print edition ഒത്തുകളി; വിസി നിയമനത്തിൽ സർക്കാർ – ഗവർണർ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ വി സിമാരെ ഏകപക്ഷീയമായി നിയമിച്ച ഗവർണറുടെ നടപടിക്ക് പൂർണമായി കീഴടങ്ങി യുഡിഎഫ് സർക്കാർ. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർ നൽകിയ കേസിലാണ് ഒത്തുതീർപ്പ്. വിസി നിയമനങ്ങളിൽ സംഘപരിവാർ – യുഡിഎഫ് വീതംവയ്പിന് ഇത് വഴിയൊരുക്കും.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥും തുടരാൻ വ്യവസ്ഥചെയ്യുന്ന കരാറിൽ ഗവർണറുടെ സെക്രട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി പി അശ്വതിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ് സുനിൽകുമാറും തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിലാണ് കോടതിക്കുപുറത്ത് ഒപ്പിട്ടത്. യുജിസി ചട്ടങ്ങൾക്കനുസൃതമായി സർവകലാശാലാ നിയമം ഭേദഗതി ചെയ്യാമെന്നും സർക്കാർ സമ്മതിച്ചു. ഒമ്പത് സർവകലാശാല വിസിമാരുടെ നിയമനവും ഇതിന്റെ തുടർച്ചയായി വീതിച്ച് എടുക്കാനുമാണ് രഹസ്യധാരണ. ഒത്തുതീർപ്പ് അറിയിച്ചതോടെ, സുപ്രീംകോടതിയിൽ പ്രത്യേക ലോക് അദാലത്തിൽ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവരുടെ ബെഞ്ച് ഹർജി തീർപ്പാക്കി.
ഏകപക്ഷീയമായി വിസിമാരെ നിയമിക്കുന്നതിനെതിരെ എൽഡിഎഫ് സർക്കാർ ഉയർത്തിയ പ്രതിരോധത്തെ ഒത്തുതീർപ്പ് ദുർബലപ്പെടുത്തും. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് സർക്കാർ മുന്പേ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയതിന് പിന്നാലെ മഹാത്മാഗാന്ധി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും സംഘപരിവാർ അധ്യാപക നേതാക്കളെയാണ് ഗവർണർ താൽക്കാലിക വിസിമാരാക്കിയത്.
ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിയായി കെ ശിവപ്രസാദിനെയും ഏകപക്ഷീയമായി നിയമിച്ച നടപടിക്കെതിരെ എൽഡിഎഫ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ നടപടി നിയമപരമല്ലെന്നും സർക്കാർ പാനലിൽനിന്നാകണം നിയമനമെന്നും കോടതി വിധിച്ചു. തുടർന്ന് ചാൻസലർ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമീഷൻ തയ്യാറാക്കിയ പാനലിൽനിന്ന് സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാലയിൽ സജി ഗോപിനാഥിനെയും നിയമിക്കുകയായിരുന്നു. എന്നാൽ സർക്കാരിന്റെ പാനൽ ഇല്ലാതെ ഗവർണർ താൽക്കാലിക വിസിയെ നിയമിക്കുന്നതും ആറുമാസത്തിലേറെ കാലാവധി നീട്ടുന്നതും അംഗീകരിക്കില്ലെന്ന നിലപാടിൽ എൽഡിഎഫ് സർക്കാർ ഉറച്ചുനിന്നു. സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാനും കേന്ദ്ര കടന്നുകയറ്റം ചെറുക്കാനുമുള്ള നിയമനടപടി തുടരുന്നതിനുപകരം ഒത്തുതീർപ്പിന് വഴങ്ങുകയാണ് യുഡിഎഫ് സർക്കാർ. എന്നാൽ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് തുടരുന്നതിൽ പ്രസക്തി ഇല്ലാത്തതിനാലാണ് അവസാനിപ്പിക്കുന്നതെന്ന് മന്ത്രി റോജി എം ജോണിന്റെ പ്രതികരണം.










0 comments