ആളില്ലാത്ത വീട്ടിൽനിന്ന് 9 പവൻ കവർന്നു

കല്ലൂർ
കോട്ടായിയിൽ ആളില്ലാത്ത വീട്ടിൽനിന്ന് ഒമ്പത് പവൻ കവർന്നു. കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്‌സന്റെ വീട്ടിലാണ് മോഷണം നടന്നത്. പുറകുവശത്തെ രണ്ട് വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. വീട്ടിലെ രണ്ട് നിരീക്ഷണ കാമറകൾ തകർത്ത് കാമറയുടെ ഡിവിആറും മോഷ്ടാക്കൾ കവർന്നു. വാതിലുകൾ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു. മോഷണം നടന്ന സ്ഥലത്ത് മഞ്ഞൾപ്പൊടിയും കാപ്പിപ്പൊടിയും വിതറിയ നിലയിലായിരുന്നു. രണ്ടു നിലകളിലുമുള്ള അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. ഒരു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ ആഭരണങ്ങൾ മോഷ്ടാക്കൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ 25നാണ് ജെയ്‌സനും കുടുംബവും ചെന്നൈയിലുള്ള മകന്റെ അടുത്തേക്ക് പോയത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പുതുക്കാട് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.










0 comments