ad
Deshabhimani

print edition മദ്യക്കമ്പനിക്കൊപ്പം മുഖ്യമന്ത്രി ഉറച്ച് നിൽക്കുന്നതെന്തിന്

editorial.
വെബ് ഡെസ്ക്

Published on Jun 25, 2026, 12:00 AM | 2 min read

വീര്യം കുറഞ്ഞ മദ്യത്തിന് വൻ നികുതിയിളവ് നൽകിയ നടപടി നിലനിൽക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റിന്റെ മറുപടിപ്രസംഗത്തിലെ നിലപാട്‌ ഞെട്ടിക്കുന്നതാണ്‌. വകുപ്പുമന്ത്രിയും കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കളും തെരഞ്ഞെടുപ്പിൽ സഹായിച്ച സാമുദായിക സംഘടനകളുമെല്ലാം രൂക്ഷമായി എതിർത്തിട്ടും അത്‌ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇവരേക്കാൾ വലുതാണ്‌ മുഖ്യമന്ത്രിക്ക്‌ മദ്യക്കന്പനിയുമായുള്ള ബാന്ധവം എന്നാണ്‌ ഇ‍ൗ മറുപടിയിൽനിന്ന്‌ വ്യക്തമാകുന്നത്‌. അതേസമയം, ഇതിൽ നയപരമായ തീരുമാനം യുഡിഎഫിന്‌ എടുക്കാമെന്ന തൊടുന്യായം പറഞ്ഞ്‌ ജനങ്ങളുടെ കണ്ണുകെട്ടി വീണ്ടും വിഡ്ഢികളാക്കാനും ശ്രമിക്കുന്നു. ബജറ്റ്‌ പാസായി ഫിനാൻസ്‌ ബില്ലായാൽ അത്‌ സംസ്ഥാനത്തെ നിയമമാകുമെന്നും മദ്യക്കന്പനിക്ക്‌ വീര്യം കുറഞ്ഞ മദ്യം വിൽക്കാനാകുമെന്നും അല്ലെങ്കിൽ അവർക്ക്‌ കോടതിയിൽ ചോദ്യംചെയ്യാനാകുമെന്നുമുള്ള വസ്‌തുത മറച്ചുവച്ചാണ്‌ ഇ‍ൗ പൊറാട്ടുനാടകം കളിക്കുന്നത്‌.

​കേരളം കണ്ട ഏറ്റവും വേഗമേറിയ ‘ഭരണനടപടി’കളിലൊന്നാണ്‌ ഒരു മദ്യക്കമ്പനിക്കുവേണ്ടി നടന്നത്‌ എന്നത് അവിശ്വസനീയമായി തോന്നാം. ഇത്‌ ഈ സർക്കാരിന്റെ യഥാർഥ അജൻഡയിലേക്കാണ് വിരൽചൂണ്ടുന്നത്. ഭരണത്തിന്റെ ആദ്യനാളുകളിൽത്തന്നെ അഴിമതിയുടെ കറപുരണ്ട ഒരു തീരുമാനത്തിലേക്ക് സർക്കാർ എടുത്തുചാടിയത്, മദ്യലോബിയുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ തെളിവാണ്. കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാരും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുത്തനെ കുറച്ചിരുന്നു.


​വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നത് ഖജനാവ്‌ കൊള്ളയടിക്കലാണെന്നും വൻ അഴിമതിയാണെന്നും പ്രതിപക്ഷനേതാവായിരിക്കെ അലമുറയിട്ട വി ഡി സതീശനാണ്, ഇന്ന് മുഖ്യമന്ത്രിക്കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻപിടിക്കുന്നത്. ബക്കാഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഇതേ നികുതിയിളവ് അപേക്ഷ എൽഡിഎഫ് സർക്കാർ ഒന്നരവർഷത്തിലേറെ മാറ്റിവച്ച്‌ മടക്കിയിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരമേറ്റ പിറ്റേദിവസംതന്നെ ഫയലിന്‌ ജീവൻവച്ചു. തീരുമാനമെടുത്തതാകട്ടെ റെക്കോഡ് വേഗത്തിലും. കേവലം രണ്ടുമണിക്കൂറും 57 മിനിറ്റുംകൊണ്ട് ഏഴ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്തുകൂടി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എന്നത് ആസൂത്രിതമായ അഴിമതിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ഭരണസംവിധാനത്തിന്റെ അനുവാദമില്ലാതെ ഇത്രയും വേഗത്തിൽ ഫയലുകൾ ചലിക്കില്ലെന്നിരിക്കെ, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഇതിലുണ്ടെന്ന്‌ വ്യക്തം.


​എക്സൈസ് മന്ത്രിപോലും അറിയാത്ത, ബജറ്റ് പ്രസംഗത്തിലൂടെമാത്രം വെളിപ്പെട്ട ഈ നികുതിയിളവ് മദ്യലോബികൾക്ക് കോടികളുടെ ലാഭം കൊയ്യാനുള്ള വഴിയൊരുക്കലാണ്. 251 ശതമാനം നികുതിയുണ്ടായിരുന്ന സ്ഥാനത്ത് 120 ശതമാനംവരെ ഇളവ് നൽകുന്നത് ഖജനാവിന് വരുത്തുന്ന നഷ്ടം ചില്ലറയല്ല. കർഷകരെ സഹായിക്കാനായി എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നയത്തിന്റെ മറപിടിച്ച്, യഥാർഥത്തിൽ വൻകിട മദ്യക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണ് സതീശൻ നടത്തുന്നത്‌. കർണാടക മദ്യലോബിയുമായുള്ള ബന്ധവും വി ഡി സതീശന്റെ മംഗളൂരു യാത്രയും ഈ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെ വേണം കാണാൻ. തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് ചെലവാക്കിയ പണത്തിന്റെ ഉറവിടവും മദ്യലോബിയുമായുള്ള ഡീലും തമ്മിലുള്ള ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.


​മദ്യവിരുദ്ധത പ്രസംഗിക്കുന്ന മുസ്ലിംലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഈ അഴിമതിക്ക് കുടപിടിക്കുന്നത് അണികളെ വഞ്ചിക്കുന്നതിനു തുല്യമാണ്. കെ ബാബുവിന്റെ കാലത്തെ ബാർ കോഴയെ അനുസ്‌മരിപ്പിക്കുംവിധം, അതിലേറെ വലിയൊരു സാമ്പത്തിക ക്രമക്കേടിനാണ് യുഡിഎഫ് തുടക്കമിട്ടിരിക്കുന്നത്. യുവജനങ്ങളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വിപണി കീഴടക്കാൻ വൻകിട കമ്പനികൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ, കേരളത്തിന്റെ സാമൂഹിക സുസ്ഥിതിയെക്കൂടിയാണ്‌ വെല്ലുവിളിക്കുന്നത്. ​യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിൽത്തന്നെ ഉയർന്നുകേൾക്കുന്ന ഈ അഴിമതി ആരോപണം, വരാനിരിക്കുന്ന ദിവസങ്ങളിൽ ഈ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന്‌ ഉറപ്പാണ്. ‘അഴിമതി വിമുക്ത ഭരണം’ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ അധികാരം കിട്ടിയ ഉടനെ മദ്യലോബിയുടെ ചട്ടുകമായി മാറിയത് കേരളീയസമൂഹം അതീവഗൗരവത്തോടെയാണ് കാണുന്നത്. ഈ ജനവഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. അഴിമതിയുടെ ‘വീര്യം’ തിരിച്ചറിയാൻ ഇനിയുമെന്ത് തെളിവാണ് കേരളത്തിന് വേണ്ടത്?​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home