ad
Deshabhimani

യുഎസ്‌ പ്രതിസന്ധിയും
 യൂറോപ്പിന്റെ ആശങ്കയും

edit
വെബ് ഡെസ്ക്

Published on Jan 17, 2026, 12:00 AM | 2 min read


​അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അവകാശപ്പെടുന്നതും ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും തങ്ങൾ ജനാധിപത്യ രാജ്യങ്ങളാണെന്നാണ്‌. ഈ പാശ്ചാത്യ രാജ്യങ്ങളുടെ താൽപ്പര്യം നിറവേറ്റുന്ന വിപുലമായ മാധ്യമശൃംഖലയ്‌ക്ക്‌ ലോകമെങ്ങും ഏറെക്കുറെ സമ്പൂർണമായ ആധിപത്യമുള്ളതിനാൽ ഇന്ത്യയടക്കമുള്ള ഇതരരാജ്യങ്ങളിലെ മാധ്യമങ്ങളും ഇവയെ ജനാധിപത്യ രാജ്യങ്ങളെന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. അതേസമയം, പഴയ കൊളോണിയൽ ശക്തികളുടെ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാത്ത നേതാക്കളെയും രാജ്യങ്ങളെയും സ്വേച്ഛാധിപതികളെന്നും ജനാധിപത്യമില്ലാത്ത രാജ്യങ്ങളെന്നും വിശേഷിപ്പിക്കുകയും ചെയ്യും. അത്തരം പൊതുബോധം ലോകമെങ്ങും സൃഷ്‌ടിക്കുന്നതിൽ ഹോളിവുഡുംമറ്റും വലിയ പങ്ക്‌ വഹിക്കുന്നുണ്ട്‌. എന്നാൽ‍, ജനാധിപത്യമെന്ന്‌ വാഴ്‌ത്തപ്പെടുന്ന രാജ്യങ്ങൾ സമ്പന്നരായ ചെറുവിഭാഗത്തിന്റെ കൊള്ളലാഭത്തിനും ചൂഷണത്തിനും ബഹുഭൂരിപക്ഷത്തെ ഇരകളാക്കുന്ന മുതലാളിത്ത രാജ്യങ്ങൾമാത്രമാണെന്നതാണ്‌ വാസ്‌തവം. വിഭവങ്ങൾ വെട്ടിപ്പിടിക്കാനുള്ള അത്യാർത്തിയാൽ അവയുടെ സാമ്രാജ്യത്വമുഖവും പലപ്പോഴും പുറത്തുവരുന്നുമുണ്ട്‌. അതിൽ ഏറ്റവും ഒടുവിലത്തേതാണ്‌ ‘യുദ്ധാധികാര പ്രമേയം’ തള്ളിയ യുഎസ്‌ സെനറ്റിന്റെ നടപടിയും ഗ്രീൻലൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കൻ നീക്കവും.


​വെനസ്വേലയിൽ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ കാണിച്ച തെമ്മാടിത്തത്തിന്റെ പശ്ചാത്തലത്തിലാണ്‌ യുദ്ധം പ്രഖ്യാപിക്കുന്നതിൽ പ്രസിഡന്റിന്റെ അധികാരം നിയന്ത്രിക്കാൻ പ്രതിപക്ഷ ഡെമോക്രാറ്റുകൾ യുഎസ്‌ സെനറ്റിൽ പ്രമേയം കൊണ്ടുവന്നത്‌. യുദ്ധം പ്രഖ്യാപിക്കാൻ യുഎസ്‌ കോൺഗ്രസിന്റെ അനുമതി വേണമെന്ന്‌ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിയിൽ ചിലരും നിലപാടെടുത്തതിനാൽ പ്രമേയം പാസായേക്കുമെന്ന പ്രതീതിയുണ്ടായി. പാസായാൽ റിപ്പബ്ലിക്കൻ പാർടിക്കാകെ ക്ഷീണമാകുമെന്നതിനാൽ അധികൃതർ തിരക്കിട്ട്‌ നടത്തിയ നീക്കങ്ങളാണ്‌ ട്രംപിന്റെ മാനം രക്ഷിച്ചത്‌. റിപ്പബ്ലിക്കൻ പാർടിയിൽ മൂന്നുപേർ പ്രമേയത്തെ അനുകൂലിച്ചെങ്കിലും നൂറംഗ സെനറ്റിൽ അനുകൂലിച്ചും എതിർത്തും 50 വോട്ട്‌ വീതമാണ്‌ ലഭിച്ചത്‌. ഒടുവിൽ വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസിന്റെ കാസ്റ്റിങ് വോട്ടിന്റെ ബലത്തിലാണ്‌ പ്രമേയം തള്ളിയത്‌. വെനസ്വേലയിലേക്ക്‌ ഇനി സൈന്യത്തെ അയക്കുന്നത്‌ പരിഗണനയിലില്ലെന്ന്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രണ്ടു റിപ്പബ്ലിക്കൻ അംഗങ്ങൾ നിലപാട്‌ മാറ്റി പ്രമേയത്തെ എതിർത്തതാണ്‌ ട്രംപിന്‌ രക്ഷയായത്‌. വെനസ്വേലയിൽ ആക്രമണം നടത്തില്ലെന്ന്‌ ഇതേ റൂബിയോയും യുഎസ്‌ പ്രതിരോധ സെക്രട്ടറി പീറ്റ്‌ ഹെഗ്‌സെത്തും മാസങ്ങൾക്കുമുമ്പ്‌ നൽകിയിരുന്ന ഉറപ്പ്‌ ലംഘിച്ചാണ്‌ ജനുവരി മൂന്നിന്‌ അമേരിക്ക അവിടെ ആക്രമണം നടത്തിയത്‌. അതിനാൽ ഇപ്പോഴത്തെ ഉറപ്പും റിപ്പബ്ലിക്കൻ പാർടിയിലെ പ്രതിസന്ധി മറികടക്കാൻ കണ്ട തന്ത്രമായേ കാണാനാകൂ.


​ഭൂമിയുടെ ഉത്തരധ്രുവ പ്രദേശമായ ആർക്ടിക്കിലെ ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ട്രംപിന്റെ നിലപാടാണ്‌ പാശ്ചാത്യ രാജ്യങ്ങളുടെ കാപട്യം വ്യക്തമാക്കുന്ന മറ്റൊരു വിഷയം. അമേരിക്കൻ ആവശ്യം ആ സ്വയംഭരണപ്രദേശവും അതിനുമേൽ നിയന്ത്രണാധികാരമുള്ള യൂറോപ്യൻ രാജ്യമായ ഡെൻമാർക്കും അംഗീകരിക്കുന്നില്ല. തൽക്കാലം ഡെൻമാർക്കിനെ പിന്തുണയ്‌ക്കാൻ മറ്റ്‌ യൂറോപ്യൻ രാജ്യങ്ങളും നിർബന്ധിതമായിരിക്കുകയാണ്‌. അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിലെ സ്ഥാപകാംഗമാണ്‌ ഡെൻമാർക്ക്‌. എന്നിട്ടുപോലും തങ്ങളുടെ അധീനതയിലുള്ള പ്രദേശം തട്ടിയെടുക്കാൻ അമേരിക്ക ശ്രമിക്കുന്നത്‌ അവരെ വിഷമത്തിലാക്കിയിട്ടുണ്ട്‌. അമേരിക്കൻ സേന വന്നാൽ തടയാനെന്ന ഭാവത്തിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലൻഡിലേക്ക്‌ സൈന്യത്തെ അയക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇന്ത്യയുടെ മൂന്നിൽ രണ്ട്‌ വലിപ്പമുണ്ടെങ്കിലും ഗ്രീൻലൻഡിൽ ജനസംഖ്യ 57,000ൽ താഴെയാണ്‌. മഞ്ഞുമൂടിയ അവിടെ ഭൂമിക്കടിയിൽ സുലഭമായുള്ള അപൂർവ ധാതുക്കളിലാണ്‌ അമേരിക്കയുടെ കണ്ണ്‌. നാറ്റോയിലെ മറ്റൊരംഗമായ കാനഡയെയും ട്രംപ്‌ ലക്ഷ്യമിട്ടിട്ടുണ്ട്‌.


​ജനാധിപത്യവും രാജ്യങ്ങളുടെ പരമാധികാരവുമൊന്നും അമേരിക്കൻ സാമ്രാജ്യത്വത്തിനും അവിടെ ഭരിക്കുന്ന മുതലാളിത്ത സർക്കാരിനും വിഷയമേയല്ല എന്നാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഭരണം നിലനിർത്താൻ ക്രിമിനൽസംഘത്തെ അയച്ച്‌ യുഎസ്‌ കോൺഗ്രസിൽ ആക്രമണം നടത്താൻപോലും മടിച്ചിട്ടില്ലാത്ത ട്രംപ്‌, അമേരിക്കൻ മുതലാളിത്തം ഇന്നെത്തിനിൽക്കുന്ന പ്രതിസന്ധിയുടെ പ്രതീകമാണ്‌. വെനസ്വേലയിലെന്നപോലെ മെക്‌സിക്കോയടക്കം മറ്റു ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കെതിരെയും ട്രംപിന്റെ ഭീഷണിയുണ്ട്‌. യുഎസ്‌ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ മെക്‌സിക്കോയിലേക്ക്‌ പട്ടാളത്തെ അയക്കുന്നത്‌ തടയാൻ ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയിൽ ബിൽ കൊണ്ടുവന്നിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ അമേരിക്കയുടെ സാമ്രാജ്യത്വ താൽപ്പര്യങ്ങൾ കൂട്ടാളികളായ യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളെപ്പോലും ആശങ്കപ്പെടുത്തുന്നത്‌ ഇന്ത്യക്കും പാഠമാകണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home