കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാരെ പുനര്‍നിയമിച്ചില്ല
എൻഎച്ച്എം ഓഫീസ് ഉപരോധിച്ച് സിഐടിയു

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പിരിച്ചുവിട്ട ജീവനക്കാർക്ക് പുനർനിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ, ജില്ലാ പ്രസിഡന്റ് എച്ച് സലാം, എന്നിവരുടെ നേതൃത്വത്തിൽ എൻഎച്ച്എം ജില്ലാ ഓഫീസ് ഉപരോധിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Nov 17, 2026, 01:52 AM | 1 min read
ആലപ്പുഴ
ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമായി എത്തിയിട്ടും പിരിച്ചുവിട്ട ജീവനക്കാർക്ക് പുനർനിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് സിഐടിയു ഉപരോധിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം, സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ജില്ലയിൽ 90 എൻഎച്ച്എം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഹൈക്കോടതിയെ സമീപിച്ച ജീവനക്കാർ നവംബര്‍ ആറിന് അനുകൂല ഇടക്കാല ഉത്തരവ് നേടി. തുടര്‍ന്ന് ആയുർവേദ, ഹോമിയോ, സിദ്ധ വിഭാഗങ്ങളിലെ ഒമ്പത് ഡോക്‍ടർമാർക്ക് പുനർനിയമനം നൽകി.
എന്നാൽ ഏഴിന് കോടതിയുത്തരവുമായി എത്തിയ യൂണിയൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഏഴുജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായില്ല. അതത് ജോലിസ്ഥലങ്ങളിൽ പിറ്റേന്ന് ഹാജരാകാനായിരുന്നു ജില്ലാ ഓഫീസിൽനിന്ന് ആദ്യം നിർദേശം നൽകിയത്.
ഇതനുസരിച്ചെത്തിയ ജീവനക്കാരെയാണ് ജോലിയിൽ പ്രവേശിപ്പിക്കാതിരുന്നത്. കോടതി ഉത്തരവിൽ വ്യക്തതയില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തുടർന്ന് പലദിവസങ്ങളിലായി അധികൃതരെ ബന്ധപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ഇതേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മറ്റു ജില്ലകളിൽ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിച്ചതായും ജീവനക്കാർ ചൂണ്ടിക്കാട്ടി.
ഇതോടെയാണ് സിഐടിയു ഉപരോധവുമായി രംഗത്തെത്തിയത്. തിങ്കള്‍ പകൽ 10.30ന് ആരംഭിച്ച സമരം 3.30 വരെ നീണ്ടു. ഒടുവിൽ കോടതി ഉത്തരവിൽ വ്യക്തത വരുത്തുകയോ എൻഎച്ച്എം സംസ്ഥാന മിഷൻ ഡയറക്ടറുടെ ഉത്തരവ് ഹാജരാക്കുകയോ ചെയ്‍താൽ പുനർനിയമനം നൽകാമെന്ന് അധികൃതർ രേഖാമൂലം ഉറപ്പുനൽകി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. ചൊവ്വാഴ്‍ച ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി ബി അശോകൻ, അജയസുധീന്ദ്രൻ, ഡി സുധീഷ്, കെ നസീമ, എസ് എം ഹുസൈൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.








0 comments