print edition പശ്ചിമേഷ്യൻ സംഘർഷം:അമേരിക്കയുടേത് തീരാത്ത യുദ്ധക്കൊതി

പശ്ചിമേഷ്യയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിട്ട് അമേരിക്ക ഇറാനുനേരെ വ്യോമാക്രമണം തുടരുകയാണ്. ജൂൺ 17ന് ഒപ്പുവച്ച താൽക്കാലിക സമാധാനക്കരാറിലെ വ്യവസ്ഥകളെല്ലാം കാറ്റിൽപ്പറത്തിയാണ് രണ്ടുദിവസം തുടർച്ചയായി ഇറാനിലെ തീരദേശ നഗരങ്ങളിലും തുറമുഖങ്ങളിലും വ്യോമപ്രതിരോധകേന്ദ്രങ്ങളിലും കനത്ത ബോംബാക്രമണം. ഗൾഫ് മേഖലയിലെ യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയാകെ വീണ്ടും അശാന്തമാണ്. ഇറാന്റെ പ്രതിരോധവീര്യത്തിനുമുന്നിൽ തകർന്നുപോയ അപ്രമാദിത്വം തിരിച്ചുപിടിക്കാനുള്ള അമേരിക്കയുടെ വെപ്രാളമാണ് ഇപ്പോൾ കാണുന്നത്.
പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയുടെ ഖബറടക്കച്ചടങ്ങുകളിലും -വിലാപയാത്രയിലും ഇറാൻ ജനത പങ്കെടുക്കുന്ന വൈകാരികമായ ഘട്ടത്തിലാണ് വീണ്ടും യുഎസ് ആക്രമണം. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും തുടക്കമിട്ട ആക്രമണത്തിന്റെ ആദ്യദിവസമാണ് ഖമനേയിയും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. മാസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ താൽക്കാലികമായെങ്കിലും ധാരണപത്രത്തിൽ ഒപ്പിട്ടശേഷമാണ് ഖമനേയിയുടെ ഖബറടക്കത്തിന് തയ്യാറെടുത്തത്. ഒരാഴ്‌ചയായി തുടരുന്ന വിലാപയാത്രയ്‌ക്കുശേഷം ജന്മനാടായ മഷാദിൽ ഖബറടക്കം നടത്താനിരിക്കെയാണ് അമേരിക്കൻ പ്രകോപനം. ഇത് അന്താരാഷ്ട്ര യുദ്ധമര്യാദകളുടെ നഗ്നമായ ലംഘനവും സാമ്രാജ്യത്വം മനുഷ്യത്വത്തിന് ഒരുവിലയും കൽപ്പിക്കുന്നില്ലെന്നതിന്റെ തെളിവുമാണ്.
ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത സുരക്ഷയുടെ പേരുപറഞ്ഞാണ് അമേരിക്ക യുദ്ധക്കൊതിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. സ്വന്തം പരമാധികാര അതിർത്തി സംരക്ഷിക്കാനും പ്രാദേശിക സ്ഥിരത ഉറപ്പാക്കാനും ഇറാനുള്ള അവകാശത്തെയാണ് ചോദ്യംചെയ്യുന്നത്. ഹോർമുസ് കടലിടുക്കിൽ സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പുനൽകാമെന്നും എന്നാൽ ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കാനാകില്ലെന്നും ഇറാൻ വ്യക്തമാക്കി. ഒമാൻതീരത്തുകൂടി സമാന്തരപാത സൃഷ്‌ടിച്ച് കപ്പലുകളെ കടത്താനുള്ള നീക്കമാണ് പ്രതിസന്ധിയിലെത്തിച്ചത്. ഇറാൻ ഏറ്റവും മോശം രാജ്യമാണെന്നും അവരുമായി ഇനിയൊരു ഉടന്പടിയുമില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ദീർഘമായ യുദ്ധമാകില്ല ഇതെന്നാണ് അവകാശവാദമെങ്കിലും അത് വിശ്വസനീയമല്ല. നാലുദിവസംകൊണ്ട് തീർക്കുമെന്നു പ്രഖ്യാപിച്ച യുദ്ധമാണ് നാലുമാസത്തിലേറെ തുടരുന്നത്.
അമേരിക്കൻ അധിനിവേശത്തിനുമുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ട റിപ്പോർട്ടുകൾപ്രകാരം ബഹ്‌റൈനിലും കുവൈത്തിലുമുള്ള 85 യുഎസ് സൈനികതാവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-–ഡ്രോൺ ആക്രമണം നടത്തി. ഇറാന്റെ പ്രതിരോധവീര്യം സാമ്രാജ്യത്വ ധിക്കാരത്തിനേറ്റ കനത്ത പ്രഹരമാണ്. അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ വെറും സൈനികനടപടിയല്ല; പശ്ചിമേഷ്യയിലെ എണ്ണസമ്പത്തിന്മേൽ പൂർണനിയന്ത്രണം സ്ഥാപിക്കാനും ഡോളർ മേധാവിത്വം നിലനിർത്താനുമുള്ള ആഗോള മൂലധനത്തിന്റെ അധിനിവേശ താൽപ്പര്യമാണ്.
അമേരിക്കയുടെ അധിനിവേശ താൽപ്പര്യങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഗൾഫ് രാജ്യങ്ങളാണ്. മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുള്ള രാജ്യങ്ങളിൽ വീണ്ടും ഭീതി പടർത്തുകയാണ് അമേരിക്കയുടെ ആക്രമണവും ഇറാന്റെ തിരിച്ചടിയും. അമേരിക്കൻ മണ്ണിലേക്ക് നേരിട്ട് ആക്രമണം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മേഖലയിലെ യുഎസ് സൈനികതാവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ അസന്ദിഗ്‌ധമായി വ്യക്തമാക്കിയതാണ്. ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കരുതെന്ന് ഗൾഫ് രാജ്യങ്ങളോട് അഭ്യർഥിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല.
യുദ്ധംവഴി സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ അമേരിക്കയ്‌ക്ക് കുറ്റബോധമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനേ തരമില്ല. ആയുധക്കച്ചവടക്കാർക്ക് ലാഭമുണ്ടാക്കാനും ആഭ്യന്തര രാഷ്ട്രീയപ്രതിസന്ധികളിൽനിന്ന് ശ്രദ്ധതിരിക്കാനുമാണ് ട്രംപും കൂട്ടരും പശ്ചിമേഷ്യയെ ചോരക്കളമാക്കുന്നത്. സമാധാനചർച്ചകളെ ഏകപക്ഷീയമായി റദ്ദാക്കി, ഇറാൻ നേതൃത്വത്തെ അധിക്ഷേപിക്കുന്ന ട്രംപിന്റെ പ്രസ്താവനകൾതന്നെ നയതന്ത്രമര്യാദകളുടെ ലംഘനമാണ്. ഈ സംഘർഷം അന്താരാഷ്ട്രവിപണിയിൽ സാമ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാനും ഇന്ധന വിലവർധനയ്ക്കും കാരണമാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുക. അമേരിക്ക തങ്ങളുടെ വിനാശകരമായ സൈനികനീക്കത്തിൽനിന്ന് അടിയന്തരമായി പിന്മാറണമെന്നും പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാക്കണമെന്നും ആവശ്യപ്പെടാൻ ഇന്ത്യ ധൈര്യം കാട്ടണം. ലോകമെമ്പാടുമുള്ള ജനാധിപത്യശക്തികളും പുരോഗമനവാദികളും യുഎസ് അധിനിവേശത്തിനെതിരെ ശക്തമായി ശബ്ദമുയർത്തേണ്ടതുണ്ട്.











0 comments