റെയില്‍പാളം മോഷ്ടിച്ച 3 പേർ അറസ്റ്റിൽ

അഫ്‌സൽ താജുദ്ദീൻ ചന്ദ്രശേഖർ മാലിക്

സ്വന്തം ലേഖകൻ
Published on Jul 02, 2026, 03:27 AM | 1 min read
കൊച്ചി
കൊച്ചി തുറമുഖ അതോറിറ്റിയുടെ അതിസുരക്ഷ മേഖലയില്‍നിന്ന് റെയില്‍ പാളം മോഷ്ടിച്ച് കടത്തിയവര്‍ അറസ്റ്റില്‍. വൈപ്പിന്‍ സ്വദേശി അഫ്‌സല്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി താജുദ്ദീന്‍, ഒഡിഷക്കാരനായ ചന്ദ്രശേഖര്‍ മാലിക് എന്നിവരാണ് തൊണ്ടിയുമായി ആലുവ മാര്‍ക്കറ്റിനടുത്തുനിന്ന് എറണാകുളം സൗത്ത് ആര്‍പിഎഫ് സ്‌ക്വാഡിന്റെ പിടിയിലായത്. ലോറിയില്‍ കടത്തുമ്പോഴാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് സൗത്ത് ആര്‍പിഎഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി പറഞ്ഞു.
പ്രതികൾ നൽകിയ വിവരമനുസരിച്ച് ആലുവ എന്‍എഡി റോഡിലെ പൊന്തക്കാട്ടില്‍നിന്ന് പാളത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെടുത്തു. പാളം കടത്താൻ ഉപയോഗിച്ച ലോറിയും മുറിച്ച് കഷ്‌ണങ്ങളാക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറും പിടിച്ചെടുത്തു. ഇവർ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ്. ഇവരെ റിമാന്‍ഡ് ചെയ്തു.
മൂന്നുപേരും എറണാകുളം വാര്‍ഫില്‍ കരാര്‍ തൊഴിലാളികളായി മുന്‍പ് ജോലിചെയ്തിട്ടുള്ളവരാണ്. സ്ഥലപരിചയം മോഷണം എളുപ്പമാക്കി. എറണാകുളം വാര്‍ഫ് ക്യൂ 9 ബര്‍ത്തിനുസമീപമുള്ള റെയില്‍ പാളത്തിന്റെ 500 മീറ്ററോളം വരുന്ന ഭാഗമാണ് സ്ലീപ്പര്‍ ഇളക്കിമാറ്റി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുകടത്തിയത്. 400 കഷ്ണമാക്കിയാണ് പാളം ലോറിയിൽ കടത്തിയത്.
സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെകുറിച്ച് സൂചന ലഭിച്ചത്. പല ദിവസങ്ങളിലായാണ് മോഷണം നടത്തിയതെന്നാണ് സൂചന. തമിഴ്‌നാട്ടിലെത്തിച്ച് വില്‍ക്കുകയായിരുന്നു ലക്ഷ്യം. അതിസുരക്ഷ മേഖലയില്‍ സുരക്ഷാചുമതലയുള്ള സിഐഎസ്എഫിന്റെ വീഴ്ചയും മോഷണത്തിന് വഴിവച്ചു. മോഷണം നടന്നശേഷം ഇലക്ട്രിക്കല്‍, എന്‍ജിനിയറിങ് വിഭാഗം, ആര്‍പിഎഫ് എന്നിവര്‍ ഈ മേഖലയില്‍ പരിശോധന നടത്തി. പാളം കടന്നുപോകുന്ന വളപ്പ് അധികൃതര്‍ അടച്ചു.
എറണാകുളം റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറുടെ പരാതിയിലാണ് ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം നടത്തിയത്. തുറമുഖ അതോറിറ്റിയും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. അതിസുരക്ഷ മേഖലയില്‍ മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കി, പാളം എങ്ങിനെ പുറത്തേക്ക് കടത്തി എന്ന ചോദ്യം ഉയരുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് തുറമുഖ അതോറിറ്റിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അറിയാനാകും.










0 comments