ad
Deshabhimani

print edition യുപിഐ കമ്മീഷൻ കൊള്ളയ്ക്ക് പുതിയ മാർഗം

UPI Payment

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 18, 2026, 01:25 AM | 2 min read

കള്ളപ്പണം പൂർണമായും തിരിച്ചുപിടിക്കുന്നതിനാണ്‌ കറൻസി പിൻവലിക്കലെന്ന്‌ 2016 നവംബറിൽ 500, 1000 നോട്ടുകൾ പിൻവലിച്ചുകൊണ്ട്‌ നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടായി പറഞ്ഞു. എന്നാൽ, എടിഎമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ വരിനിന്ന്‌ ജനങ്ങൾ വലഞ്ഞതോടെ വൈകാതെ മോദി നിലപാട്‌ തിരുത്തി.


കറൻസി കുറഞ്ഞ തോതിൽമാത്രം ഉപയോഗിക്കുകയും പിന്നീട്‌ പൂർണമായും കറൻസിരഹിതമാവുകയും ചെയ്യുന്ന ഒരു സമൂഹമായി രാജ്യത്തെ മാറ്റുന്നതിനാണ്‌ നോട്ട്‌ പിൻവലിക്കലെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തുടർന്ന്‌ യുപിഐ വഴിയുള്ള കറൻസിരഹിത ഇടപാടുകളിലേക്ക്‌ നീങ്ങാൻ ജനങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിച്ചു.


​ഇന്നിപ്പോൾ വാണിജ്യവും അല്ലാത്തതുമായ സാമ്പത്തിക ഇടപാടുകൾക്ക്‌ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത്‌ യുപിഐ ഇടപാടുകളെയാണ്‌. 2025–26 സാമ്പത്തികവർഷത്തിൽ 24,162 കോടി യുപിഐ ഇടപാടുകളിലൂടെ 314 ലക്ഷം കോടി രൂപയുടെ കൈമാറ്റമുണ്ടായി. യുപിഐ ഇടപാടുകൾ സ‍ൗജന്യമാണെന്നതും പണം കൈമാറ്റം വേഗത്തിൽ സാധ്യമാക്കാമെന്നതും യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർധിപ്പിച്ചു.


എന്നാൽ, യുപിഐ ഇടപാടുകൾ സ‍ൗജന്യമായി തുടരുന്നതിനോട്‌ ചില കേന്ദ്രങ്ങളിൽനിന്ന്‌ എതിർപ്പുയർന്നു. വിസ, മാസ്റ്റർകാർഡ്‌ തുടങ്ങിയ യുഎസ്‌ കാർഡ്‌ കമ്പനികളാണ്‌ യുപിഐ ഇടപാടുകൾക്കെതിരായി രംഗത്തുവന്നത്‌. പിന്നാലെ യുഎസിലെ ട്രംപ്‌ സർക്കാർ യുപിഐ ഇടപാടുകൾക്ക്‌ നിരക്ക്‌ ഇ‍ൗടാക്കാൻ മോദിസർക്കാരിനുമേൽ സമ്മർദം ശക്തിപ്പെടുത്തി.


ഇന്ത്യയുമായി തുടർന്നുവരുന്ന വ്യാപാര കരാർ ചർച്ചയിൽ യുഎസ്‌ ഇതും വിഷയമാക്കി. ഗൂഗിൾ അടക്കമുള്ള യുപിഐ ആപ് കമ്പനികളും വൻകിട സ്വകാര്യ ബാങ്കുകളും നിരക്ക്‌ ഇ‍ൗടാക്കുന്നതിനെ പിന്തുണച്ചു.

​രാജ്യത്തെ കോടിക്കണക്കായ സാധാരണ ജനങ്ങളെ വഞ്ചിച്ചുകൊണ്ട്‌ യുഎസ്‌ സർക്കാരിന്റെയും വൻകിട കുത്തകകളുടെയും സമ്മർദത്തിന്‌ കേന്ദ്രസർക്കാർ വഴങ്ങി.


യുപിഐ വഴി 2000 രൂപയ്ക്കുമേലെ നടത്തുന്ന എല്ലാ വാണിജ്യ ഇടപാടുകൾക്കും 0.4 ശതമാനം മർച്ചന്റ്‌ ഡിസ്‌ക‍ൗണ്ട്‌ നിരക്ക്‌ (എംഡിആർ) ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. 2000 രൂപയുടെ വാണിജ്യ ഇടപാടിന്‌ എട്ടു രൂപയാണ്‌ എംഡിആറായി നൽകേണ്ടത്‌. പരമാവധി 300 രൂപയായി എംഡിആർ നിജപ്പെടുത്തിയിട്ടുണ്ട്‌. വൈദ്യുതി ബിൽ, സ്‌കൂൾ ഫീസ്‌, ഇൻഷുറൻസ്‌, ആശുപത്രി ബില്ലുകൾ, ട്രെയിൻ ടിക്കറ്റ്‌ തുടങ്ങി അടിയന്തര വാണിജ്യ സേവനങ്ങൾക്ക്‌ എംഡിആർ അഞ്ചു രൂപയായി നിശ്ചയിച്ചിട്ടുണ്ട്‌. വ്യക്തികൾ പരസ്‌പരം നടത്തുന്ന ഇടപാടുകളെ ഒഴിവാക്കിയിട്ടുണ്ട്‌.


​വ്യാപാര–വാണിജ്യ സ്ഥാപനങ്ങളിൽനിന്നാകും എംഡിആർ ഇ‍ൗടാക്കുകയെന്ന്‌ സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഇ‍ൗ അധികബാധ്യത മറ്റു പല മാർഗങ്ങളിലൂടെയും ഉപയോക്താക്കൾക്കുമേൽ കച്ചവടസ്ഥാപനങ്ങൾ അടിച്ചേൽപ്പിക്കുമെന്നു തീർച്ചയാണ്‌. 2000 രൂപയ്ക്കുമുകളിലുള്ള വാണിജ്യ ഇടപാടുകൾ മൊത്തം യുപിഐ ഇടപാടുകളുടെ നാലുശതമാനം മാത്രമെന്നും സർക്കാർ അവകാശപ്പെടുന്നു.


ഇ‍ൗ നാലുശതമാനത്തിന്റെ മൂല്യം 2025–26 വർഷത്തിൽ ആകെ യുപിഐ ഇടപാടുകളുടെ 67 ശതമാനം വരുന്ന 207 ലക്ഷം കോടി രൂപയാണ്‌. വർഷം 20,000 കോടി രൂപവരെ എംഡിആറിലൂടെ ഇ‍ൗടാക്കാനാകും. യുപിഐ സംവിധാനം കൂടുതൽ വിപുലീകരിക്കാനായി ഇ‍ൗ തുക വിനിയോഗിക്കുമെന്നാണ്‌ സർക്കാർ അവകാശവാദം. എന്നാൽ, യുഎസിനും കുത്തകകൾക്കുംവേണ്ടി ഇ‍ന്ത്യയിലെ സാധാരണ ജനങ്ങൾക്കുമേൽ മറ്റൊരു ഭീമൻ ബാധ്യതകൂടി അടിച്ചേൽപ്പിക്കുകയാണ്‌ മോദിസർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home