യാത്രാദുരിതത്തിന് പരിഹാരം കണ്ട് പെൻഷനേഴ്‌സ് യൂണിയൻ

പെൻഷനേഴ്സ് യൂണിയൻ പൂതൃക്ക യൂണിറ്റ് തമ്മാനിമറ്റം പുളിന്താനത്തുകുടി ഭാഗത്ത് താമസിക്കുന്നവർക്കുവേണ്ടി നിർമിച്ച പാത പ്രൊഫ. എ ജെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
സഞ്ചാരസൗകര്യമില്ലാതെ ദുരിതത്തിലായിരുന്ന അഞ്ച് കുടുംബങ്ങൾക്ക് തണലായി പെൻഷനേഴ്‌സ് യൂണിയൻ പൂതൃക്ക യൂണിറ്റ്. പൂതൃക്ക പഞ്ചായത്തിലെ ഏഴാംവാർഡ് തമ്മാനിമറ്റത്ത്, പുളിന്താനത്തുകുടി ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളുടെ യാത്രാദുരിതത്തിനാണ് പെൻഷനേഴ്‌സ് യൂണിയൻ പരിഹാരം കണ്ടത്. 100 അടി നീളവും 28 അടി ഉയരവുമുള്ള ചെങ്കുത്തായ ഒറ്റയടിപ്പാതയിലൂടെ കുറ്റിയടിച്ച് കയർ കെട്ടിയാണ് യാത്ര ചെയ്തിരുന്നത്. ഇവരുടെ ദുരിതം നേരിട്ടറിഞ്ഞ യൂണിയൻ ഇവർക്കായി പുതിയ പാത നിർമിച്ച് നൽകുകയായിരുന്നു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഫിസിക്‌സ് വിഭാഗം മുൻ മേധാവിയും യൂണിയൻ അംഗവുമായ പ്രൊഫ. എ ജെ എബ്രഹാം മുൻകൈയെടുത്താണ് പദ്ധതി നടപ്പാക്കിയത്. മൂന്നര അടി വീതിയിൽ സ്റ്റീൽ പൈപ്പുകൾകൊണ്ട് സുരക്ഷിതമായ കൈവരികൾ നിർമിച്ച് പാത സഞ്ചാരയോഗ്യമാക്കി. പ്രൊഫ. എ ജെ എബ്രഹാം ഉദ്ഘാടനം ചെയ്തു. പി കെ ബാലൻകർത്ത അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി, വാർഡ് അംഗം ഷിഞ്ജുമോൾ പി മാത്യു, പി വി ജോൺ, എം എൻ കൃഷ്ണൻ, ജോസ് വി ജേക്കബ്, സി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments