ad
Deshabhimani

ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ

204 അധ്യാപക ഒഴിവുകള്‍

teachers
avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 03:35 AM | 1 min read

കൊച്ചി


പുതിയ അധ്യയനവര്‍ഷം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപക നിയമന പ്രതിസന്ധി രൂക്ഷമാകുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളിലായി നിലവില്‍ 204 അധ്യാപക ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. എല്‍പി– 76, യുപി– 85, ഹൈസ്കൂള്‍– 43 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. അധ്യാപകരുടെ അര്‍ഹതപ്പെട്ട സ്ഥലംമാറ്റങ്ങള്‍, പ്രധാനാധ്യാപക നിയമനങ്ങള്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ എന്നിവയും അനിശ്ചിതത്വത്തിലാണ്.


മതിയായ അധ്യാപകരില്ലാത്തത് കുട്ടികളുടെ പഠനത്തെയും സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. പല സ്കൂളുകളിലും ഒരു അധ്യാപകൻതന്നെ ഒന്നിലധികം ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടിവരുന്ന സ്ഥിതിയുമുണ്ട്. ഇതിനിടെ, അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടിയും ബുധനാഴ്ച ആരംഭിച്ചു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട അധ്യാപകർക്കുപകരം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.


ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലെയും പ്രധാനാധ്യാപകന്‍ ഒഴികെയുള്ളവരെ സെന്‍സസ് ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്. പകരം അധ്യാപകരില്ലാത്തത് സുഗമമായി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ വലിയ പ്രയാസം സൃഷ്ടിക്കും. ക്ലാസുകള്‍ക്കുശേഷം സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അധ്യാപകരും പറയുന്നു. കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home