ad
Deshabhimani

ഗുകേഷിന്റെ ലൈവ് റേറ്റിങ് 2700 ന് താഴേക്ക്

ചെസ് ഒളിമ്പ്യാഡ്: പുരുഷ ടീമിന്റെ നീക്കങ്ങൾ പാളി, മാനം കാത്ത് വനിതകൾ

GUKESH OLYMPIAD BUDAPEST
വെബ് ഡെസ്ക്

Published on Sep 18, 2026, 01:09 PM | 2 min read

ബുഡാപെസ്റ്റ്: മധ്യയൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരത്തിൽ അരങ്ങേറുന്ന 46-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ പുരുഷ ടീമിന് തുടക്കം പിഴച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ അരങ്ങേറുന്ന ഒളിമ്പ്യാഡിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമായില്ല. ആദ്യത്തെ രണ്ട് റൗണ്ടുകൾ പൂര്‍ത്തിയായപ്പോൾ രാജ്യത്തിന്റെ അഭിമാന താരമായ ലോകചാമ്പ്യൻ ഡി ഗുകേഷിന്റെ ലൈവ് റേറ്റിങ് 2700 ന് താഴേക്ക് പതിച്ചു.


ആദ്യ രണ്ട് റൗണ്ടുകളിലും റാങ്കിങ്ങിൽ പിന്നിലുള്ള ടീമുകളുമായാണ് നേര്‍ക്കു നേര്‍ പേരാടിയത്. എന്നിട്ടും തുടക്കത്തിലേ കരുതലിൽ ദുര്‍ബലത പ്രകടമായി. തായ്ലാൻഡിനെതിരെ 3-1 എന്ന മാര്‍ജിനിൽ ജയിച്ചു. രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയ്ക്ക് എതിരെ 2.5-1.5 എന്ന നേരിയ വിജയവുമാണ് നേടാനായത്.


രണ്ടാം റൗണ്ടിൽ ഗുകേഷിന്റെ നീക്കങ്ങൾ വേഗം കുരുക്കപ്പെട്ടു. ഇന്തോനേഷ്യൻ താരം സത്രിയ ദുത ചഹായയോട് സമനില വഴങ്ങി. ഇതോടെയാണ് ലോക താരത്തിന്റെ ലൈവ് റേറ്റിങ് 2699.5 ആയി കുറഞ്ഞത്. 2024 ഒക്ടോബറിൽ തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് ആയ 2794 എന്ന നിലയിലേക്ക് ഉയര്‍ന്ന താരമാണ്.


2022 സെപ്റ്റംബറിൽ 16-ാം വയസ്സിൽ 2699-ൽ നിന്ന് 2726 റേറ്റിംഗിലേക്ക് കുതിച്ചുയർന്ന ഗുകേഷ്, 2024 ഡിസംബറിൽ 18-ാം വയസ്സിൽ ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ബുഡാപെസ്റ്റ് നഗരത്തിന്റെ മനോഹാരിത പക്ഷേ താരത്തിന്റെ നീക്കങ്ങളിൽ പ്രതിഫലിച്ചില്ല.


അതേ സമയം ഇന്ത്യൻ വനിതാ ടീം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ റൗണ്ടിൽ തന്നെ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെതിരെ 4-0 ന് എന്ന നിലയിൽ പൂര്‍ണ്ണ വിജയം നേടി. രണ്ടാം റൗണ്ടിൽ ഫിൻലൻഡിന് എതിരെ 3.5-0.5 ന് എന്ന വിജയവും സ്വന്തമാക്കി. മൂന്നാം റൗണ്ടിൽ ഗ്രീസാണ് എതിരാളികൾ. പുരുഷ ടീം മൂന്നാം റൗണ്ടിൽ ഇറ്റലിയുമായാണ് നേര്‍ക്കു നേര്‍ വരുന്നത്.


ടൂര്‍ണമെന്റ് അവസാനിക്കുമ്പോഴേക്ക് ഗുകേഷ് നിലമെച്ചപ്പെടുത്തും എന്ന സൂചനകളാണ്. ജനീവയിൽ ലോക ചാമ്പ്യൻഷിപ്പിൽ ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദാരോവിനാണ് ഗുകേഷിനെ നേരിടാനിരിക്കുന്നത്. ഇതിനുള്ള മുന്നേറ്റ രംഗം കൂടിയാണ് താരത്തിന് ഹംഗറിയിലെ ഒളിമ്പ്യാ‍ഡ്.


ആകെ 11 റൗണ്ടുകളുള്ള ടൂർണമെന്റിൽ അഞ്ച് കളിക്കാരുള്ള ഓരോ ടീമിൽ നിന്നും നാല് പേർ വീതമാണ് മത്സരത്തിനിറങ്ങുന്നത്. ഓരോ ടീം വിജയത്തിനും രണ്ട് മാച്ച് പോയിന്റുകൾ വീതം ലഭിക്കും. ടൂർണമെന്റ് അവസാനിക്കുമ്പോൾ പോയിന്റുകൾ തുല്യമായി വന്നാൽ ഗെയിം പോയിന്റുകൾ കണക്കാക്കിയാകും വിജയികളെ തീരുമാനിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home