രണ്ടിടങ്ങളിലായി 24 പവനും 4.65 ലക്ഷവും മോഷണംപോയി

പാലാ കട്ടക്കയം റോഡിൽ മുനമ്പം ഫിഷറീസില്‍ പൊലീസും ഫോർൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു
പാലാ/പൂവത്തിളപ്പ് ജില്ലയിൽ രണ്ടിടത്തായി തിങ്കളാഴ്‌ച പുലർച്ചെ മോഷണം. പാലായിൽ നാല് കടകൾ കുത്തിത്തുറന്ന് 4,65,600 രൂപയും പൂവത്തിളപ്പിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 24 പവനും മോഷണംപോയി. പാലാ നഗരത്തിൽ വിവിധ ഭാഗങ്ങളിലുള്ള നാല് കടകൾ കുത്തിത്തുറന്നാണ് മോഷണം. പുലര്‍ച്ചെ 2.15 മുതൽ 45 മിനിട്ടിനുള്ളിലാണ് പാലായിലെ മോഷണം. സ്ഥാപനങ്ങളുടെ പൂട്ട് തല്ലിത്തകർത്ത് ഉള്ളിലെ മേശവലിപ്പ് കുത്തിത്തുറക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പാലാ പൊലീസ് സ്‌റ്റേഷന് സമീപം സ്റ്റേഡിയം ജങ്ഷനിലും കട്ടക്കയം റോഡിലുമുള്ള സ്ഥാപനങ്ങളിലുമാണ് സംഭവം. കട്ടക്കയം റോഡിലെ മുനമ്പം ഫിഷറീസില്‍ നിന്ന് നാല് ലക്ഷം രൂപയും സമീപത്തെ തലേക്കുന്നില്‍ വാഴക്കുല കടയില്‍നിന്ന് 600 രൂപയും സ്റ്റേഡിയം ജങ്ഷനിലെ കാന്‍ഡിഡില്‍ നിന്ന് 58,000 രൂപയും തൊട്ടടുത്ത ജേഴ്‌സി ഹമ്പ് എന്ന സ്ഥാപനത്തില്‍ നിന്ന് 8,000 രൂപയുമാണ് മോഷ്‌ടിച്ചത്. തിങ്കൾ രാവിലെ കടകള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറുകൾ തകർത്ത നിലയിൽ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. ആദ്യ രണ്ട് സ്ഥാപനങ്ങളിലെ മോഷണ ദൃശ്യങ്ങളിൽ ഒരാളെയും മറ്റിടങ്ങളിൽ രണ്ട് പേരെയും കാണാം. കാന്‍ഡിഡ് എന്ന സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. ഇവ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോട്ടയത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൂവത്തിളപ്പ് ചൊള്ളൻപുഴ സി ജെ ഏബ്രഹാമിന്റെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. ഏബ്രഹാമിന്റെ ഭാര്യ ഹൃദയസംബന്ധമായ ചികിത്സയുമായി ബന്ധപ്പെട്ട് പാലായിലെ സ്വകാര്യ ആശുപത്രിയിലാണ്. ഏബ്രഹാമും കൂട്ടിരിപ്പിനായി ആശുപത്രിയിൽ ആയിരുന്നു. പുലർച്ചെ 4.45ന് ഏബ്രഹാമിന്റെ ഇളയമകനെയും കുടുംബത്തെയും യുകെയിലേക്ക് യാത്രയാക്കാൻ മൂത്ത മകൻ ജീൻസും കുടുംബവും ഏയർപോർട്ടിലേക്കും പോയി. ഈ സമയത്ത് വീടിന്റെ വാതിൽ കുത്തിതുറന്ന് അകത്തു പ്രവേശിച്ച മോഷ്‌ടാവ് അലമാരയിലെ ഡ്രോയർ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. 3വീതം മാല, ചെയിൻ, നാലു മോതിരങ്ങൾ, ഒരു പാദസരം, വള ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളാണ് കവർന്നത്. അലമാരിയിൽനിന്ന് വസ്ത്രങ്ങൾ വലിച്ചിട്ടിട്ടുണ്ട്. മരുന്നുകുപ്പിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നഷ്‌ടമായിട്ടില്ല. പള്ളിക്കത്തോട് പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.










0 comments