ad
Deshabhimani

പാലായിലെ പാലമരങ്ങളും പാൽപുഴയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2026, 12:27 AM | 1 min read

കോട്ടയം ​പാലാ എന്ന പേരിന്റെ പിറവിയെക്കുറിച്ച്‌ ചോദിച്ചാൽ പാലാക്കാർ പറയുക പല കഥകളാകും. അതിന്‌ ചരിത്രപരവും ഭൂമിശാസ്‌ത്രപരവുമായ പശ്‌ചാത്തലമുണ്ട്‌. ഒപ്പം ചില കെട്ടുകഥകളും. മീനച്ചിലാറുമായുള്ള ബന്ധമാണ്‌ പ്രബലമായ വാദം. നഗരത്തെ ചുറ്റി വളഞ്ഞുപുളഞ്ഞ്‌ ഒഴുകുന്ന മീനച്ചിലാർ കരകവിഞ്ഞൊഴുകുമ്പോൾ കരയിൽ പാൽപോലെ ആയിരുന്നത്രേ വെള്ളം കിടന്നിരുന്നത്‌. എക്കൽ മണ്ണും പതഞ്ഞുപൊങ്ങുന്ന വെള്ളവും നിറഞ്ഞുനിൽക്കുന്ന ഈ കാഴ്ചയെ "പാലാഴി' പോലെയെന്ന് നാട്ടുകാർ വിശേഷിപ്പിച്ചുപോന്നു. "പാലാഴി' എന്ന പദം ലോപിച്ച്‌ "പാലാ' ആയെന്ന്‌ ചില പഴമക്കാർ പറയുന്നു. പാലമരങ്ങൾ ഇവിടെ നിരവധി ഉണ്ടായിരുന്നു. മീനച്ചിലാറിന്റെ തീരങ്ങളിലും കുന്നിൻചെരുവുകളിലും പാലമരങ്ങൾ വളർന്നിരുന്നു. അങ്ങനെ പാലയുടെ നാടായ പ്രദേശത്തെ പാലാ എന്ന്‌ വിളിച്ചെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. സസ്യങ്ങളുമായി ബന്ധപ്പെട്ട്‌ മധ്യതിരുവിതാംകൂറിൽ പല സ്ഥലനാമങ്ങളും ഉണ്ടായിട്ടുള്ളതിനാൽ ഇ‍ൗ വാദത്തിന്‌ പിന്തുണക്കാർ കൂടുതലാണ്‌. വടക്കുംകൂർ രാജാക്കന്മാരുടെ ഭരണകാലത്ത്, മീനച്ചിൽ താലൂക്കിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലേക്ക്‌ നിരവധി ക്രൈസ്‌തവർ കുടിയേറി. അങ്ങനെ കുടിയേറിയ "പാലാട്ട്' കുടുംബം ഇവിടെ പ്രബലരായെന്നും അവരിൽനിന്നാണ്‌ പാലാ എന്ന പേര്‌ വന്നതെന്നും വാമൊഴിയായി ഇവിടെ പ്രചരിച്ചിരുന്നു. പാലൂർ ഭാഗത്തുനിന്ന്‌ കുടിയേറി ഇവിടെ ആദ്യമായി സ്ഥിരതാമസമാക്കിയ ക്രൈസ്തവർ തങ്ങളുടെ നാടിന്റെ ഓർമയ്ക്കായി ഈ പേര് നൽകിയെന്നും പറയപ്പെടുന്നു. മധുരയിൽ നിന്ന് എത്തിയ മീനച്ചിൽ കർത്താക്കന്മാർ പാലായെ തങ്ങളുടെ പ്രധാന കേന്ദ്രമാക്കി. പാലാ കത്തീഡ്രൽ പള്ളി നിർമിച്ചുനൽകാൻ പിന്തുണ കൊടുത്ത്‌ അവർ മതസ‍ൗഹാർദത്തിന്റെ മാതൃക കാണിച്ചത്‌ പാലായുടെ ചരിത്രത്തിന്റെ ഭാഗമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home