ad
Deshabhimani

എച്ച്ഐവി രോഗബാധ കുതിച്ചുയരുന്നു: ഫിജിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

hiv
വെബ് ഡെസ്ക്

Published on Sep 18, 2026, 12:47 PM | 1 min read

സുവ: ഫിജിയിൽ എച്ച്ഐവി രോഗബാധ അതിവേഗം വർധിച്ചതിനെത്തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗ പരിശോധന, പ്രതിരോധം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ശക്തമാക്കാനുള്ള നടപടികൾ രാജ്യം ആരംഭിച്ചു. എച്ച്ഐവി അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ മൂലം നവജാതശിശുക്കൾ മരണപ്പെടുന്ന സംഭവങ്ങളും രാജ്യത്ത് വർധിച്ചിരിക്കുകയാണ്.


ഫിജിയിലെ മുതിർന്നവരിൽ 60ൽ ഒരാൾക്ക് ഇപ്പോൾ എച്ച്ഐവി ബാധയുണ്ടെന്നാണ് റിപ്പോർട്ട്. അഞ്ച് വർഷം മുമ്പ് ഇത് 167ൽ ഒരാൾ എന്ന നിരക്കിലായിരുന്നു. 2025ൽ മാത്രം 2016 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 9100 ആയി ഉയർന്നു.


ലഹരിമരുന്ന് ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഒരേ സിറിഞ്ച് പലർ ഉപയോഗിക്കുന്നത് എന്നിവയാണ് എച്ച്ഐവി വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. UNAIDSന്റെ കണക്കനുസരിച്ച് ഫിജിയിൽ എച്ച്ഐവി ബാധിതരിൽ 39% പേർക്ക് മാത്രമാണ് തങ്ങൾക്ക് രോഗമുണ്ടെന്ന അറിവുള്ളൂ. 22% പേർ മാത്രമാണ് കൃത്യമായ ആന്റിറെട്രോവൈറൽ ചികിത്സ തേടുന്നത്.


രോഗവ്യാപനം പൂർണമായും നിയന്ത്രണവിധേയമാക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും എടുത്തേക്കുമെന്ന് ദേശീയ എച്ച്ഐവി പ്രതിരോധ ടാസ്ക് ഫോഴ്സ് വ്യക്തമാക്കുന്നു.


രാജ്യത്ത് ലഹരി ഉപയോഗിച്ച് ലഹരിയിലായ ഒരാളുടെ ശരീരത്തിൽ നിന്ന് രക്തമെടുത്ത് മറ്റൊരാൾ സ്വന്തം ശരീരത്തിലേക്ക് കുത്തിവെക്കുന്ന അതീവ അപകടകരമായ 'ബ്ലൂടൂത്തിംഗ്' രീതി പിന്തുടരുന്നവർ നിരവധിയാണെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഒരു സിറിഞ്ച് മാത്രം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പലർക്ക് ലഹരി പങ്കിടാം എന്നതിനാലാണ് ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്.


സുരക്ഷിതമല്ലാത്ത സിറിഞ്ച് ഉപയോഗം കുറയ്ക്കാൻ 'നീഡിൽ ആൻഡ് സിറിഞ്ച് പ്രോഗ്രാം' നടപ്പിലാക്കുമെന്നും ഇതിനാവശ്യമായ നിയമഭേദഗതികൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എച്ച്ഐവി ബാധിതർ നേരിടുന്ന സാമൂഹിക ഒറ്റപ്പെടുത്തലും അപമാനവും തടയണമെന്നും, എല്ലാവരും മുന്നോട്ടുവന്ന് പരിശോധന നടത്തണമെന്നും അധൃകൃതർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home