എൻടിഎയിൽ ഒറ്റ സ്ഥിര ജീവനക്കാരേയും നിയമിച്ചിട്ടില്ല, കെടുകാര്യസ്ഥതയുടെ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്രത്തിന്: വി ശിവദാസൻ എംപി

ന്യൂഡൽഹി : രാജ്യത്തെ പരീക്ഷ സംവിധാനങ്ങൾ പൂർണമായും ആർഎസ്എസ്, ബിജെപി നയത്തിനനുസൃതമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്ന് ഡോ. വി ശിവദാസൻ എംപി. കോടികണക്കിന് വിദ്യാർത്ഥികളുടെ പരീക്ഷ നടത്തിപ്പിനുള്ള കേന്ദ്രീകൃത ഏജൻസിയായ എൻടിഎയിൽ ഒറ്റ സ്ഥിരം ജീവനക്കാരനേയും നിയമിച്ചിട്ടില്ലെന്ന് രാജ്യസഭയിൽ ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ മറുപടി നൽകി.
നിലവിൽ കേവലം ഇരുപത്തിനാല് ജീവനക്കാർ മാത്രമാണ് എൻടിഎയിൽ ജോലിക്കാരായുള്ളത്. അവർ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ടവരാണ്. എൻടിഎയിൽ ഡെപ്യൂട്ടേഷനിൽ തന്നെ 39 ജീവനക്കാരുടെ പോസ്റ്റുകളുണ്ട്. എന്നാൽ അതിൽ പതിനഞ്ചെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കി പോസ്റ്റുകളിൽ മാത്രമാണ് ഡെപ്യൂട്ടേഷൻ വഴി നിയമിച്ചിട്ടുള്ളതെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിചേർത്തു. അതിന് പുറമെ പുറംകരാറുവഴിയാണ് 73 പേരെ നിയമിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി.2018 മുതൽ 270 പരീക്ഷകൾ എൻടിഎ നടത്തിയിട്ടുണ്ട്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണമായി സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുള്ളത് 6.6 കോടിയെന്നാണ്. ഈ വർഷം (2026ൽ) ഇതു വരെ നടന്ന പരീക്ഷകളിൽ മാത്രം 65 ലക്ഷം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറുപടിയിൽ പറഞ്ഞു.
സ്വാശ്രയ സെൽഫ് ഫിനാൻസിങ് സ്വയംഭരണ സ്ഥാപനമെന്നാണ് എൻടിഎയെ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനർത്ഥം ജീവനക്കാരെ നിയമിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമെല്ലാം അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ്. എന്നാൽ അത്തരമൊരു സ്ഥാപനത്തിൽ കേവലം പതിനെട്ട് സ്ഥിരം ജീവനക്കാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. അതും സർക്കാർ ഡെപ്യൂട്ടേഷനിൽ അനുവദിച്ചവർ മാത്രമാണ്. സ്ഥാപന നടത്തിപ്പിനായി ഉത്തരവാദപ്പെട്ടവരെരെന്നോ അവരുടെ സ്വയം ഭരണം എങ്ങനെയാണ് നിർവ്വഹിക്കുന്നതെന്നോ മന്ത്രി വിശദീകരിച്ചില്ല. സർവ്വകാലശാലകളിലേക്കുള്ള പ്രവേശന പരീക്ഷകളും മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളും വ്യത്യസ്തങ്ങളായ ഫെലോഷിപ്പ് പരീക്ഷകളുടേയുമെല്ലാം നടത്തിപ്പ് ചുമതല എൻടിഎക്കാണ്. നീറ്റ് മുതൽ നെറ്റ് വരെയുള്ള പരീക്ഷകൾ താറുമാറാക്കിയത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിയാണ്.
അതേസമയം, ഇതുവരെ എത്ര തവണ പുനഃപരീക്ഷ നടത്തേണ്ടി വന്നു എന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രി മറുപടി നൽകിയില്ല. പുനഃപരീക്ഷകളുടെ കണക്കുകൾ മറച്ചുപിടിക്കുകയാണ് ചെയ്തത്. എൻടിഎ തുടങ്ങിയത് മുതൽ നൂറോളം പരീക്ഷകളിൽ ചോദ്യപേപ്പർ ചോർന്നതായും അമ്പതോളം തവണ പുനഃപരീക്ഷ നടത്തിയതായുമുള്ള വിവിധ റിപ്പോർട്ടുകൾ പൊതുമണ്ഡലത്തിൽ നില നിൽക്കുമ്പോഴാണ് കേന്ദ്ര സർക്കാർ കണക്കുകൾ മറച്ചു പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2014 ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതലും 2018ൽ എൻടിഎ തുടങ്ങിയത് മുതൽ വിശേഷിച്ചും ഉയർന്ന് വന്ന പ്രധാനപ്പെട്ട ആരോപണമാണ് പരീക്ഷകൾക്കായി സാധാരണ വിദ്യാർത്ഥികളിൽ നിന്ന് അമിതമായ ഫീസ് ഈടാക്കുന്നു എന്നത്. ഇതിനെ ശരിവെക്കും വിധത്തിലാണ് എൻഡിഎയുടെ വരുമാനക്കണക്ക് കേന്ദ്ര സർകാർ പുറത്ത് വിട്ടിരിക്കുന്നത്.പരീക്ഷകളിൽ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ എത്ര രൂപ സമാഹരിച്ചു എന്ന ചോദ്യത്തിന് 2018-19ൽ 5,04,16,04,176 രൂപയുടെ വരുമാനമുണ്ടാക്കിയ എൻടിഎ 2023-24ൽ 11,16,84,39,078 രൂപയുടെ വരുമാനമുണ്ടാക്കിയതായി കേന്ദ്ര സർകാർ വ്യക്തമാക്കി. അതായത്, 5 വർഷം കൊണ്ട് വരുമാനം ഇരട്ടിപ്പിക്കുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അതിനുശേഷമുള്ള രണ്ട് വർഷത്തെ (2024-25, 2025-26) വർഷങ്ങളിലെ വരുമാനത്തിന്റെ കണക്ക് വെളിപ്പെടുത്താനും കേന്ദ്ര സർക്കാർ തയ്യാറായില്ല.
2018 ൽ എൻടിഎ തുടങ്ങിയത് മുതൽ അതിന്റെ അശാസ്ത്രീയവും കച്ചവടതാൽപര്യത്തോടെയുമുള്ള സമീപനത്തെ രാജ്യത്തെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും ചെയ്തിട്ടുള്ളതാണെന്നും വി ശിവദാസൻ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പരീക്ഷ സംവിധാനങ്ങൾ പൂർണമായും കേന്ദ്രീകരിക്കുകയും ആർഎസ്എസ് ബിജെപി നയത്തിനനുസൃതമാക്കി മാറ്റാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളും സർവ്വകലാശാലകളും നടത്തിയിരുന്ന പരീക്ഷകളുടെ അധികാരം കേന്ദ്ര സർക്കാർ പിടിച്ചെടുക്കുകയായിരുന്നു. ഇന്ന് രാജ്യത്താകെയുള്ള വിദ്യാർഥികളും യുവാക്കളും എൻടിഎ നടത്തിയ പരീക്ഷകളിലെ അഴിമതിയും നടത്തിപ്പിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി തെരുവിൽ പോരാടുകയാണ്. ഇന്ന് പൊതുസമൂഹത്തിനാകെ ബോധ്യപ്പെടുന്ന നിലയിലേക്കു എൻടിഎയുടെ കെടുകാര്യസ്ഥത മാറിയിരിക്കുന്നു. ഇതിന്റെ പൂർണ ഉത്തരവാദിത്വം രാജ്യത്തെ സർക്കാരിനാണ്. മുഖ്യ ഉത്തരവാദിയായ യൂണിയൻ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും എൻടിഎ പിരിച്ചു വിടണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.









0 comments