print edition മണ്ണറിഞ്ഞ് മണ്ണിലേക്ക്; ഡോ. കോടോത്ത് പ്രഭാകരൻ നായർ ഇനി നനവുള്ള ഓർമ

ഡോ. കോടോത്ത് പ്രഭാകരൻ നായർ മുൻ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുൾകലാമിനൊപ്പം(ഫയൽ ചിത്രം)
പി കെ സജിത്
Published on Nov 17, 2026, 01:39 AM | 2 min read
കോഴിക്കോട്: മണ്ണിനെയറിഞ്ഞ ലോകപ്രശസ്‌ത കാർഷിക–മണ്ണ് ശാസ്‌ത്രജ്ഞൻ ഡോ. കോടോത്ത് പ്രഭാകരൻ നായർ ഇനി നനവുള്ള ഓർമ. മണ്ണിന്റെ പോഷകം നിലനിർത്തുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന സുസ്ഥിര കൃഷി സ്വീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിരന്തരം ഓർമപ്പെടുത്തിയ ശാസ്‌ത്ര ഗവേഷകനെയാണ് നഷ്ടമായത്. ഭൂഗർഭജലം രാസവളങ്ങളുടെ അവശിഷ്ടങ്ങളാൽ മലിനമാവുന്നതിൽ അദ്ദേഹം എന്നും ആശങ്കപ്പെട്ടു. ഇത് തുടർന്നാൽ വലിയ പാരിസ്ഥിതിക അപകടങ്ങൾ രാജ്യം നേരിടേണ്ടിവരുമെന്ന് നിരന്തരം ഓർമപ്പെടുത്തി. മണ്ണിലെ പോഷകങ്ങളുടെ ലഭ്യതയും വളപ്രയോഗവും ശാസ്ത്രീയമായി നിയന്ത്രിക്കാൻ ‘ന്യൂട്രിയന്റ് ബഫർ പവർ’ എന്ന ആശയം അടിസ്ഥാനമാക്കിയുള്ള വളംനിർണയരീതി ആവിഷ്‌കരിച്ചു. ജനിതകമാറ്റം വരുത്തിയ വഴുതന അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുത്തു. സുപ്രീംകോടതിയടക്കം ഇൗ വിഷയത്തിൽ പ്രഭാകരൻ നായരുടെ ഇടപെടലിനെ മാനിക്കയുണ്ടായി.
1980കളിലാണ് മണ്ണ് ശാസ്ത്രത്തിലേക്കുള്ള യാത്ര പ്രഭാകരൻ ആരംഭിച്ചത്. അത് അദ്ദേഹത്തെ ആഗോള പ്രശസ്‌തനാക്കി. സ്റ്റാൻഫഡ് സർവകലാശാലയുടെ 2024 ലെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി ഇടംനേടി.
കോയമ്പത്തൂരിലെ കാർഷിക കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1965-ൽ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഗ്രോണമിയിൽ ഡോക്ടറേറ്റും ബെൽജിയത്തിലെ ഗെന്റ് സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടി. ആറുവർഷത്തോളം ഉത്തർപ്രദേശിലെ പന്ത്നഗറിലെ കാർഷിക സർവകലാശാലയിൽ പ്രൊഫസറായി. ജർമനിയിലെ അലക്‌സാണ്ടർ വോൺ ഹംബോൾട്ട് ഫൗണ്ടേഷന്റെ സീനിയർ ഫെലോയായും പ്രവർത്തിച്ചു. ബൽജിയം റോയൽ സൊസൈറ്റിയുടെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ അധ്യക്ഷനായ ആദ്യ ഏഷ്യൻ ശാസ്ത്രജ്ഞനാണ്. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര ഇ- ബുക്ക് പുറത്തിറക്കിയതും പ്രഭാകരൻ നായരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേല പഠിച്ച ഫോർട്ട് -ഹാരെ സർവകലാശാലയിൽ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് കാർഷിക വകുപ്പ് സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ചു. കാർഷിക ഗവേഷണത്തിനുള്ള റോബർട്‌സൺ മെമ്മോറിയൽ സ്വർണമെഡൽ, സ്വദേശി ശാസ്‌ത്രപുരസ്‌കാരം തുടങ്ങിയ ബഹുമതികൾ നേടി. മണ്ണ് ശാസ്‌ത്രത്തിലെ പഠനാനുഭവങ്ങൾ വിവരിക്കുന്ന ‘ദി ലിവിങ് സോയിൽ’ അടക്കം ഇരുപതിൽപരം കൃതികൾ രചിച്ചു.
ഭാര്യയും നെമറ്റോളജിസ്റ്റുമായ ഡോ. പങ്കജം നായരോടൊപ്പം, യൂറോപ്പിലും ഏഷ്യയിലും വർഷങ്ങളോളം ആഗോള ഗവേഷണത്തിലും അധ്യാപനത്തിലും വ്യാപൃതരായി. കേരളത്തിലേക്ക് മടങ്ങിയശേഷം കോഴിക്കോട് സ്ഥിരതാമസമാക്കി.
അച്ഛൻ: കർണാടകം പൊലീസിൽ സിഐ ആയിരുന്ന പരേതനായ കാഞ്ഞങ്ങാട് സ്വദേശി പി കണ്ണൻ നായരുടെയും കോടോത്ത് പടിഞ്ഞാറേ വീട്ടിൽ നാരായണി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ കാർത്യായനി അമ്മ, ഡോ. മീനാക്ഷി അമ്മ, ഡോ. കെ പി കൃഷ്ണൻ നായർ, കെ പി രത്നാകരൻ നായർ.








0 comments