print edition ഇൗ ദാസ്യവൃത്തി കേരളത്തിന് അപമാനം

മൂന്നുപതിറ്റാണ്ടിലേറെ ആർഎസ്‌എസിനെ നയിച്ച എം എസ് ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ കുനിഞ്ഞുനിന്ന് വിളക്ക് കൊളുത്തിയ വി ഡി സതീശനിൽനിന്ന് ഇതിലപ്പുറമൊന്നും മതനിരപേക്ഷ കേരളത്തിന് പ്രതീക്ഷിക്കാനില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കോൺഗ്രസ് ഒരുകാലത്ത് തള്ളിപ്പറഞ്ഞ ‘വന്ദേമാതര’ത്തെ നെഞ്ചേറ്റുകയും പൊതുസദസ്സിൽ ഒൗദ്യോഗികമായി അത് മുഴുവനായി പാടാൻ അവസരമുണ്ടാക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് സതീശൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രി. വന്ദേമാതരം സംബന്ധിച്ച തങ്ങളുടെ നയം മാറ്റിയോയെന്ന് വ്യക്തമാക്കേണ്ടത് എഐസിസി നേതൃത്വമാണ്.
മെയ് 18ന് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള പരിപാടിയായിരുന്നിട്ടും അത് തടയാൻ യുഡിഎഫിനോ കോൺഗ്രസിനോ മുഖ്യമന്ത്രിക്കോ സാധിച്ചില്ല. പാട്ടിന് അനുസരിച്ച് ചുണ്ടനക്കുകയായിരുന്നു അന്ന് വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ. എന്നാൽ, വന്ദേമാതരം മുഴുവൻ പാടുമെന്ന് തനിക്കറിയില്ലായിരുന്നു എന്ന് വി ഡി സതീശൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ സ്വാതന്ത്ര്യദിനച്ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ ഇറങ്ങിയപ്പോഴും മുഖ്യമന്ത്രിക്ക് പറയാനുണ്ടായിരുന്നത് താനറിഞ്ഞില്ല എന്നാണ്. ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നിർദേശമെന്നായിരുന്നു മന്ത്രി എൻ ഷംസുദ്ദീന്റെ പ്രതികരണം.
ലോക്‌ഭവൻ അത് നിഷേധിച്ചതോടെ, സംഘപരിവാർ താൽപ്പര്യം സംസ്ഥാന സർക്കാരിനാണോ എന്ന് സ്വാഭാവികമായും ജനങ്ങൾ ചോദിക്കും. മുഖ്യമന്ത്രി അറിയാതെ ചീഫ് സെക്രട്ടറി ഇത്തരമൊരു നിർദേശം നൽകുമെന്നു പറയാൻ സതീശനുമാത്രമേ സാധിക്കൂ. വി ഡി സതീശന് ഇത്തരം അഭ്യാസങ്ങളൊക്കെ അലങ്കാരമായി സ്വയം തോന്നാം; പക്ഷേ കേരള മുഖ്യമന്ത്രി എന്ന സ്ഥാനത്തിന് ചേരുന്നതല്ല അത്.
സംഘപരിവാറിന് സ്വയം കീഴടങ്ങുന്ന സർക്കാരാണ് സതീശന്റേതെന്ന് ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സർവകലാശാലകളിലെ നാമനിർദേശങ്ങൾമുതൽ ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തിയുള്ള ഗവർണറുടെ ഭരണംവരെ ഉദാഹരണങ്ങൾ ഏറെയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ടൂറിസം വാരാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണനെയാണ് സർക്കാർ മുഖ്യാതിഥിയായി ക്ഷണിച്ചത്. ഏറെ കാലം കേരളത്തിൽ, ബിജെപിയുടെ മേൽനോട്ടച്ചുമതല (പ്രഭാരി) വഹിച്ച അദ്ദേഹത്തെ മുഖ്യാതിഥിയായി കൊണ്ടുവന്നതിനെ അത്ര നിഷ്‌കളങ്കമായി കാണാനാകില്ല. വർഷങ്ങളായി ഗവർണറാണ് സമാപനച്ചടങ്ങിലെ മുഖ്യാതിഥിയാകാറുള്ളത്.
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിലും വന്ദേമാതരം പൂർണമായും ആലപിച്ചു. രണ്ടിടത്തും വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല. ഉപരാഷ്ട്രപതിയുടെ പരിപാടിയിൽ പ്രോട്ടോകോൾ പാലിക്കണമെന്നതിനാലാണ് വന്ദേമാതരം മുഴുവൻ പാടിയതെന്നാണ് സാംസ്‌കാരികമന്ത്രി പി സി വിഷ്‌ണുനാഥ് ന്യായീകരിച്ചത്. വന്ദേമാതരം മുഴുവനും പാടണമെന്ന് കേന്ദ്രനിർദേശം ഇല്ല. പൂർണമായും പാടാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. എന്നിട്ടും പ്രോട്ടോകോൾ എന്ന ന്യായം സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ്. എത്രതന്നെ ശ്രമിച്ചാലും മതനിരപേക്ഷ കേരളം സർക്കാരിന്റെ കാപട്യം തിരിച്ചറിയുകതന്നെ ചെയ്യും.
വന്ദേമാതരത്തിനോടുള്ള എതിർപ്പിനെ രാജ്യവിരുദ്ധമെന്ന് വിശേഷിപ്പിക്കാനാണ് സംഘപരിവാർ ശ്രമം. എന്തുകൊണ്ട് എതിർപ്പ് എന്നത് ഏറെ കാലമായി രാജ്യം ചർച്ച ചെയ്യുന്നതാണ്. ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും എതിരാണെന്നതുതന്നെ കാരണം. ഇതുതന്നെയായിരുന്നു ആദ്യകാലംമുതലുള്ള കോൺഗ്രസ് നിലപാടും. എന്നാൽ, സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്തെ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച് തങ്ങൾക്കും സംഘപരിവാറിന്റെ മനസ്സാണെന്ന് അവർ തെളിയിച്ചിട്ടുണ്ട്. ഇതാണോ കോൺഗ്രസിന്റെ മാറിയ നയം.
ദുർഗയെമാത്രം പ്രകീർത്തിക്കുന്നതാണ് ബ്രിട്ടീഷ് സർക്കാരിൽ ഡെപ്യൂട്ടി കമീഷണറായിരുന്ന ബങ്കിംചന്ദ്ര ചാറ്റർജി എഴുതിയ സുദീർഘമായ വന്ദേമാതരഗാനം. മതനിരപേക്ഷസമൂഹത്തിന് ഇത് യോജിച്ചതല്ലെന്ന ചർച്ച ഉയർന്നുവന്നതോടെയാണ് 1937 ഒക്ടോബർ 30-ന് കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി ഇതിലെ ആദ്യത്തെ എട്ടുവരിമാത്രം സ്വീകരിച്ചാൽ മതിയെന്നു തീരുമാനിച്ചത്. ഇക്കാര്യം വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്ക് അറിയില്ലെങ്കിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ബോധ്യപ്പെടുത്തണം. വന്ദേമാതരത്തിൽ ഒന്നും പറയാതെ ഉരുണ്ടുകളിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. മുസ്ലിംലീഗ് ആണത്. യുഡിഎഫിന് തെരഞ്ഞെടുപ്പുകളിൽ ജയിച്ച് അധികാരം നേടാൻ ബിജെപി–ആർഎസ്‌എസ് സഹായം ആവശ്യമാണെന്ന് തെളിഞ്ഞ ഒട്ടേറെ സന്ദർഭങ്ങളുണ്ട്. സങ്കുചിത രാഷ്‌ട്രീയനേട്ടത്തിനായി കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ ദുർബലപ്പെടുത്താൻ കൂട്ടുനിൽക്കുന്നത് അങ്ങേയറ്റം അപമാനകര മാണ്.










0 comments