തൊണ്ടിവാഹനങ്ങൾ കുന്നുകൂടി പൊലീസ് സ്റ്റേഷൻ പരിസരം

ആളൂർ പൊലീസ് സ്റ്റേഷൻ പരിസരത്തും റോഡരികിലുമായി കിടക്കുന്ന തൊണ്ടിവാഹനങ്ങൾ
ആളൂർ
തൊണ്ടിവാഹനങ്ങൾ കുന്നുകൂടിയതോടെ ആളൂർ പൊലീസ് സ്റ്റേഷൻ പരിസരം ആക്രിക്കടയോ തൊണ്ടിവാഹനങ്ങളുടെ യാർഡോ എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയിൽ. വിവിധ കേസുകളിൽ തൊണ്ടിയായി പിടിച്ചെടുത്ത ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുവശങ്ങളിൽ കിടക്കുന്നത്. മഴയും വെയിലും ഏറ്റതോടെ വാഹനങ്ങളിൽ പലതും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, പോളിടെക്നിക് കോളേജ്, സഹകരണ ബാങ്ക്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങളും വിദ്യാർഥികളും കാൽനടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡാണിത്. റോഡിന്റെ ഇരുവശങ്ങളിലും തൊണ്ടിവാഹനങ്ങൾ നിരനിരയായി കൂട്ടിയിട്ടതോടെ റോഡിന്റെ വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾക്ക് പരസ്പരം കടന്നുപോകാൻ പോലും ബുദ്ധിമുട്ടുകയാണ്. പൊലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വാഹനങ്ങൾ കൂടി ഇതേ പരിസരത്ത് പാർക്ക് ചെയ്യുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്. റോഡരികിൽ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനടയാത്രികർക്ക് സുരക്ഷിതമായി നടക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്. കേസുകളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തൊണ്ടിവാഹനങ്ങൾ ലേലം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള നടപടി ഔദ്യോഗികമായി സ്വീകരിക്കാറുണ്ടെങ്കിലും ആളൂരിൽ ഇത് ഫലപ്രദമായി നടപ്പാക്കാത്തതാണ് പ്രതിസന്ധി നീണ്ടുപോകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് സ്റ്റേഷൻ പരിസരത്തും റോഡരികിലും കിടക്കുന്ന പഴയ തൊണ്ടിവാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് ഗതാഗതത്തിനാവശ്യമായ സ്ഥലം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments