മഞ്ഞ കാർഡുകാർക്ക് കേന്ദ്രത്തിന്റെ കടുംവെട്ട്
479.50 ടൺ ഭക്ഷ്യധാന്യം കുറയും

കൊച്ചി
കേന്ദ്രസർക്കാരിന്റെ കടുംവെട്ടിൽ ജില്ലയിലെ അന്ത്യോദയ അന്നയോജന (എഎവൈ–മഞ്ഞകാർഡ്) കാർഡ് ഉടമകൾക്ക് കുറയുന്നത് 479.50 ടൺ ഭക്ഷ്യധാന്യം. നിലവിൽ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ കാർഡ് ഒന്നിന് 35 കിലോവീതം സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യമാണ് വെട്ടിക്കുറയ്‌ക്കുന്നത്. ഒരംഗത്തിന് ഏഴ് കിലോയായി കുറയ്‌ക്കാനാണ് കേന്ദ്സർക്കാർ നീക്കം. ഇതോടെ രണ്ടംഗ കുടുംബത്തിന് കിട്ടിയിരുന്ന 35 കിലോ ഭക്ഷ്യധാന്യം 14 കിലോയാകും. അഞ്ച് അംഗങ്ങളിൽ അധികമുള്ള കുടുംബത്തിനും പരമാവധി 35 കിലോ ഭക്ഷ്യധാന്യം മാത്രമേ ലഭിക്കൂ.
ജില്ലയിൽ 35,823 മഞ്ഞ കാർഡുകളിലായി 1,10,614 അംഗങ്ങളുണ്ട്. മാസം ഒരുകുടുംബത്തിന് മുപ്പത് കിലോ അരിയും മൂന്ന് കിലോ ആട്ടയും രണ്ട് കിലോ ഗോതന്പുമാണ് റേഷൻകടകൾവഴി നൽകുന്നത്. ജില്ലയിലാകെ ഒരുമാസം വിതരണം ചെയ്യുന്നത് 12,53,805 കിലോ (1253.80 ടൺ) ഭക്ഷ്യധാന്യമാണ്. ഒരംഗത്തിന് ഏഴ് കിലോയായി ചുരുക്കിയാലിത് 7,74,298 കിലോയായി (774.29 ടൺ) കുറയും. സൗജന്യ അരി കിട്ടാതെ വരുന്പോൾ കൂടുതൽ പണം നൽകി പുറത്തുനിന്ന് അരിവാങ്ങാൻ കാർഡുടമകൾ നിർബന്ധിതരാകും. സൗജന്യ ഭക്ഷ്യധാന്യത്തെ മാത്രം ആശ്രയിക്കുന്ന പാവങ്ങളോടാണ് കേന്ദ്രത്തിന്റെ ഇൗ ക്രൂരത.
റേഷൻ വ്യാപാരികളുടെ വരുമാനത്തെയും ഇത് സാരമായി ബാധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2000ൽ കേന്ദ്രസർക്കാർ തുടങ്ങിയ പദ്ധതിക്കാണ് മോദി സർക്കാരിന്റെ കടുംവെട്ട്.










0 comments