print edition ഹോസ്‌റ്റൽ ആക്രമണം ഭരണതല ഗൂഢാലോചന

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കഴിഞ്ഞദിവസമുണ്ടായ പൊലീസ് അതിക്രമത്തെ സാധാരണ സംഭവമായി കാണാനാകില്ല. ഭരണതലത്തിൽ ഗൂഢാലോചന നടത്തി യൂത്ത് കോൺഗ്രസും പൊലീസും സൃഷ്ടിച്ച സംഘർഷമാണിത്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളും യുഡിഎഫ്–ബിജെപി ഡീലും മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ ജെ ജനീഷിന്റെയും കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറന്പിൽ എംപിയുടെയും നേതൃത്വത്തിലാണ് ബുധൻ രാത്രി തീപ്പന്തങ്ങളുമായി മാർച്ച് നടന്നത്. ഇഷ്‌ടിക, കരിങ്കല്ല്, ബിയർ കുപ്പികൾ, വലിയ മരവടികൾ തുടങ്ങിയവ കൈയിലേന്തിയാണ് സംഘമെത്തിയത്. യൂത്ത് കോൺഗ്രസുകാർ കോളേജ് ഹോസ്റ്റൽ വളപ്പിലേക്ക് ബിയർ കുപ്പിയും കല്ലും തീപ്പന്തങ്ങളും എറിഞ്ഞു. തുടർന്ന് എജീസ് ഓഫീസിനുസമീപത്തെത്തി മാർച്ച് പിരിച്ചുവിട്ടശേഷം ഇതേസംഘം യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിലും ഹോസ്റ്റലിനുമുന്നിലും വലിയ തോതിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹോസ്റ്റലിലേക്ക് തുടർച്ചയായി തീപ്പന്തങ്ങളും കല്ലും കുപ്പിയും എറിഞ്ഞു. ഇൗ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് പൊലീസ് പെരുമാറിയത്. ഇതോടൊപ്പം പൊലീസ് സംഘം ഹോസ്റ്റലിലേക്ക് ഇരച്ചുകയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ചു. പൊലീസുകാരെ മുഖംമറച്ച ചിലർ നയിച്ചുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുന്നറിയിപ്പൊന്നും കൂടാതെ ലാത്തിച്ചാർജ് തുടങ്ങിയ പൊലീസുകാർ ഒട്ടേറെ വിദ്യാർഥികളുടെ തല അടിച്ചുപൊട്ടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ് തടഞ്ഞതും പൊലീസിന്റെ കൺമുന്നിലാണ്. നിയമപരമായ നടപടിക്രമങ്ങൾ മുഴുവൻ ലംഘിച്ചാണ് പൊലീസ് പ്രവർത്തിച്ചത്.
കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും യുവമോർച്ച, ബിജെപി പ്രവർത്തകർ വഴിയിൽ തടഞ്ഞ ഘട്ടങ്ങളിൽ നിഷ്‌ക്രിയത്വം പാലിച്ച പൊലീസാണ് എസ്‌എഫ്‌ഐ പ്രവർത്തകരെ അകാരണമായി ഹോസ്റ്റലിൽ കയറി തല്ലിച്ചതയ്ക്കുകയും തല അടിച്ചുപൊട്ടിക്കുകയും ചെയ്‌തത്. ബുധൻ വൈകിട്ട് മന്ത്രി കെ എം ഷാജിയെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ യുവമോർച്ചക്കാർ കാർ തടഞ്ഞ് റോഡിലേക്ക് ഇറക്കിവിട്ടിരുന്നു. ഇത് പൊലീസിനും സർക്കാരിനും വലിയ നാണക്കേടായി. പൊലീസും സർക്കാരും ഇതിന്റെ ജാള്യം മറയ്ക്കാൻ എസ്‌എഫ്‌ഐക്കെതിരെ തിരിയുകയായിരുന്നു. മന്ത്രിമാരെയും മുഖ്യമന്ത്രിയെയും വഴിയിൽ തടയുകയും കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുകയും ചെയ്യുന്ന ആർഎസ്‌എസ്–ബിജെപി പ്രവർത്തകർക്കെതിരെ പ്രതിഷേധിക്കാൻപോലും തയ്യാറാകാത്ത യൂത്ത് കോൺഗ്രസുകാർ, ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ആർഎസ്എസിനെയും ബിജെപിയെയും തൊടാൻ സതീശനും അനുയായികൾക്കും ഭയമാണ്. കേന്ദ്രത്തിനെതിരെ മിണ്ടാൻ ധൈര്യമില്ലാത്ത മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് വിദ്യാർഥികൾക്കുനേരെ അഴിഞ്ഞാടാൻ പൊലീസിനെ കയറൂരി വിട്ടത്. അമിത് ഷായ്ക്കെതിരെ ഇട്ട സമൂഹമാധ്യമ പോസ്റ്റ് മുക്കിയ മന്ത്രിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജനീഷ്.
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ വിവിധ രാഷ്ട്രീയാഭിപ്രായങ്ങളുള്ള വിദ്യാർഥികൾ കഴിയുന്ന ഇടമാണ്. അവിടേക്ക് ഭരണകക്ഷിക്കാർ തീപ്പന്തങ്ങളും കല്ലുകളും വലിച്ചെറിഞ്ഞത് അങ്ങേയറ്റം അപലപനീയവും വിപൽക്കരവുമാണ്. ക്രമസമാധാനം പാലിക്കേണ്ട പൊലീസ് യുഡിഎഫിന്റെ അടിമകളായി. ആക്രമണം അഴിച്ചുവിട്ട യൂത്ത് കോൺഗ്രസ് ഗുണ്ടകളെ തടയുന്നതിനുപകരം അവർക്ക് സംരക്ഷണം നൽകുകയാണ് പൊലീസ് ചെയ്‌തത്. യൂത്ത് കോൺഗ്രസ് നേതാക്കൾ കൽപ്പിച്ചപ്പോൾ പൊലീസ് ഹോസ്റ്റലിനുള്ളിലേക്ക് ഇരച്ചുകയറി വിദ്യാർഥികളുടെ തല തല്ലിപ്പൊളിച്ചു. ഹോസ്റ്റൽ പരിസരം പൊലീസ് ചോരക്കളമാക്കി. ആരുടെ നിർദേശപ്രകാരമാണ് ഹോസ്റ്റലിലേക്ക് പൊലീസ് പ്രവേശിച്ചത്, ലാത്തിച്ചാർജിന് ആവശ്യമായ സാഹചര്യം എന്തായിരുന്നു, വിദ്യാർഥികളുടെ തല ലക്ഷ്യമിട്ട് എന്തിന് അടിച്ചു തുടങ്ങി ചോദ്യങ്ങൾക്ക് സർക്കാർ വ്യക്തമായ മറുപടി നൽകണം. അധികാരത്തിന്റെ ബലം ഉപയോഗിച്ച് എസ്‌എഫ്‌ഐയെ ലക്ഷ്യമിടുകയാണ് പൊലീസ്. എസ്‌എഫ്‌ഐയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് രാജ്യമാകെ ലക്ഷക്കണക്കിന് വിദ്യാർഥികൾ ഇൗ പ്രസ്ഥാനത്തിലേക്ക് അണിചേരുകയാണ്. കേരളത്തിലാകട്ടെ, വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐ വൻവിജയം നേടുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കേരള, എംജി സർവകലാശാലകളിലെ കോളേജുകളിലും സംസ്ഥാനമെങ്ങും പോളിടെക്‌നിക്കുകളിലും നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐയ്‌ക്ക് ചരിത്രവിജയമാണ് ലഭിച്ചത്. എസ്‌എഫ്‌ഐയുടെ മുന്നേറ്റത്തിൽ വിറളിപൂണ്ടാണ് വി ഡി സതീശൻ സർക്കാർ പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും ഇറക്കി വേട്ടയാടുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി കോളേജിനെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്പോഴെല്ലാം ലക്ഷ്യമിടുന്നത് പതിവാണ്. സംസ്ഥാനത്തെ വിദ്യാർഥിരാഷ്ട്രീയത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിൽ മഹനീയ സ്ഥാനമുള്ള സ്ഥാപനമാണിത്. റാങ്കിങ്ങുകളിൽ ഉന്നതനിലവാരം പുലർത്തുന്ന ഇൗ കലാലയം എസ്‌എഫ്‌ഐയുടെ ശക്തികേന്ദ്രവുമാണ്. കോളേജും ഹോസ്റ്റലും ഇവിടെനിന്ന് മാറ്റണമെന്ന നിർദേശം യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴൊക്കെ തൽപ്പരകക്ഷികൾ മുന്നോട്ടുവയ്ക്കാറുണ്ട്. അപ്പോഴൊക്കെ വിദ്യാർഥികളുടെയും പുരോഗമന–ജനാധിപത്യ ശക്തികളുടെയും ഒറ്റക്കെട്ടായ പ്രതിഷേധത്തെ തുടർന്നാണ് സർക്കാരിന് പിന്നോട്ടുപോകേണ്ടിവന്നത്. ഇപ്പോഴും യൂണിവേഴ്‌സിറ്റി കോളേജിനെയും അവിടത്തെ വിദ്യാർഥികളെയും മോശമായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണ് യൂത്ത് കോൺഗ്രസ്–പൊലീസ് അഴിഞ്ഞാട്ടമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.








0 comments