ad
Deshabhimani

കട്ടപ്പനയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: 3 പേര്‍ അറസ്റ്റില്‍

Kattappana murder case

കൊല്ലപ്പെട്ട കുഞ്ഞുമോൻ (ഇടത്), പിടിയിലായ പ്രതികൾ (വലത്)

വെബ് ഡെസ്ക്

Published on Sep 19, 2026, 01:26 PM | 1 min read

കട്ടപ്പന: തിരുവോണദിനത്തില്‍ കട്ടപ്പന നഗരത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശികളായ റിനു, സുരേഷ്, ബാബു എന്നിവരാണ് പിടിയിലായത്. കട്ടപ്പന സ്വദേശി കുഞ്ഞുമോനാണ്(45) കൊല്ലപ്പെട്ടത്.


ഉത്രാടദിനം രാത്രി സുരേഷിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ നാലുപേരുംചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ കുഞ്ഞുമോനെ ക്രൂരമായി മര്‍ദിച്ചു. ചവിട്ടിവീഴ്ത്തിയ ശേഷം കുഞ്ഞുമോന്റെ നെഞ്ചില്‍ തുടര്‍ച്ചയായി മര്‍ദിച്ചു. തുടര്‍ന്ന് കാലില്‍പിടിച്ച് കോണ്‍ക്രീറ്റ് പടികളിലൂടെ വലിച്ചിഴച്ച് റോഡരികില്‍ തള്ളി. പടികളില്‍ തലയിടിച്ചും ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന്‍ ഇഴഞ്ഞുനീങ്ങി സമീപത്തെ കടയുടെ വരാന്തയില്‍ കിടന്നു. പിറ്റേദിവസം രാവിലെ നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.


പോസ്റ്റ്‌മോര്‍ട്ടത്തില്‍ എട്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായും ആന്തരിക രക്തസ്രാവമുണ്ടായതായും കണ്ടെത്തിയിരുന്നു. കുഞ്ഞുമോനെ വലിച്ചിഴച്ച് കൊണ്ടുവരുന്നതുകണ്ട ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയാണ് നിര്‍ണായകമായത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും.


ജില്ലാ പൊലീസ് മേധാവി ഡോ. എ നസീമിന്റെ മേല്‍നോട്ടത്തില്‍ കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനും സംഘവുമാണ് അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home