ad
Deshabhimani

print edition വെനസ്വേലയ്‌ക്കെതിരെയും അമേരിക്കയുടെ തീക്കളി

modi and Us Trade Agreement
വെബ് ഡെസ്ക്

Published on Oct 28, 2025, 12:00 AM | 2 min read


​ലോകത്ത്‌ ഏറ്റവുമധികം ക്രൂഡോയിൽ ശേഖരമുള്ള രാജ്യമാണ്‌ വെനസ്വേല. 30,300 കോടി വീപ്പയാണ്‌ ആ തെക്കനമേരിക്കൻ രാജ്യത്തിന്റെ എണ്ണശേഖരം. രണ്ടാംസ്ഥാനത്തുള്ള സൗദി അറേബ്യയുടെ ശേഖരം 29,750 കോടി വീപ്പ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. എന്നാൽ, ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക–ഉപഭോഗ രാഷ്‌ട്രമായ അമേരിക്കയുടെ ശേഖരം ഈ രാജ്യങ്ങൾക്കുള്ളതിന്റെ നാലിലൊന്നുമാത്രമാണ്‌. ഈ രാജ്യങ്ങളിലെ ഭരണത്തിൽ അമേരിക്കയ്‌ക്കുള്ള പ്രത്യേക താൽപ്പര്യം ഈ കണക്കിൽനിന്ന്‌ വ്യക്തമാകും. ഇത്തരം ഒരു രാജ്യത്ത്‌ ഇടതുപക്ഷം അധികാരത്തിലെത്തുകയെന്നത്‌ അമേരിക്കയുടെ ഏറ്റവും വലിയ പേടിസ്വപ്‌നങ്ങളിൽ ഒന്നാണ്‌. 1999ൽ വെനസ്വേലയിൽ അത്‌ യാഥാർഥ്യമായി. കഴിഞ്ഞ കാൽനൂറ്റാണ്ടായി അവിടത്തെ ഭരണം അട്ടിമറിക്കാൻ അമേരിക്ക നടത്തിവരുന്ന നിരന്തരനീക്കങ്ങളുടെ പ്രധാന പ്രേരണ, ആ രാജ്യത്തിന്റെ എണ്ണസമ്പത്തിൽ ആധിപത്യം തിരിച്ചുപിടിക്കുന്നതിനുള്ള ആർത്തിയാണ്‌. മറ്റൊന്ന്‌ ആറരപ്പതിറ്റാണ്ടായി തങ്ങളെ നാണംകെടുത്തുന്ന കൊച്ചുരാഷ്‌ട്രമായ ക്യൂബയുമായി വെനസ്വേലയ്‌ക്കുള്ള അടുത്ത ബന്ധമാണ്‌. ഈ പകയുടെ മൂർധന്യത്തിലാണ്‌ ഇപ്പോൾ അമേരിക്ക വെനസ്വേലയ്‌ക്കെതിരെ ആക്രമണനീക്കം തീവ്രമാക്കിയിരിക്കുന്നത്‌.


ക്യൂബയിലെ സോഷ്യലിസ്റ്റ്‌ സർക്കാരിനെ ഉടനെ വീഴ്‌ത്താനാകുമെന്ന്‌ മൂന്നരപ്പതിറ്റാണ്ടോളം മുമ്പ്‌ സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ അമേരിക്ക കണക്കുകൂട്ടിയിരുന്നു. പ്രധാന വ്യാപാര പങ്കാളിയായിരുന്ന സോവിയറ്റ്‌ യൂണിയന്റെ തകർച്ച ക്യൂബയെ കടുത്ത സാമ്പത്തികപ്രയാസത്തിലാക്കിയിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ ക്യൂബൻ ജനതയാകെ പാലിച്ച കർക്കശ അച്ചടക്കത്തിലൂടെ പ്രതിസന്ധിഘട്ടം തരണംചെയ്‌തുവരുന്നതിനിടെയാണ്‌ വെനസ്വേലയിൽ ആദ്യമായി ഇടതുപക്ഷം അധികാരത്തിലെത്തിയത്‌. വെനസ്വേല പ്രസിഡന്റായ ഹ്യൂഗോ ഷാവേസ്‌ ഭൂഖണ്ഡത്തിലെ ഭരണാധികാരികളുടെ അമേരിക്കൻ ദാസ്യമെന്ന പൊതുനിലപാടിൽനിന്ന്‌ മാറിയെന്നുമാത്രമല്ല, അതുവരെ മേഖലയിൽ ഒറ്റപ്പെടുത്തപ്പെട്ടിരുന്ന ക്യൂബയുമായി ബന്ധം വളർത്തുകയും ചെയ്‌തു. തുടർന്ന്‌ 2002 ഏപ്രിലിൽ ഷാവേസിനെതിരെ അമേരിക്കൻ സഹായത്തോടെയുണ്ടായ വലതുപക്ഷ അട്ടിമറിശ്രമവും 47 മണിക്കൂറിനകം ജനങ്ങൾ അട്ടിമറിക്കാരെ തുരത്തി ഷാവേസിനെ അധികാരത്തിൽ തിരിച്ചെത്തിച്ചതും ആവേശകരമായ ചരിത്രമാണ്‌. ലാറ്റിനമേരിക്കയിലാകെ ചുവപ്പ്‌ പടരുന്നതാണ്‌ പിന്നീടുള്ള വർഷങ്ങളിൽ ലോകം കണ്ടത്‌. മേഖലയിൽ നവ ഉദാരനയങ്ങൾ തകർത്ത രാജ്യങ്ങൾക്കാകെ മോചനമാർഗമായി വെനസ്വേല ചുരുങ്ങിയ വർഷങ്ങൾക്കകം കൈവരിച്ച പുരോഗതി. അതുവരെ അമേരിക്കൻ എണ്ണക്കമ്പനികൾ തുച്ഛവിലയ്‌ക്ക്‌ ഊറ്റിയിരുന്ന വെനസ്വേലൻ എണ്ണസമ്പത്തിൽ രാജ്യത്തിന്റെ പരമാധികാരം ഷാവേസ്‌ സ്ഥാപിച്ചതോടെയാണ്‌ എല്ലാ രംഗങ്ങളിലും രാജ്യം കുതിച്ചത്‌.


അക്കാലംമുതൽ അമേരിക്ക വെനസ്വേലയ്‌ക്കെതിരെ ഉപരോധങ്ങൾ അടിച്ചേൽപ്പിച്ചിരുന്നെങ്കിലും ലോകമെങ്ങും സാമ്രാജ്യത്വവിരുദ്ധ കൂട്ടുകെട്ടുകൾ വളർത്താൻ നേതൃത്വം നൽകിയ ഷാവേസിന്റെ ജനകീയത മറ്റൊരു അട്ടിമറിശ്രമത്തിന്‌ അമേരിക്കയ്‌ക്ക്‌ ധൈര്യം നൽകിയിരുന്നില്ല. 2013ൽ ഷാവേസിന്റെ അകാലവിയോഗത്തോടെയാണ്‌ അട്ടിമറിനീക്കം വീണ്ടും ശക്തമാക്കിയത്‌. ബറാക്‌ ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കെ അടിച്ചേൽപ്പിച്ച ഉപരോധങ്ങൾ 2017ൽ ഡോണൾഡ്‌ ട്രംപ്‌ പ്രസിഡന്റായപ്പോൾ തീവ്രമാക്കിയതും ഇന്ത്യയടക്കം ചില രാജ്യങ്ങൾ അതിന്‌ വഴങ്ങുന്നതും ലോകം കണ്ടു. 2019ൽ വെനസ്വേലയിൽനിന്ന്‌ എണ്ണ ഇറക്കുമതി നിർത്തിവച്ച്‌ രാജ്യത്തിന്റെ പരമാധികാരം നരേന്ദ്ര മോദി സർക്കാർ ട്രംപിന്‌ അടിയറവച്ചത്‌ ഉദാഹരണം. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായപ്പോൾ ഉപരോധത്തിൽ ഇന്ത്യൻ കമ്പനികൾക്ക്‌ ഇളവ്‌ ലഭിച്ചെങ്കിലും ഈ വർഷം ട്രംപ്‌ വീണ്ടും അധികാരത്തിലെത്തിയപ്പോൾ അവ വീണ്ടും ഇടപാട്‌ നിർത്തിവച്ചു. എന്നാൽ, ഉപരോധത്തിലൂടെമാത്രം വെനസ്വേലയെ മുട്ടുകുത്തിക്കാനാകില്ല എന്ന തിരിച്ചറിവിലാണ്‌ അമേരിക്ക ഇറാഖ്‌ അടക്കം മറ്റു പലയിടത്തും പയറ്റിയ അധിനിവേശത്തിന്‌ പടയൊരുക്കം നടത്തുന്നത്‌.


വെനസ്വേലയെ വിരട്ടാൻ ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്‌എസ്‌ ജെറാൾഡ്‌ ആർ ഫോർഡിനെ അമേരിക്ക കരീബിയൻ കടലിലേക്ക്‌ അയച്ചിരിക്കുകയാണ്‌. ആക്രമണനീക്കത്തിന്‌ ന്യായീകരണമായി പതിവുപോലെ അമേരിക്ക വെനസ്വേലയ്‌ക്കും പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയ്‌ക്കും എതിരെ വൻതോതിൽ നുണപ്രചാരണവും തീവ്രമാക്കിയിട്ടുണ്ട്‌. മയക്കുമരുന്ന്‌ കടത്തുകാരെന്ന്‌ ആരോപിച്ച്‌ രണ്ടുമാസത്തിനിടെ അന്പതിൽപ്പരം മത്സ്യത്തൊഴിലാളികളെ കരീബിയൻ കടലിൽ അമേരിക്കൻ നാവികസേന കൊന്നു. അമേരിക്കയുടെ അധിനിവേശനീക്കത്തിന്‌ സാധൂകരണമായാണ്‌ ഇത്തവണ നൊബേൽ സമിതി വെനസ്വേലയിലെ തീവ്ര വലതുപക്ഷ വംശീയവാദി മരിയ കൊരീന മച്ചാദോയ്‌ക്ക്‌ സമാധാനപുരസ്‌കാരം പ്രഖ്യാപിച്ചത്‌. കൊളംബിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും അമേരിക്കൻ സമ്മർദമുണ്ട്‌. മേഖലയിൽ സാമ്രാജ്യത്വ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഈ നീക്കം സമാധാനത്തിനല്ല, പുതിയ സംഘർഷങ്ങൾക്കാകും വഴിതുറക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home