ad
Deshabhimani

ഏഷ്യൻ ഗെയിംസ്: മനു ഭാക്കറും തേജീന്ദർപാൽ സിംഗും ഇന്ത്യയുടെ പതാകവാഹകർ

Manu Bhaker, Tajinderpal Singh Toor

തേജീന്ദർപാൽ സിംഗ്, മനു ഭാക്കർ

വെബ് ഡെസ്ക്

Published on Sep 18, 2026, 01:33 PM | 2 min read

നഗോയ: ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കറും നിലവിലെ ഷോട്ട് പുട്ട് ചാമ്പ്യൻ തേജീന്ദർപാൽ സിംഗും ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരാകും. മനു ഭാക്കർ പതാകവാഹകരിൽ ഒരാളായിരിക്കുമെന്ന് ഇന്ത്യയുടെ ഷെഫ്-ഡി-മിഷൻ ഹദേവ് യാദവ് അറിയിച്ചു. തുടർന്ന്, തേജീന്ദർപാൽ സിംഗ് തോർ രണ്ടാമത്തെ പതാകവാഹകനാകുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.


2024-ലെ പാരീസ് ഒളിമ്പിക്‌സിൽ ഒറ്റ പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കായികതാരമായി ചരിത്രം സൃഷ്ടിച്ച താരമാണ് മനു ഭാക്കർ. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകളിലും ഷോട്ട് പുട്ടിൽ സ്വർണമെഡൽ സ്വന്തമാക്കിയ താരമാണ് തേജീന്ദർപാൽ സിംഗ്.


ഏഷ്യൻ ഗെയിംസിന്റെ ഇരുപതാം പതിപ്പിന്‌ ജപ്പാനിലെ ഐചി നഗോയയിൽ നാളെത്തുടക്കമാകും. മിസുഹോ പാർക്‌ അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം പകൽ 1.30നാണ്‌ ഒ‍ൗദ്യോഗിക ഉദ്‌ഘാടനം. ഏകദേശം 11000 കായിക താരങ്ങൾ മേളയ്‌ക്കെത്തും. ഒഫീഷ്യൽസ്‌ ഉൾപ്പെടെ എണ്ണം 17000 ആകും.


രണ്ട്‌ മണിക്കൂറായിരിക്കും ഉദ്‌ഘാടന ചടങ്ങുകൾ. ജാപ്പനീസ്‌ ചലച്ചിത്ര സംവിധായകൻ യുകിഹികോ സുറ്റ്‌സുമിയാണ്‌ ഉദ്‌ഘാടന ചടങ്ങുകളുടെ ആസ‍ൂത്രകൻ. പാരിസ്‌ ഒളിമ്പിക്‌സിനെക്കാൾ കൂടുതലാണ്‌ കായിക താരങ്ങളുടെ എണ്ണം. 45 രാജ്യങ്ങൾ. ആകെ 43 കായിക ഇനങ്ങളിലായി 469 മെഡൽ മത്സരങ്ങളാണ്‌ ഗെയിംസിൽ. ഇതിൽ ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ്‌, ടെക്‌ബോൾ തുടങ്ങിയ മത്സരങ്ങൾ ആരംഭിച്ചു.


ടെക്‌ബോൾ, മിക്‌സഡ്‌ മാർഷ്യൽ ആർട്‌സ്‌, പാഡിൽ സർഫിങ്‌, വിർച്വൽ തയ്‌ക്വൊണ്ടോ എന്നിവയാണ്‌ പുതിയ ഇനങ്ങൾ. അമ്പെയ്‌ത്ത്‌, ഹോക്കി, സെയ്‌ലിങ്‌, സ്‌ക്വാഷ്‌, ടെന്നീസ്‌, ട്രയാത്‌ലൺ എന്നീ ഏഴിനങ്ങളിലെ ജേതാക്കൾക്ക്‌ 2028 ലൊസ്‌ ആഞ്ചലസ്‌ ഒളിമ്പിക്‌സിലേക്ക്‌ നേരിട്ട്‌ യോഗ്യത കിട്ടും.


ഇന്ത്യ ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ്‌ ഇറങ്ങുന്നത്‌. ഷൂട്ടിങ്‌, അത്‌ലറ്റിക്‌സ്‌, ഗുസ്‌തി, ക്രിക്കറ്റ്‌ ഇനങ്ങളിൽ നേട്ടമുണ്ടാക്കുമെന്നാണ്‌ വിലയിരുത്തൽ. അത്‌ലറ്റിക്‌സിൽ മലയാളി താരങ്ങളായ ആൻസി സോജൻ, കെ എ അനാമിക, എം ശ്രീശങ്കർ, പി മുഹമ്മദ്‌ അഫ്‌സൽ എന്നിവരും പ്രതീക്ഷ നൽകുന്നു. അവിനാഷ്‌ സാബ്‌ലെ, തേജസ്വിൻ ശങ്കർ എന്നിവരും അത്‌ലറ്റിക്‌സിലെ പ്രധാനികളാണ്‌. ഗെയിംസിനെത്തിയ രാജ്യങ്ങളിൽ നിലവിലെ ജേതാക്കളായ ചൈനയ്‌ക്കാണ്‌ ഏറ്റവും വലിയ സംഘം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home