അതിരുവിട്ട അവകാശവാദം അപകടം

മതനിരപേക്ഷ പാർടികൾക്കും സാമൂഹ്യപ്രസ്ഥാനങ്ങൾക്കും ശക്തമായ വേരോട്ടമുള്ള പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കാൻ കാരണങ്ങളിൽ പ്രധാനം, പ്രതിപക്ഷത്തെ അനൈക്യവും സ്വരച്ചേർച്ചയില്ലായ്‌മയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് മുഖ്യമായും മറുവശത്തെ ജാഗ്രതക്കുറവിന്റെ അടിസ്ഥാനത്തിലുമാണ്. തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷ കൂട്ടായ്‌മകൾക്ക് യഥാസമയം സീറ്റുധാരണയിൽ എത്തിച്ചേരാൻ കഴിയാത്തതും അവസാനഘട്ടംവരെ സൗഹൃദപ്പോര് തുടരുന്നതും ഫലത്തിൽ പ്രതിഫലിക്കുന്നു. ഇക്കാര്യം ബോധ്യമാകാൻ ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന തുടങ്ങി പ്രധാന സംസ്ഥാനങ്ങളിലെ മുൻനിയമസഭാ തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽമാത്രം മതിയാകും. കോൺഗ്രസ് നേതൃത്വത്തിന്റെ അനാവശ്യവാശിയും പക്വതയില്ലാത്ത ഇടപെടലുകളുമാണ് ഇൗ സംസ്ഥാനങ്ങളിലൊക്കെ പ്രതിപക്ഷത്തിന്റെ വിജയസാധ്യതകൾ തകർത്തത്. അടുത്തവർഷം തുടക്കത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തർപ്രദേശിൽ കോൺഗ്രസ് ഉന്നയിക്കുന്ന അതിരുവിട്ട അവകാശവാദമാണ് ഇപ്പോൾ ഇൗ രാഷ്‌ട്രീയവിഷയത്തെ പ്രസക്തമാക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ സമാജ്‌വാദി പാർടിയും കോൺഗ്രസും തമ്മിൽ മാന്യമായ ധാരണയിലെത്താൻ സാധിച്ചത് പ്രയോജനം ചെയ്‌തിരുന്നു. ബിജെപിക്ക് ശക്തമായ പ്രഹരമേൽപ്പിക്കാനും ആകെയുള്ള 80 സീറ്റിൽ 43 ഇടത്ത് ജയിക്കാനും ഇന്ത്യ കൂട്ടായ്‌മയ്‌ക്ക് കഴിഞ്ഞു; എസ്‌പിക്ക് 37, കോൺഗ്രസിന് ആറ് സീറ്റുകൾ ലഭിച്ചു. എന്നാൽ, തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എസ്‌പിയുമായി സഹകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇപ്പോഴാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 181 സീറ്റാണ് എസ്‌പിയോട് കോൺഗ്രസ് ആവശ്യപ്പെടുന്നത്. 403 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പകുതിയോളം സീറ്റുകളിൽ മത്സരിക്കണമെന്ന കോൺഗ്രസിന്റെ അവകാശവാദം അവരുടെ യഥാർഥ ശക്തിയുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 399 സീറ്റിൽ തനിച്ച് മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് 2.33 ശതമാനം വോട്ടുമാത്രമാണ്. രണ്ടിടത്തുമാത്രം ജയിച്ചു. മത്സരിച്ച 347 സീറ്റിൽ 111 ഇടത്ത് ജയിച്ച എസ്‌പിക്ക് 32 ശതമാനം വോട്ട് കിട്ടി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്‌പി–കോൺഗ്രസ് കൂട്ടുകെട്ടിന് 43.2 ശതമാനം വോട്ട് ലഭിച്ചതിൽ കോൺഗ്രസിന്റെ വിഹിതം മേൽസൂചിപ്പിച്ച കണക്കിൽനിന്ന് മനസ്സിലാക്കാം. ഇൗയിടെ യുപിയിൽ നടന്ന എംഎൽസി തെരഞ്ഞെടുപ്പിൽ 11ൽ ആറ് സീറ്റ് ബിജെപിക്കും അഞ്ച് സീറ്റ് എസ്‌പിക്കുമാണ് കിട്ടിയത്. കോൺഗ്രസ് ഇവിടെയും ചിത്രത്തിൽ വന്നില്ല. യുപിയിൽ സംഘടനാപരമായും ദൈനംദിന പ്രവർത്തനങ്ങളിലും തീരെ ദുർബലമായ കോൺഗ്രസ്, നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റ് എസ്‌പിയോട് ആവശ്യപ്പെടുന്നത് ആരെ സഹായിക്കാനാണെന്ന ചോദ്യം രാഷ്‌ട്രീയകേന്ദ്രങ്ങളിൽ ഉയരുകയാണ്.
ബിഹാറിൽ 2025ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപാട് മഹാസഖ്യത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് നിഷ്‌പക്ഷ നിരീക്ഷകരും വിലയിരുത്തിയതാണ്. ജെഡിയു–ബിജെപി സഖ്യത്തിന്റെ ദുർഭരണത്തിനെതിരെ ജനവികാരം പ്രകടമായിരുന്നു. എന്നാൽ, മുഖ്യ പ്രതിപക്ഷപാർടിയായ ആർജെഡിയോടും ഇടതുപക്ഷപാർടികളോടും നിരന്തരം കലഹിച്ചാണ് മഹാസഖ്യത്തിലെ ഘടകകക്ഷിയായ കോൺഗ്രസ് നിലകൊണ്ടത്. സ്വന്തം ശേഷിക്കുമപ്പുറത്തെ എണ്ണം സീറ്റുകൾ ആവശ്യപ്പെടുകയും കൂട്ടായ്‌മയിലെ മറ്റു പാർടികൾക്ക് നീക്കിവച്ച സീറ്റുകളിൽ മത്സരിക്കുകയും ചെയ്‌തു. കോൺഗ്രസിന് അനുവദിച്ച മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടത്താനും ശ്രമിച്ചില്ല. ഇതെല്ലാം മുതലെടുത്താണ് എൻഡിഎ ഭരണം നിലനിർത്തിയത്. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഇതേ രീതിയിൽ നിരുത്തരവാദിത്വം കാട്ടി. ഹരിയാനയിലും ഡൽഹിയിലും തനിച്ച് മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതൃത്വം ബിജെപിക്ക് വിജയം തളികയിൽവച്ച് നൽകി.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയമുണ്ടായാൽ രാജ്യസഭയിൽ ബിജെപി തനിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങാൻ വഴിയൊരുങ്ങും. രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കാൻ കാത്തിരിക്കുന്ന ബിജെപിക്ക് അതിനായി രാജ്യസഭയിൽ ഭൂരിപക്ഷം ആവശ്യമാണ്. അതുകൊണ്ടുതന്നെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ മറ്റു പാർടികളുമായി യാഥാർഥ്യബോധത്തോടെ സഹകരിക്കാൻ കോൺഗ്രസ് തയ്യാറാകുമെന്നു പ്രതീക്ഷിക്കുന്നു. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ചിന്തയാണിത്.









0 comments