print edition സിപിഐ ഡൽഹി ചലോ റാലി ഇന്ന്

സിപിഐ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയവർ , ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ‘മാറ്റം അനിവാര്യമാണ്’ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐയുടെ ഡൽഹി ചലോ റാലി ചൊവ്വാഴ്‌ച. രാംലീല മൈതാനിയിൽ ചൊവ്വാഴ്‌ച രാവിലെ 11ന് പൊതുയോഗം ആരംഭിക്കും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളും അഭിവാദ്യംചെയ്യും.
വിലക്കയറ്റം തടയുക, തൊഴിൽ ഉറപ്പാക്കുക, പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ശക്തിപ്പെടുത്തുക, വനിതാസംവരണം നടപ്പാക്കുക, വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനഃസ്ഥാപിക്കുക, ദളിതർക്കും ആദിവാസികൾക്കും നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റാലി. റാലിയെ അടിച്ചമർത്താനുള്ള ശ്രമം കേന്ദ്രസർക്കാർ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ പത്ത് ജില്ലാ സെക്രട്ടറിമാരെ പൊലീസ് കരുതൽ തടങ്കലിലാക്കി.
പ്രവർത്തകരെ അന്യായമായി തടവിലാക്കുന്നതിനെതിരെ ഡി രാജ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. റാലിക്കെത്തുന്നതിനായി കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ പ്രവർത്തകർ ബുക്ക് ചെയ്ത ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച് സിപിഐ എം നേതൃത്വത്തിൽ രാംലീല മൈതാനിയിൽ ജൻ ആക്രോശ് റാലി സംഘടിപ്പിച്ചിരുന്നു. അന്നും അടിച്ചമർത്തൻ ശ്രമമുണ്ടായെങ്കിലും റാലി വൻവിജയമായി.










0 comments