ad
Deshabhimani

ലോറി ഇടിച്ച് ടൂറിസ്റ്റ് ബസ് 
മറിഞ്ഞു; 27 പേർക്ക് പരിക്ക്

accident

മൂവാറ്റുപുഴയിൽ അപകടത്തിൽ തകർന്ന ടൂറിസ്റ്റ് ബസ്

വെബ് ഡെസ്ക്

Published on Jul 02, 2026, 03:24 AM | 1 min read

മൂവാറ്റുപുഴ


പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. ബസ്‌യാത്രക്കാരായ 27 പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ 130 ജങ്‌ഷനിൽ ബുധൻ പുലർച്ചെ നാലോടെയാണ് അപകടം.


മൂന്നാറിൽനിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. മൂവാറ്റുപുഴയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പച്ചക്കറി കയറ്റിപ്പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ബസിനുപിന്നിൽ ഇടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ജീവനക്കാരും ഉൾപ്പെടെ ബസിൽ 27 പേരുണ്ടായിരുന്നു.


പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചുപേർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്‌ധചികിത്സ തേടി. കൂടുതൽ പേർക്കും കൈകളിലും കാലുകളിലുമാണ് പരിക്ക്. തലയ്ക്ക് പരിക്കേറ്റവരുമുണ്ട്. മൂവാറ്റുപുഴ അഗ്നിരക്ഷാസേന എത്തിയാണ് പരിക്കേറ്റവരെ ബസിനുള്ളിൽനിന്ന് പുറത്തിറക്കി ആശുപത്രികളിൽ എത്തിച്ചത്.  ക്രെയിൻ ഉപയോഗിച്ച് ബസ് നിവർത്തിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ കെ എ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൂവാറ്റുപുഴ  പൊലീസും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home