Deshabhimani

പെനാൽറ്റി ഷൂട്ട‍ൗട്ടിൽ തൃശൂരിനെ തോൽപ്പിച്ചു

കൊച്ചിൻ വിജയഗാഥ

തൃശൂർ മാജിക്‌ എഫ്‌സിയുടെ സ്‌പാനിഷ്‌ മധ്യനിര താരം സെർജിയോ ഗിലിന്റെ മുന്നേറ്റം  /ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

തൃശൂർ മാജിക്‌ എഫ്‌സിയുടെ സ്‌പാനിഷ്‌ മധ്യനിര താരം സെർജിയോ ഗിലിന്റെ മുന്നേറ്റം /ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

വെബ് ഡെസ്ക്

Published on Oct 02, 2026, 12:32 AM | 1 min read

തൃശൂർ

സൂപ്പർ ലീഗ്‌ കേരളയിൽ വിജയക്കുതിപ്പ്‌ തുടർന്ന്‌ ഫോഴ്‌സ കൊച്ചി. തൃശൂരിന്റെ ഹോം ഗ്ര‍ൗണ്ടിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട‍ൗട്ടിൽ തൃശൂർ മാജിക്‌ എഫ്‌സിയെ 4– 1ന്‌ തോൽപ്പിച്ചു. തൃശൂരിന്റെ ഒരു പെനാൽറ്റി കൊച്ചിയുടെ ഗോൾകീപ്പർ ജയ്‌മി ജോയ്‌ തടുത്തു. ഒരെണ്ണം ഗോൾ പോസ്റ്റിൽ തട്ടി പുറത്ത്‌ പോകുകയും ചെയ്‌തതോടെ തൃശൂരിന്റെ വിജയമെന്ന മോഹം പൊലിഞ്ഞു. സൂപ്പർ ലീഗ്‌ കേരളയുടെ പുതിയ നിയമ പ്രകാരം കൊച്ചിക്ക്‌ രണ്ട്‌ പോയിന്റും തൃശൂരിന്‌ ഒരു പോയിന്റും ലഭിച്ചു. മഴയെത്തുടർന്ന്‌ 45 മിനിറ്റിലധികം സമയം വൈകിയാണ്‌ കളിയാരംഭിച്ചത്‌. കൂടുതൽ വിദേശതാരങ്ങളെ കളത്തിലിറങ്ങി തുടങ്ങിയ തൃശൂർ ആദ്യ മിനിറ്റ്‌ മുതൽ ആക്രമിച്ച്‌ കളിക്കാൻ തുടങ്ങി. ഇതിന്റെ പ്രതിഫലനമെന്നോളം ആദ്യ അഞ്ച്‌ മിനിറ്റിൽ കൊച്ചി നാല്‌ കോർണറുകളാണ്‌ വഴങ്ങിയത്‌. ഗോളിനായുള്ള തൃശൂരിന്റെ നിരന്തര മുന്നേറ്റങ്ങളും പ്രതിരോധിച്ചും ക‍ൗണ്ടറുകളിലൂടെയുമായി കൊച്ചിയും കളം പിടിക്കുന്നതിനിടയിൽ തൃശൂരിന്റെ വിദേശ താരം ബ്ലാഡമിർ അംഗുലോയ്‌ക്ക്‌ മോശം ആംഗ്യം കാണിച്ചതിനു റെഡ്‌ കാർഡ്‌ ലഭിച്ചു. 10 പേരായി കുറഞ്ഞിട്ടും തൃശൂരിന്റെ ആക്രമണത്തിന്‌ മുർച്ച കുറഞ്ഞില്ല. എന്നാൽ മധ്യ നിരയിലെ ഒരാളുടെ കുറവ്‌ കൊച്ചിക്ക്‌ മുന്നേറ്റത്തിന്‌ അവസരമൊരുക്കി. ഇതിനിടയിൽ വിജയം ഉറപ്പിക്കാൻ 80ാം മിനിറ്റിൽ കൊച്ചിക്ക്‌ ലഭിച്ച സുവർണാവസരം ദിൽജിത്‌ നഷ്ടമാക്കി. രാഹുൽ നൽകിയ അളന്ന്‌ മുറിച്ചുള്ള പാസ്‌ ഗോൾ കീപ്പറെ മറികടന്ന്‌ എത്തി. ഒന്ന്‌ തൊട്ടാൽ മാത്രം മതിയായിരുന്നു. എന്നാൽ രാഹുലിന്റെ അടി അവിശ്വസനിയമായി പുറത്തേക്ക്‌ പോയി. 90 മിനിറ്റിനുശേഷം പെനാൽറ്റിയിലേക്ക്‌ നീങ്ങിയ കളിയിൽ കൊച്ചി അർഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home