്തിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനങ്ങൾ പങ്കിട്ടു. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതെ പോയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, തന്നോട്‌ ആഭിമുഖ്യമുള്ളവരെ മന്ത്രിമാരാക്കാൻ വ്യഗ്രത കാട്ടി. ഘടകകക്ഷികളിലും പരിഭവങ്ങളും പരാതികളും ബാക്കിയാണ്‌.


പുതുയുഗമെന്ന്‌ പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കൾക്കും ബന്ധുക്കൾക്കുമാണ്‌ മുൻഗണന. കോൺഗ്രസിന്റെയും ലീഗിന്റെയും മക്കൾരാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്‌ ഇ‍ൗ പങ്കാളിത്തം. മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകൻ കെ മുരളീധരൻ, മുൻ ചീഫ്‌ വിപ്പ്‌ സീതി ഹാജിയുടെ മകൻ പി കെ ബഷീർ, നാലുതവണ മന്ത്രിയായിരുന്ന ടി എം ജേക്കബ്ബിന്റെ മകൻ അനൂപ്‌ ജേക്കബ്‌, മുൻമന്ത്രി ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോൺ, മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾ ഗഫൂർ എന്നിവർ ഇടംപിടിച്ചു.


പാലക്കാട് എംപി വി കെ ശ്രീകണ്‌ഠന്റെ ഭാര്യ കെ എ തുളസിയും മന്ത്രിയാണ്‌. മുൻമന്ത്രി പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്‌ ചീഫ്‌ വിപ്പുമാണ്‌.


​പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങും യുഡിഎഫിന്റെ പതിവ്‌ അധികാരത്തിമിർപ്പിന്റെ പ്രതിഫലനമായി. സുരക്ഷയുടെ ഭാഗമായ നിയന്ത്രണങ്ങൾപോലും യുഡിഎഫ്‌ പ്രവർത്തകർ ലംഘിച്ചു. നേതാക്കൾ അതെല്ലാം അംഗീകരിച്ചുകൊടുക്കുകയും ചെയ്‌തു.


അധികാരവികേന്ദ്രീകരണവും മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുതാര്യമായ തീരുമാനങ്ങളുമാണ്‌ എൽഡിഎഫ്‌ സർക്കാരുകളുടെ പ്രവർത്തനരീതിയെങ്കിൽ, യുഡിഎഫ്‌ ഭരണകാലങ്ങളിൽ നേർവിപരീതമായ അനുഭവമാണ്‌ ഇതുവരെ ഉണ്ടായിട്ടുള്ളത്‌. ഇത്തവണയും തനിയാവർത്തനമാകുമെന്നാണ്‌ ലക്ഷണങ്ങൾ നൽകുന്ന സൂചന. യുഡിഎഫ്‌ അനുകൂലപത്രങ്ങൾ തലസ്ഥാന നഗരത്തിലെ ഇത്തരം നീക്കങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌.


​അധികാരം കിട്ടിയാൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ ചില ഉറപ്പുകൾ യുഡിഎഫ്‌ നൽകിയിരുന്നു. ആശമാരുടെ പ്രതിമാസവേതനം 21,000 രൂപയായി ഉയർത്താൻ ആദ്യമന്ത്രിസഭായോഗം തീരുമാനിക്കുമെന്നായിരുന്നു ഉറപ്പുകളിലൊന്ന്‌. ഇപ്പോൾ പ്രതിമാസം വേതനം 3000 രൂപ മാത്രം വർധിപ്പിച്ച്‌ 12,000 ആക്കാനാണ്‌ തീരുമാനിച്ചത്‌. ബാക്കി പിന്നീട്‌ നോക്കാമെന്നാണ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട്‌.


വിരമിക്കൽ ആനുകൂല്യം അഞ്ചുലക്ഷം രൂപയായി ഉയർത്തുമെന്ന വാഗ്‌ദാനവും പാലിച്ചില്ല. ഇതിന്‌ വേണ്ടിവരുന്ന അധിക സാന്പത്തികബാധ്യത സംബന്ധിച്ച്‌ പരിശോധന വേണമെന്നാണ്‌ വിശദീകരണം. ഭരണം കിട്ടിയശേഷമല്ലേ കണക്കുകൾ ലഭ്യമാകൂ എന്നും മുഖ്യമന്ത്രി സതീശൻ ചോദിക്കുന്നു. ഒന്നും പഠിക്കാതെയാണോ ഉറപ്പ്‌ നൽകിയതെന്ന ചോദ്യം ശേഷിക്കുകയാണ്‌.


ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 2011–2016ൽ ആശമാരുടെ വേതനം 500 ര‍ൂപമാത്രമാണ്‌ വർധിപ്പിച്ചത്‌. 2016ൽ എൽഡിഎഫ്‌ സർക്കാർ വരുന്പോൾ 1000 രൂപയായിരുന്ന വേതനം പല ഘട്ടങ്ങളിലായി 8000 രൂപ വർധിപ്പിച്ചാണ്‌ 9000 രൂപയിൽ എത്തിച്ചത്‌.


​യുഡിഎഫ്‌ നൽകിയ ഗ്യാരന്റികളുടെ ഭാഗമായി, കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര എന്ന വാഗ്‌ദാനം ജൂൺ 15 മുതൽ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ വിശദാംശങ്ങൾ പിന്നീട്‌ പറയാമെന്നാണ്‌ സതീശന്റെ പ്രതികരണം. വയോജനവകുപ്പ്‌ രൂപീകരിക്കുമെന്ന തീരുമാനവും യുഡിഎഫ്‌ മന്ത്രിസഭയുടെ ആദ്യയോഗം കൈക്കൊണ്ടു.


വയോജനങ്ങളുടെ പരിചരണത്തിനും ക്ഷേമത്തിനും എൽഡിഎഫ്‌ സർക്കാർ വൈവിധ്യമാർന്ന പദ്ധതികളാണ്‌ നടപ്പാക്കിവന്നത്‌. വയോജന കമീഷൻ രൂപീകരിക്കുകയും ചെയ്‌തു. ഇ‍ൗ ദിശയിൽ വയോജനക്ഷേമം ഉറപ്പാക്കാനാണോ യുഡിഎഫ്‌ സർക്കാർ ശ്രമിക്കുകയെന്ന്‌ കണ്ടറിയേണ്ടതുണ്ട്‌. സാമൂഹ്യക്ഷേമ പെൻഷനുകൾ വയോജനങ്ങൾക്ക്‌ ഏറെ ആശ്വാസമാണെന്നിരിക്കെ അതുപോലും ദീർഘകാലം മുടക്കിയ പാരമ്പര്യമാണ്‌ യുഡിഎഫിന്റേത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home